തിരുവനന്തപുരം: മലയോരമേഖലയിൽ കർഷകർ ദുരിതത്തിൽ
text_fieldsകാട്ടാക്കട: ശനിയാഴ്ച രാത്രി മുതൽ തുടങ്ങിയ കനത്ത മഴയിൽ മലയോരഗ്രാമങ്ങളിലും വനമേഖലയിലും വൻ ദുരിതം. അരുവികളും നീര്‍ചാലുകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. വെള്ളം കയറി ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളില്‍ വ്യാപക നാശമുണ്ടായി. വാഴ, മരച്ചീനി, ഇഞ്ചി, വിവിധയിനം പച്ചക്കറികൃഷികൾ എന്നിവ വെള്ളത്തിനടിയിലായി. പല സ്ഥലങ്ങളിലും വീടുകൾക്കും ചെറിയതോതിൽ നാശനഷ്ടമുണ്ടായി. നെയ്യാർഡാമിൽ ജലനിരപ്പ് ഉയർന്നു. നാല് ഷട്ടറുകളും 70 സെന്റിമീറ്റര്‍ വീതം ഉയർത്തി.
കുറ്റിച്ചൽ, നിലമ, കാരിയോട്, പരുത്തിപ്പള്ളി, പേഴുംമൂട്, ഉത്തരംകോട്, കോട്ടൂർ, വാഴപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും തോടുകൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മലയോരമേഖലകളിലെ മിക്ക പ്രദേശത്തെ വീടുകളിലെ കിണറുകളും നിറഞ്ഞു.
കോട്ടൂർ അഗസ്ത്യവനപ്രദേശത്ത് നീർച്ചാലുകളിൽ ഉൾപ്പെടെ ശക്തമായ നീരൊഴുക്കായതോടെ വനപ്രദേശം ഒറ്റപ്പെട്ടു. വനത്തിനുള്ളിലെ റോഡുകളിലെല്ലാം വെള്ളം നിറഞ്ഞ് തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്.
കിളിമാനൂരിൽ കനത്തനാശനഷ്ടം
കിളിമാനൂർ: കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന മഴയിൽ കിളിമാനൂർ മേഖലയിൽ കനത്ത നാശനഷ്ടം. വാമനപുരം നദി ഉൾപ്പെടെ പ്രദേശത്തെ നദികളും തോടുകളുമെല്ലാം നിറഞ്ഞുകവിഞ്ഞു. പാടങ്ങൾ വെള്ളത്തിനടിയിലാണ്. കാരേറ്റ് ക്രിസ്ത്യൻ പള്ളിക്ക് സമീപത്തെ വീടിന്റെ താഴത്തെനില പൂർണമായി വെള്ളത്തിനടിയിലായി. പഴയകുന്നുമ്മൽ പഞ്ചായത്തിലെ കാനാറ സമത്വതീരം ശ്മശാനം റോഡിലേക്ക് മണ്ണിടിഞ്ഞുവീണു.
രാവിലെ 10 ഓടെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാനെത്തിയവർക്ക് സ്ഥലത്തെത്താനാവാതെ മണിക്കൂറുകളോളംകാത്തു നിൽക്കേണ്ടി വന്നു. പഴയകുന്നുമ്മൽ അടയമൺ വടശ്ശേരികോണത്ത് റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. അടയമൺ, പുല്ലയിൽ, നഗരൂർ, വെള്ളല്ലൂർ, കീഴ്പേരൂർ, ഈഞ്ചമൂല പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.