ഇത് റമ്പൂട്ടാനല്ല, പുലാസൻ
text_fieldsഇത് റമ്പൂട്ടാനല്ലേ?... എന്ന് ആദ്യ കാഴ്ചയിൽ തന്നെ ചോദിക്കുന്ന റമ്പൂട്ടാന്റെ ഒരു അപരൻ പഴമാണ് പുലാസൻ. വിദേശിയായ പുലാസൻ കേരളത്തിലും നന്നായി വളരും. റമ്പൂട്ടാൻ, ലിച്ചി എന്നീ പഴങ്ങളേക്കാൾ അതിമധുരവും നേരിയ പുളിപ്പുമാണ് പുലാസന്റെ പ്രത്യേകത. സാപ്പിൻഡേസ്യേ എന്ന സോപ്പ്ബെറി കുടുംബത്തിൽപ്പെട്ടതാണ് പുലാസൻ. പുലാസ് എന്ന മലായ് വാക്കിൽനിന്നാണ് പുലാസൻ എന്ന പേരുവന്നത്.
കുലകുത്തിയാണ് ഇതിൽ പഴങ്ങളുണ്ടാവുക. ഓരോ കുലകളിലും 10 മുതൽ പഴങ്ങളുണ്ടാകും. റമ്പൂട്ടാനെപ്പോലെത്തന്നെ ചെറിയ മുള്ളുപോലെയാണ് കായ്കളുടെ പുറം ഭാഗം. പുറംതോടിന് നല്ല ചുവപ്പുനിറമായിരിക്കും. അകത്തെ വെളുത്ത നിറത്തിലുള്ള മൃദുലമായ ഭാഗമാണ് ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കുക. വളക്കൂറും നീർവാഴ്ചയുമുള്ള മണ്ണിൽ പുലാസൻ വളരും. അലങ്കാര വൃക്ഷമായി ചെടിത്തോട്ടത്തിലും പുലാസൻ നട്ടുവളർത്തും. 10- 15 അടി ഉയരത്തിൽ ശാഖകളും ഉപശാഖകളുമായാണ് ചെടി വളരുക. ബഡ്ഡിങ്ങിലൂടെ ഉൽപാദിപ്പിച്ച തൈകൾ നടുന്നതാണ് വേഗത്തിൽ പഴങ്ങളുണ്ടാകാൻ നല്ലത്. എല്ലുപൊടിയും ചാണകപ്പൊടിയും അടിവളമായി നൽകി തൈകൾ നടാം. പിന്നീട് ഇടക്കിടെ ജൈവവളങ്ങൾ നൽകുന്നത് ചെടികൾ വേഗത്തിൽ വളരാനും പൂവിടാനും സഹായിക്കും. ബഡ് തൈകൾ മൂന്നാംവർഷം മുതൽ കായ്ച്ചുതുടങ്ങും. ജനുവരി -ഫെബ്രുവരി മാസങ്ങളിലാണ് കായ്കളുണ്ടാകുക. ജൂൺ-ജൂലൈ മാസങ്ങളിൽ വിളവെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.