അടുക്കളമുറ്റത്തെ കോഴികളിൽ തൊണ്ടവിരബാധ
text_fieldsഅടുക്കളമുറ്റത്ത് ചിക്കിയും ചികഞ്ഞും തീറ്റതേടുന്ന കോഴികൾ ചിലപ്പോൾ തൊണ്ടയിൽ എന്തോ തടഞ്ഞതുപോലെ ലക്ഷണങ്ങൾ കാണിക്കുന്നതും കൊക്ക് തുറന്നു പിടിച്ച് ആയാസപ്പെട്ട് ശ്വസിക്കുന്നതും അസ്വസ്ഥതകൾ കാണിക്കുന്നതും ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കാം.
കോഴികളിൽ വ്യാപകമായി കാണുന്ന ഒരിനം ഉരുണ്ട വിരബാധയുടെ ലക്ഷണങ്ങളാണ് ഇവയെല്ലാം. സിങ്കമസ് ട്രക്കിയെ എന്നറിയപ്പെടുന്ന ഈ വിരകൾ കോഴികളുടെ തൊണ്ടക്കുഴിയിൽ വാസമുറപ്പിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കുക. ക്രമേണ ശ്വാസനാളികളിലേക്ക് കടന്നുകയറും.
തൊണ്ടവിര ബാധിച്ച കോഴികൾ വാപിളർന്ന് അസ്വസ്ഥകൾ കാണിക്കുന്നതിനാൽ ഗേപ്പ് വേം എന്ന പേരും ഈ വിരകൾക്കുണ്ട്. പുരയിടത്തിൽ അഴിച്ചുവിട്ട് വളർത്തുന്ന താറാവുകളിലും ടർക്കിക്കോഴികളിലും ഗിനിക്കോഴികളിലുമെല്ലാം ഈ വിര ശല്യം കാണാറുണ്ട്.
വിരബാധിച്ച പക്ഷികളുടെ കാഷ്ഠത്തിലൂടെ വിരയുടെ മുട്ടകൾ പുറത്തുവരും. വിരമുട്ടക്കുള്ളിൽ വികസിക്കുന്ന ലാർവകൾ ക്രമേണ മണ്ണിര, ഒച്ച്, പാറ്റ തുടങ്ങിയ ജീവികളുടെ ശരീരത്തിൽ കടന്നുകയറുകയും വാസമുറപ്പിക്കുകയും ചെയ്യും. മുറ്റത്തും പറമ്പിലും ചിക്കിച്ചികഞ്ഞുള്ള ഇരതേടലിനിടെ വിരലാർവകളുടെ മധ്യവാഹകരായ മണ്ണിരകളെയും ഒച്ചുകളെയുമെല്ലാം തീറ്റയാക്കുന്നത് വഴിയാണ് കോഴികളിലേക്ക് വിരകൾ എത്തുന്നത്.
ലക്ഷണങ്ങൾ കാണിക്കുന്ന പക്ഷികളുടെ കൊക്ക് തുറന്നു നോക്കിയാൽ തൊണ്ടയിൽ വിരയെ ചുവന്ന നിറത്തിൽ കാണാം.
എങ്ങനെ പ്രതിരോധിക്കാം
രോഗലക്ഷണങ്ങൾ കണ്ടാൽ ആൽബൻഡസോൾ, ഫെൻബൻഡസോൾ, പൈറാന്റൽ, മെബൻഡസോൾ, ഐവർമെക്ടിൻ തുടങ്ങി ഉരുണ്ടവിരകൾക്കെതിരെ മരുന്നുകൾ കോഴികൾക്ക് നൽകാം. മരുന്നുകളും അവയുടെ ക്രമവും അളവും കൃത്യമായി നിർണയിക്കാൻ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.
വിരമരുന്ന് ലക്ഷണങ്ങൾ പ്രകടിപ്പിച്ചവക്ക് മാത്രമല്ല കൂട്ടത്തിലുള്ള എല്ലാ കോഴികൾക്കും ഒരേ സമയം നൽകാൻ ശ്രദ്ധിക്കണം. വെളുത്തുള്ളി ചതച്ച് നീര് നൽകുന്നത് തൊണ്ടവിരകളെ നശിപ്പിക്കാനുള്ള നാടൻ വിദ്യയാണ്. ഓരോ തവണ വിരയിളക്കുമ്പോഴും വിരകൾ എല്ലാം നശിക്കുമെങ്കിലും നീണ്ടുനിൽക്കുന്ന പ്രതിരോധശേഷി നൽകാൻ വിരമരുന്നുകൾക്ക് കഴിയില്ല.
അതിനാൽ അഴിച്ചുവിട്ട് വളർത്തുന്ന കോഴികളിൽ രണ്ടു മാസത്തിൽ ഒരിക്കൽ ശരീരതൂക്കമനുസരിച്ച് മേൽ പറഞ്ഞ മരുന്നുകളിൽ ഏതെങ്കിലും നേരിട്ടോ കുടിവെള്ളത്തിൽ കലക്കിയോ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.