ഇന്ന് ലോക നാളികേര ദിനം; അറിയാം നാളികേര മേഖലയെക്കുറിച്ച്
text_fieldsകേരവൃക്ഷങ്ങളുടെ നാടാണല്ലോ കേരളം. എന്നാൽ കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായുള്ള പ്രധാന പ്രശ്നം അനുദിനം കുറഞ്ഞു വരുന്ന തെങ്ങുകളുടെ എണ്ണവും, തെങ്ങിൻ തോട്ടത്തിന്റെ വിസ്തൃതിയുമാണ്. കഴിഞ്ഞ 10 വർഷത്തെ കണക്കു പരിശോധിച്ചാൽ വിസ്തൃതിയിൽ ഏകദേശം ഒരു ലക്ഷം ഹെക്ടറിന്റെ കുറവു വന്നതായി കാണാം. രോഗംബാധിച്ചും മറ്റും നശിച്ചു പോയ തെങ്ങുകൾക്ക് പകരം നല്ല തൈകൾ നട്ടു വളർത്താൻ നാം വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല. ഓരോ പ്രദേശത്തും ആവശ്യമായ ഗുണമേന്മയുള്ള തെങ്ങിൻ തൈയുടെ അഭാവമാണ് തെങ്ങു കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. അത്യുൽപാദനശേഷിയുള്ള പല ഇനങ്ങളും ഗവേഷണസ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവയുടെ സുലഭമായ ലഭ്യത ഉറപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ട് സെപ്റ്റംബർ 2–ാം തീയതി ലോകനാളികേരദിനം ആഘോഷിക്കുന്നു. 2023 ലെ ലോക നാളികേര ദിനത്തിന്റെ പ്രമേയം 'വര്‍ത്തമാന - ഭാവി തലമുറയ്ക്കായി നാളികേര മേഖലയെ സുസ്ഥിരമാക്കുക' എന്നതാണ്. സംസ്ഥാന കൃഷി-ഹോര്‍ടികള്‍ചര്‍ വകുപ്പുകള്‍, സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവയുടെ സഹകരണത്തോടെ രാജ്യത്തുടനീളമുള്ള നാളികേര വികസന ബോര്‍ഡിന്റെ എല്ലാ പ്രാദേശിക ഓഫീസുകളിലും സംസ്ഥാന കേന്ദ്രങ്ങളിലും വിത്തുല്‍പാദന പ്രദര്‍ശന തോട്ടങ്ങളിലും ലോക നാളികേര ദിനം ആഘോഷിക്കുന്നത്.
2009-ൽ ഏഷ്യൻ ആൻഡ് പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി (എ.പി.സി.സി) ആണ് ലോക നാളികേര ദിനത്തെ ശ്രദ്ധേയമാക്കിയത്. ഏഷ്യ-പസഫിക് മേഖലയിലെ നാളികേരം ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തർ സർക്കാർ സ്ഥാപനമാണ് എ.പി.സി.സി.
1988ൽ തേങ്ങയ്ക്കുണ്ടായ വന്‍ വിലയിടിവു കാരണം കർഷകർക്ക് വരുമാനം തീരെ കുറഞ്ഞ അവസ്ഥ വന്നു. അതോടെ കർഷകർക്ക് തെങ്ങുകൃഷിയിൽ താൽപര്യം ഇല്ലാതായി. ഇങ്ങനെ തെങ്ങുകൃഷിയും, അതിനോടു അനുബന്ധപ്പെട്ട പ്രതിസന്ധി നേരിടാന്‍ തുടങ്ങി. തെങ്ങിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് സെപ്റ്റംബർ രണ്ടിന് ലോകനാളികേര ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1969 സെപ്തംബർ 2 ന് സ്ഥാപിതമായ എ.പി.സി.സിയുടെ സ്ഥാപക ദിനത്തിന്റെ സ്മരണയ്ക്കായാണ് ലോകമെങ്ങും സെപ്തംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നത്.
24–ാം നാളികേരദിനമാചരിക്കുന്ന എടുത്ത് പറയേണ്ട പ്രധാന മാറ്റം ഉൽപാദനക്ഷമതയിൽ ഈ അടുത്തകാലത്തുണ്ടായ ഗണ്യമായ വർധനയാണ്. കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കേരളത്തിലെ ഉൽപാദനക്ഷമത മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. ഇത് ആഭ്യന്തര വിപണിയിൽ തേങ്ങയുടെ ലഭ്യത കൂടാൻ ഇടയാക്കി. ഈ നാളികേര ദിനത്തിൽ തെങ്ങ് നട്ടുവളർത്താനും, പരിപാലിക്കാനും വ്യവസായ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനും നമുക്കു ശ്രദ്ധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.