റാഗി കൃഷിയിൽ നൂറുമേനിയുമായി ആദിവാസികൾ
text_fieldsഅടിമാലി: ഇടുക്കി മതികെട്ടാൻ ചോലയുടെ താഴ് വരയിൽ റാഗി കൃഷിയിൽ നൂറുമേനി വിളയിച്ച് ആദിവാസി കർഷകർ. മൂന്നാം വർഷമാണ് ഇവർ മികച്ച രീതിയിൽ റാഗി വിളവെടുക്കുന്നത്. ഇടുക്കി ശാന്തൻപാറ ആട് വിളാന്താൻ ആദിവാസി കുടിയിലെ മുതുവാൻ ഗോത്ര സമൂഹമാണ് പത്ത് ഏക്കറിൽ റാഗി കൃഷി ചെയ്യുന്നത്.
തരിശായി കിടന്ന മലനിരകളിലെ റാഗി കൃഷി നയനമനോഹര കാഴ്ചയാണ്. കേരള - തമിഴ്നാട് അതിർത്തി പ്രദേശമായ ബോഡിമെട്ടിന് സമീപവും ദേശീയ ഉദ്യാനമായ മതികെട്ടാൻ ചോലയുടെ താഴ് വരയിലുമായാണ് കൃഷി സ്ഥലം.
എസ്.പി വെങ്കിടാചലത്തിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം കർഷകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് റാഗി കൃഷി പുനരാരംഭിച്ചത്. നീലവാണി, ചൂണ്ടക്കണ്ണി, ഉപ്പ്മെല്ലിച്ചി, പച്ചമുട്ടി, ചങ്ങല തുടങ്ങിയ വിത്തിനങ്ങളാണ് കൃഷിചെയ്ത് വരുന്നത്. ഇരുപതിലധികം വിത്തിനങ്ങൾ ഉണ്ടായിരുന്നതിൽ പലതും നഷ്ടപ്പെട്ടു. ശാന്തൻപാറ കൃഷി വകുപ്പിന്റെ സഹായവും കൃഷിക്കുണ്ട്. ആറ് മാസം കൊണ്ട് പാകമാകുന്ന റാഗിയുടെ വിളവെടുപ്പ് നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ്.
ഈ വർഷം മുതൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാനാണ് തീരുമാനം. ശക്തമായ മഞ്ഞും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ആർ. ജയൻ, കൃഷി ഓഫിസർ ബിനിത എന്നിവർ വിളവെടുപ്പ് ഉദ്ഘാടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.