ക്രിസ്മസ്; ടർക്കി കൃഷ്ണന്‍കുട്ടിക്ക് വരുമാനം
text_fieldsവിപണിയും വരുമാനവും കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുള്ള സീസണ് മുന്‍കൂട്ടിക്കണ്ട് വിത്തിറക്കുകയാണ് കൃഷിയിൽ എപ്പോഴും ആദായകരം. ടര്‍ക്കിക്കോഴി കൃഷിയുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. ക്രിസ്മസ് കാലം മുതല്‍ പുതുവര്‍ഷം വരെ നീളുന്നതാണ് കേരളത്തിൽ ടര്ക്കിമാംസത്തിന്റെ പ്രധാന വിപണി.
ഈ സാധ്യതയും വിപണിയും മുന്‍കൂട്ടിക്കണ്ട് ടര്‍ക്കി കൃഷി നടത്തി വരുമാനം കണ്ടെത്തുന്ന കര്‍ഷകനാണ് മലപ്പുറം വട്ടംകുളം സ്വദേശി പൂന്തോട്ടത്തില്‍ കൃഷ്ണന്‍കുട്ടി. തപാല്‍വകുപ്പില്‍ ജീവനക്കാരനായ അദ്ദേഹം ഒഴിവുവേളകൾ മാറ്റിവെച്ചാണ് ടര്‍ക്കി കൃഷി നടത്തുന്നത്.
2008ല്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിയ ടര്‍ക്കി വളര്‍ത്തല്‍ പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഒരാളായതോടുകൂടിയാണ് കൃഷ്ണന്‍കുട്ടി ഈ കൃഷിയിലേക്ക് തിരിയുന്നത്. അന്ന് കിട്ടിയ 20 ടര്ക്കിക്കുഞ്ഞുങ്ങളില് നിന്നായിരുന്നു ആരംഭം.
തുടര്‍വര്‍ഷങ്ങളിലും ടർക്കിക്കുഞ്ഞുങ്ങളെ സ്വന്തമായി വാങ്ങി വളര്‍ത്തിവലുതാക്കി വില്പന തുടങ്ങി. വർഷങ്ങൾക്കിപ്പുറം ഇന്ന് വിപുലമായ കൂട് ഉള്‍പ്പെടെ ടര്‍ക്കി വളര്‍ത്തലിന് വേണ്ടതെല്ലാം കൃഷ്ണന്‍കുട്ടിക്ക് സ്വന്തമായുണ്ട്. ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവര്ഷവിപണി കണക്കാക്കി 150ഓളം ടർക്കികളെയാണ് കൃഷ്ണൻകുട്ടി പരിപാലിക്കുന്നത്.
മൃഗസംരക്ഷണവകുപ്പിന്റെ ഏക ടര്‍ക്കി ഫാമായ കൊല്ലം കുരീപ്പുഴ ജില്ല ടര്‍ക്കി ഫാമില്‍നിന്ന് ഇക്കഴിഞ്ഞ മേയിൽ ഒരു മാസം പ്രായമെത്തിയ കുഞ്ഞുങ്ങളെ എത്തിച്ചാണ് വളര്‍ത്തിത്തുടങ്ങിയത്. ടര്ക്കിക്കുഞ്ഞ് ഒന്നിന് 150 രൂപയാണ് വില. ഒരു മാസം പ്രായത്തില്‍ 300 -350 ഗ്രാം വരെയാണ് തൂക്കം. വെളുപ്പിന്റെ തൂവല്‍ ഭംഗിയും, അതിനൊത്ത ആകാരവും മുഖത്ത് ചെഞ്ചുവപ്പന്‍ താടയും തൊങ്ങലുമെല്ലാമുള്ള ബ്രോഡ് ബ്രെസ്റ്റഡ് ലാര്‍ജ് വൈറ്റ് എന്ന ടർക്കി ഇനമാണ് കൃഷ്ണന്‍കുട്ടിയുടെ ഫാമിൽ കൂടുതലുള്ളത്.
ബ്രോഡ് ബ്രെസ്റ്റഡ് ബ്രോണ്‍സ്, വൈറ്റ് ഹോളണ്ട് എന്നീ രണ്ടിനങ്ങളുടെ സങ്കരയിനമായ ഈ ടര്‍ക്കി ജനുസ്സിന് വളര്‍ച്ചനിരക്കും ചൂടിനെ താങ്ങാനുള്ള ശേഷിയും കൂടുതലാണ്. ബ്രൂഡിങ്, വാക്സിനേഷന് തുടങ്ങിയ കാര്യങ്ങൾ നൽകിയതിനു ശേഷമാണ് ഹാച്ചറിയിൽനിന്ന് കുഞ്ഞുങ്ങളെ എത്തിക്കുന്നത്. പിടകളെയും പൂവന്മാരെയും മാംസത്തിനായി ഒരുമിച്ചാണ് വളര്‍ത്തുന്നത്.
എന്തും തിന്നും
വളര്‍ച്ചയുടെ തുടക്കത്തില്‍ ബ്രോയിലര്‍ കോഴിക്ക് നല്കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റയും മൂന്ന് -മൂന്നര മാസംവരെ ബ്രോയിലർ കോഴികളുടെ ഗ്രോവർ തീറ്റയും നല്‍കാം. പിന്നീട് പുല്ല്, പഴം-പച്ചക്കറി അവശിഷ്ടങ്ങള്‍, ധാന്യങ്ങള്‍, ധാന്യത്തവിട് എന്നിവയെല്ലാം കൂടുതലായി നല്‍കാം. തീറ്റ ഏതുനൽകിയാലും അതെല്ലാം ഒരു തരിപോലും ബാക്കിവെക്കാതെ കഴിച്ച് കൊളസ്ട്രോൾ കുറഞ്ഞ മികച്ച മാംസമായി മാറ്റുന്നതില്‍ പ്രത്യേകം കഴിവുള്ള പക്ഷികളാണ് ടര്‍ക്കികള്‍.
ദിവസം മൂന്നുനേരമാണ് കൃഷ്ണന്‍കുട്ടി തന്റെ ടർക്കി പക്ഷികള്‍ക്ക് തീറ്റ നല്‍കുന്നത്. തീറ്റയുടെ സമയമാകുമ്പോള്‍ ടക്ക്, ടക്ക് ശബ്ദമുണ്ടാക്കി ബഹളം തുടങ്ങും. ഖരാഹാരമായി പ്രധാനമായും നല്‍കുന്നത് ചോളത്തവിടും കന്നുകാലി പെല്ലറ്റുമാണ്. കന്നുകാലി പെല്ലറ്റ് ടര്‍ക്കിക്ക് കൊടുക്കാമോ എന്ന സംശയും പലര്‍ക്കുമുണ്ടാവും. എന്നാല്‍, ഈ തീറ്റയെയെല്ലാം ദഹിപ്പിക്കാനുള്ള കഴിവ് ടര്ക്കിക്കുണ്ട്.
ഇപ്പോള്‍ എട്ടു മാസം പ്രായമായ 150 ടര്‍ക്കികള്‍ക്ക് ഒരു ദിവസം പെല്ലറ്റ്, ചോളത്തവിട് എന്നിവ ഉള്‍പ്പെടെ 60 -70 കിലോയോളം സാന്ദ്രീകൃത തീറ്റ വേണ്ടിവരും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം നാടന്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത ചോറും പ്രത്യേകം നല്‍കും. തീറ്റപ്രിയരായ ടര്‍ക്കികളുടെ വിശപ്പ് മാറ്റി വയറുനിറക്കാന്‍ അളന്നുനല്കുന്ന ഈ ഖരാഹാരംകൊണ്ട് മാത്രം കഴിയില്ല. പുല്ലും ഇലകളും സാന്ദ്രീകൃത തീറ്റക്കൊപ്പം അരിഞ്ഞുനൽകിയാൽ അവ അതെല്ലാം ആവേശത്തോടെ തിന്നുതീര്‍ക്കും.
നേപ്പിയര്‍ പോലുള്ള ഗുണമേന്മയുള്ള പുല്ലുകളും വാഴയിലയുമെല്ലാം ടര്‍ക്കിയുടെ പ്രിയ തീറ്റയാണ്. കടകളില്‍നിന്ന് ശേഖരിക്കുന്ന പച്ചക്കറി -പഴം അവശിഷ്ടങ്ങളും ടര്‍ക്കികള്‍ക്ക് കൃഷ്ണന്‍കുട്ടി നല്‍കുന്നുണ്ട്. ധാരാളം വെള്ളവും ടര്ക്കിക്കൂട്ടത്തിന് വേണം.
വിപണി ഉറപ്പാക്കണം
വാങ്കോഴി എന്നാണ് കേരളത്തിൽ ടർക്കിക്കോഴിക്ക് വിളിപ്പേര്. എട്ടുമാസം പ്രായമെത്തുന്നതോടെ പിട ടര്‍ക്കികള്‍ക്ക് ശരാശരി 8 -9 കിലോ വരെ തൂക്കമുണ്ടാവും; പൂവന് 10 -12 കിലോയും. കിലോക്ക് 350 -400 രൂപ വരെ വിലകിട്ടും. തീറ്റച്ചെലവ് കഴിച്ചാലും ഒരു ടർക്കിയിൽനിന്ന് 1500 രൂപ വരെ ലാഭം പ്രതീക്ഷിക്കാം. മുന്‍കൂട്ടി വിപണി കണ്ടെത്തുന്നതില്‍ പ്രത്യേകം ശ്രദ്ധവേണം. സ്ഥിരമായ വിപണി കേരളത്തില്‍ ടര്‍ക്കി മാംസത്തിന് ഇല്ല.
2008ല്‍ ടര്‍ക്കി കൃഷി തുടങ്ങാന്‍ പ്രചോദനം നല്കിയ വട്ടംകുളം പഞ്ചായത്തിലെ വെറ്ററിനറി സര്‍ജനായിരുന്ന ഡോ. വി.കെ.പി. മോഹന്‍കുമാർ ഇപ്പോഴും ഉപദേശനിർദേശങ്ങളുമായി കൂടെയുണ്ട്. ആശാവർക്കർ കൂടിയായ ഭാര്യ മല്ലികയും മക്കളായ ശരത്തും ശ്യാമും പിന്തുണയുമായി കൃഷ്ണൻകുട്ടിയുടെ ഒപ്പമുണ്ട്. കൃഷ്ണൻകുട്ടിയുടെ മൊബൈൽ -99464 77209
വിരിപ്പുരീതിയിൽ വളർത്തൽ, കുളിച്ചു മേനിമിനുക്കുന്ന ടർക്കികൾ
കോൺക്രീറ്റ് ചെയ്ത തറയിൽ അറക്കപ്പൊടി വിരിച്ച് ഡീപ് ലിറ്റര്‍ രീതിയിലുള്ള കൂടും, പകല്‍ മേയാന്‍ കൂടിനോട് ചേര്‍ന്ന് കമ്പിവലയിട്ട് തിരിച്ച ഷെല്‍ട്ടറും ഒരുക്കി ആകെ 10 സെന്റ് സ്ഥലത്താണ് കൃഷ്ണൻകുട്ടി ടര്‍ക്കികളെ പരിപാലിക്കുന്നത്. അറക്കപ്പൊടി മാസത്തില്‍ രണ്ടുതവണ മാറ്റി പുതിയ വിരിപ്പ് വിരിക്കും. ടര്‍ക്കികളുടെ കാഷ്ഠവുമായി ചേർന്ന അറക്കപ്പൊടി ഒന്നാംതരം ജൈവവളമാണ്. രോഗപ്രതിരോധം കൂടുതലുള്ള പക്ഷികളാണ് ടര്‍ക്കികള്‍. ചൂടിനോടും, തണുപ്പിനോടുമെല്ലാം അസാമാന്യപ്രതിരോധവുമുണ്ട്.
നായ്, കീരി തുടങ്ങിയ ഇരപിടിയന്മാര് ആക്രമിക്കാനെത്തിയപ്പോള്‍ കൂര്‍ത്ത കൊക്കുകൊണ്ട് കുത്തിയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയും അവരെ ഭയപ്പെടുത്തി പ്രത്യാക്രമണത്തിന് മുതിരാനും ടര്ക്കിപ്പടക്ക് ഭയമില്ല. അച്ചടക്കത്തിന്റെ കാര്യത്തില്‍ പട്ടാളച്ചിട്ടയാണ് ടര്‍ക്കിക്ക്.
സ്വന്തം തൂവലുകള്‍ അഴുക്കുകൾ മാറ്റി മിനുക്കി സൂക്ഷിക്കണമെന്ന നിര്‍ബന്ധം ടര്ക്കികള്ക്കുണ്ട്. പുറത്തുള്ള മേച്ചില്‍ കഴിഞ്ഞ് കൂട്ടില്‍ കയറുമ്പോള്‍ കൂടിന്റെ തറയില്‍ വിരിച്ച അറക്കപ്പൊടിയില്‍ ചിറകിട്ടടിച്ച് കിടന്നുരുളും. ഈ ടര്ക്കിക്കുളി കഴിയുന്നതോടെ തൂവലില്‍ പറ്റിയ ചളിയും മറ്റുമെല്ലാം മാറി മേനി മിനുപ്പ് കൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.