ഇവിടെയുണ്ട് രണ്ടുമീറ്റർ നീളമുള്ള വാഴക്കുല; തൂക്കം 60 കി.ഗ്രാം
text_fieldsശ്രീകണ്ഠപുരം: വാഴകൃഷി നടത്തുമ്പോൾ സജിന രമേശൻ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല. കുല വിരിഞ്ഞപ്പോൾ വലുപ്പം കണ്ട് കർഷകയും നാട്ടുകാരുമെല്ലാം ഞെട്ടി.
കണ്ണൂർ സർവകലാശാലയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ചുഴലി നവപ്രഭ വായനശാലക്കുസമീപത്തെ സജിനയുടെ വീട്ടുപറമ്പിലാണ് കൂറ്റൻ വാഴക്കുലയുണ്ടായത്. ടിഷ്യൂകൾചർ ഇനത്തിലുള്ള വാഴക്കുലക്ക് 60 കിലോയോളം തൂക്കവും രണ്ടുമീറ്ററോളം നീളവുമുണ്ട്.
കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് സർക്കാറിന്റെ ഹരിതം പദ്ധതിയിൽ പച്ചക്കറി കൃഷിയോടൊപ്പം വാഴകൃഷിയും തുടങ്ങിയത്. വീട്ടുപറമ്പിലെ 15 സെന്റ് സ്ഥലത്താണ് കൃഷി. കരിമ്പം ഫാമിൽനിന്നാണ് വാഴത്തൈകൾ വാങ്ങിയത്. എട്ട് ടിഷ്യൂകൾചർ വാഴയുൾപ്പെടെ 25 വാഴത്തൈകളാണ് വാങ്ങിയത്. കഴിഞ്ഞ നവംബറിലാണ് വാഴനട്ടത്. നേന്ത്രവാഴകൾ നേരത്തെതന്നെ കുലച്ച് വിളവെടുപ്പ് നടത്തിയിരുന്നു. മറ്റ് ടിഷ്യൂകൾചർ വാഴകൾ കുലച്ചിരുന്നെങ്കിലും ഇത്ര വലുപ്പമുള്ള കുല ലഭിച്ചിരുന്നില്ലെന്നും സ്വർണമുഖി ഇനത്തിൽപെട്ട വാഴയാണിതെന്നും സജിന പറഞ്ഞു. ഭർത്താവ് രമേശൻ അബൂദബിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.