കൊയ്ത്ത് തുടങ്ങാറായിട്ടും നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം
text_fieldsപാലക്കാട്: ഒന്നാംവിള കൊയ്ത്ത് ആരംഭിക്കാനിരിക്കെ നെല്ല് സംഭരണ മുന്നൊരുക്കങ്ങളിലെ കാലതാമസം കർഷകരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യവാരം സപ്ലൈകോയുടെ നേതൃത്വത്തിൽ നെല്ലുസംഭരണം തുടങ്ങിയിരുന്നെങ്കിൽ ഇപ്രാവാശ്യം ഒരുക്കം എങ്ങുമെത്തിയിട്ടില്ല. ആദ്യം വിളവെടുപ്പിന് പാകമാകുന്നത് പാലക്കാട്ടെ വയലുകളായതിനാൽ സംഭരണം നീണ്ടുപോകുന്നത് ജില്ലയിലെ കർഷകരെയാണ് സാരമായി ബാധിക്കുന്നത്. ഒക്ടോബർ ഒന്നിനാണ് രാജ്യത്ത് താങ്ങുവില നൽകി ധാന്യസംഭരണം തുടങ്ങുന്നത്. എന്നാൽ, ജില്ലയിൽ സെപ്റ്റംബറിൽ വയലുകൾ വിളവെടുപ്പിന് പാകമാകുന്നതിനാൽ രണ്ടു സീസണിലും സെപ്റ്റംബറിൽതന്നെ താങ്ങുവില പ്രകാരമുള്ള സംഭരണത്തിന് കേന്ദ്ര സർക്കാർ പ്രത്യേകാനുമതി നൽകിയിരുന്നു.
സംസ്ഥാനത്തെ 52 സ്വകാര്യ മില്ലുകളാണ് സപ്ലൈകോക്കു വേണ്ടി കർഷകരിൽനിന്ന് നെല്ല് സംഭരിച്ച് അരിയാക്കി തിരികെ നൽകുന്നത്. മില്ലുടമകളുടെ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നതിനാൽ സംഭരണത്തിൽനിന്ന് ഇവർ വിട്ടുനിൽക്കുകയാണ്.
2018ലെ പ്രളയത്തിൽ നഷ്ടം സംഭവിച്ച അരിയുടെയും നെല്ലിന്റെയും തടഞ്ഞുവെച്ച കൈകാര്യച്ചെലവിൽ ഏകദേശം 20 കോടി രൂപയാണ് കിട്ടാനുള്ളതെന്ന് മില്ലുടമകൾ പറയുന്നു. 2021 ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ എത്രയുംപെട്ടെന്ന് തീരുമാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും അറിയിച്ചെങ്കിലും ഇതുവരെയും തീരുമാനമായില്ലെന്ന് അവർ പരാതിപ്പെട്ടു. ഔട്ട് ടേൺ റേഷ്യോ (നെല്ലിന് പകരമായി മില്ലുകാർ സപ്ലൈകോക്ക് നൽകുന്ന അരിയുടെ അളവ്) സംബന്ധിച്ച പ്രശ്നവും കൈകാര്യച്ചെലവ് ഒരു ക്വിന്റൽ നെല്ലിന് 214 രൂപയിൽനിന്ന് 272 രൂപയാക്കി വർധിപ്പിച്ചതും ഇതുവരെ നടപ്പായിട്ടില്ലെന്ന് മില്ലുടമ സംഘം ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഉറപ്പു പാലിച്ചില്ലെങ്കിൽ സംഭരണത്തിൽനിന്ന് വിട്ടുനിൽക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
നെല്ലു സംഭരണത്തിനുള്ള രജിസ്ട്രേഷൻ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ഓരോ സീസണിലും സംഭരണത്തിനായി കൃഷിവകുപ്പിലെ ജീവനക്കാരെയാണ് ജോലി ക്രമീകരണത്തിലൂടെ സപ്ലൈകോ പാഡി വിഭാഗത്തിൽ നിയമിക്കുന്നത്. തുടർ പ്രവർത്തനം വൈകിയാൽ പതിവുപോലെ ഇത്തവണയും നെൽകർഷകർ വലിയ പ്രതിസന്ധി നേരിടേണ്ടിവരും.
സംസ്ഥാനത്ത് വിളയുന്ന നെല്ലിന്റെ 40 ശതമാനവും പാലക്കാട് ജില്ലയിലെ വയലുകളിൽനിന്നാണ്. കഴിഞ്ഞ സീസണിൽ സപ്ലൈകോ ആകെ സംഭരിച്ച നെല്ലിന്റെ 46 ശതമാനവും പാലക്കാട്ടുനിന്നാണ്. മഴ സജീവമായതിനാൽ കൊയ്തെടുത്ത നെല്ല് വളരെവേഗം സംഭരിച്ചില്ലെങ്കിൽ മുള വന്ന് നശിച്ചുപോകും.
ഈ സീസണിൽ ഇതുവരെ 35,000ത്തോളം കർഷകരാണ് നെല്ലുസംഭരണത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 15 വരെയാണ് അപേക്ഷ സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.