കാലം തെറ്റിയ മഴ; നെൽക്കർഷകർക്ക് ദുരിതക്കൊയ്ത്ത്
text_fieldsനന്മണ്ട: കാലംതെറ്റി പെയ്ത മഴയിൽ നന്മണ്ടയിലും കാക്കൂരിലും പരിസരപ്രദേശങ്ങളിലുമുള്ള നെൽക്കർഷകർക്ക് ദുരിതക്കൊയ്ത്ത് സമ്മാനിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പെയ്ത മഴയിൽ വയലിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. അപ്രതീക്ഷിതമായ പെയ്ത മഴയിൽ ഏക്കറുകളോളം നെൽകൃഷിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കൊയ്ത്തിനു പാകമാകാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രം അവശേഷിക്കെ കർഷകരുടെ സ്വപ്നങ്ങൾക്കുമേലാണ് ദുരിതമഴ പെയ്തിറങ്ങിയത്.
പാടങ്ങളിലെ നെൽക്കതിർ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. പുല്ല് ചീഞ്ഞ് തുടങ്ങാനും ഇതിടയാക്കുമെന്നാണ് കർഷകർ പറയുന്നത്. നന്മണ്ട, ചുളിയാട്ട്, രാമല്ലൂർ, നന്മണ്ട പന്ത്രണ്ട്, കൊല്ലിക്കര താഴം, കുനിയടി താഴം, കുന്നോത്ത് താഴം, കൊല്ലങ്കണ്ടി താഴം, കണ്ടോത്ത് പാറ, നടുവല്ലൂർ, നമ്പുറത്ത് താഴം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നെൽപാടത്ത് വെള്ളം കയറിയിട്ടുണ്ട്.
മകരക്കൊയ്ത്തിനായി ഉമ, ജ്യോതി, വെതാണ്ടം, മുണ്ടകൻ, തെക്കൻ തുടങ്ങി വിവിധ ഇനങ്ങളാണ് കൃഷിയിറക്കിയത്. പാട്ടത്തിനെടുത്തും വലിയ തുക മുതൽമുടക്കിയുമാണ് ഓരോ കർഷകരും നെൽകൃഷി നടത്തിവരുന്നത്. പാകമായ നെല്ലായതിനാൽതന്നെ വെള്ളത്തിൽ മുങ്ങിയാൽ മുളക്കാൻ തുടങ്ങും.
അതോടൊപ്പം ചളിയിൽ മുങ്ങിയ പുല്ലും ഉപയോഗശൂന്യമായി മാറും. മകരക്കൊയ്ത്തിന് ഇനിയും നാളുകൾ ബാക്കിയുണ്ടെങ്കിലും പാടത്ത് വെള്ളം കയറിയതുമൂലം നന്മണ്ടയിലെ കൊല്ലിക്കര താഴത്തെ കൃഷ്ണൻ ഉൾപ്പെടെയുള്ള കർഷകർ നെല്ല് കൊയ്തെടുക്കാൻ തുടങ്ങിയിട്ടുണ്ട്.
മഴ വരുംദിവസങ്ങളിലും തുടർന്നാൽ ഇത്തവണത്തെ നെൽകൃഷി പൂർണമായും നഷ്ടത്തിലാവുമെന്നാണ് കർഷകർ സാക്ഷ്യപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ഓരോ കർഷകനും വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.