നാളേക്കാവശ്യം നഗരകൃഷി
text_fieldsവളരെ വേഗത്തിൽ നഗരവത്കരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഗ്രാമങ്ങളിൽനിന്ന് പട്ടണങ്ങളിലേക്കു ചേക്കേറുന്നവരുടെ എണ്ണവും വേഗവും കൂടുതലാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കിൽ 2050തോടുകൂടി ലോകജനസംഖ്യ 1000 കോടിയും നഗരത്തിലേക്ക് ചേക്കേറുന്നവർ 70 ശതമാനത്തിൽ കൂടുതൽ ആകുമെന്നുമാണ്. ഇത് നഗരവാസികളുടെ ഭക്ഷ്യസുരക്ഷയെയും ആരോഗ്യത്തെയും ബാധിക്കും. മാത്രമല്ല നഗരത്തിലെ ആവാസവ്യവസ്ഥ തകിടം മറിയുന്നതിനും പച്ചപ്പ് കുറയുന്നതിനും ചൂട് വർധനക്കും കാരണമാകുന്നു. ഇത് നഗരവാസികളിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
നഗര കാർഷിക രംഗം പ്രോത്സാഹിപ്പിക്കുകവഴി ഒരു പരിധിവരെ ഇവയെ ചെറുക്കാനാകും. അതുകൊണ്ടുതന്നെ നഗരകൃഷി അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു. നഗരങ്ങളിലെ സുസ്ഥിരമായ വികസനത്തിനും ആരോഗ്യത്തിനും സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും നഗരകൃഷി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. ഇന്നത്തെ ഏറ്റവും വെല്ലുവിളിയായ കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത കുറച്ചുകൊണ്ടുള്ള കാർബൺ തൂലിത കൃഷി (കാർബൺ ന്യൂട്രൽ) നഗരകൃഷിയിലൂടെ സാധ്യമാകും.
നഗര കൃഷിയിൽ പച്ചക്കറി മാത്രമല്ല മൃഗപരിപാലനം, മത്സ്യകൃഷി, കോഴിവളർത്തൽ, തേനീച്ച വളർത്തൽ, പുഷ്പകൃഷി, ഫലവർഗകൃഷി, പൂന്തോട്ടകൃഷി എന്നിവ നഗര ആവാസവ്യവസ്ഥക്ക് അനുസരിച്ചു നൂതനമായ രീതിയിലൂടെ കൃഷിചെയ്തുവരുന്നു. എന്നാൽ മണ്ണ്, വെള്ളം, തൈകൾ, വിത്തുകൾ, സ്ഥലം, സാങ്കേതികമായ പരിജ്ഞാനക്കുറവ് എന്നിവ നഗരകൃഷിയുടെ വലിയ പരിമിതികളാണ്. നൂതനമായ കൃഷിരീതികൾക്കു ഇവ പരിഹരിക്കാൻ കഴിയും.
പരിചയപ്പെടാം നഗരകൃഷിരീതികളെ
മറ്റുള്ള പ്രദേശങ്ങളിലെ കൃഷിരീതികളിൽനിന്നും വളരെ വ്യത്യസ്തത പുലർത്തുന്നതാണ് നഗര കൃഷിരീതികൾ. നൂതനമായ വിവിധ കൃഷിരീതികൾ ഇതിനായി അവലംബിക്കുന്നു. നഗരകൃഷി കൂടുതലും നഗര നിർമിതികളുമായി കൂടിച്ചേർന്നുനിൽക്കുന്നതാണ്.
ലംബ കൃഷി (വെർട്ടിക്കൽ ഫാമിങ്), മട്ടുപ്പാവ് കൃഷി, ചുമർ കൃഷി (എഡിബിൾ വാൾ), അകത്തള കൃഷി ( ഇൻഡോർ ഫാമിങ് ), നഗര ഫാമുകൾ, കമ്യൂണിറ്റി ഗാർഡൻസ്, വ്യാവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന ഫാമുകൾ, സ്കൂൾ ഗാർഡൻസ് എന്നിവയാണ് പ്രധാനപ്പെട്ട നഗര കൃഷിയിടങ്ങളും കൃഷിരീതികളും. ആധുനിക സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ഹൈഡ്രോപോണിക് , അക്വാപോണിക് , എയ്റോപോണിക് പോലുള്ള കൃഷിരീതികളും അവലംബിച്ചുപോരുന്നു.
നഗരകൃഷി നഗരആവാസ വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതെങ്ങനെ ?
നഗരകൃഷിക്ക് നഗര ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും പരിപോഷിപ്പിക്കാൻ കഴിയും. ജൈവവൈവിധ്യ സംരക്ഷണത്തിലൂടെ നഗരത്തിലെ ഹരിതാവസ്ഥ നിലനിർത്താനും കാലാവസ്ഥവ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന കനത്ത ചൂടിൽനിന്നും രക്ഷനേടാനും കഴിയും. സുസ്ഥിരമായ ഹരിത നഗരങ്ങൾ ആരോഗ്യമുള്ള ജനതയെയും പരിസ്ഥിതിയെയും സൃഷ്ടിക്കുന്നു.
നഗര കൃഷി നടപ്പിലാക്കുകവഴി ജൈവമാലിന്യ നിർമാർജനം പ്രത്യേകിച്ച് വീട്ടുവളപ്പിലെ ജൈവമാലിന്യ പ്രശ്നങ്ങളെ അതിന്റെ ഉറവിടത്തിൽവെച്ചുതന്നെ പരിഹരിക്കാനും സാധിക്കുന്നു. മഴവെള്ള സംഭരണികളുടെ ഉപയോഗം ജലവിനിയോഗത്തെ കാര്യക്ഷമമായി കൃഷിക്ക് ഉപയോഗിക്കാൻ ഉപകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.