മണിച്ചോള കൃഷി നാടിനും ഉത്തമമാണെന്ന് തെളിയിച്ച് ഉത്തമൻ
text_fieldsചെങ്ങന്നൂർ: ചെറുധാന്യ ഗണത്തിൽപെടുന്ന മണിച്ചോളത്തിന്റെ കൃഷി നമ്മുടെ നാടിനും ഉത്തമമാണെന്ന് തെളിയിക്കുകയാണ് മുളക്കുഴ ഗ്രാമപഞ്ചായത്തിൽ കൊഴുവല്ലൂർ 11ാം വാർഡിൽ ഉദയഭവനത്തിൽ ഉത്തമനെന്ന ജൈവകർഷകൻ. നാലുമാസം മുമ്പ് കൃഷിഭവനിൽ പ്രശാന്ത് ജഗനെന്ന ചെറുധാന്യ പ്രചാരകന്റെ ക്ലാസ് സംഘടിപ്പിച്ചിരുന്നു.
അന്ന് അതിൽ പങ്കെടുത്തവരിൽ താൽപര്യമുള്ളവർക്കു മണിച്ചോളം, ബാജ്റ എന്നിവയുടെ വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു. മണ്ണിനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന 67കാരനായ ഉത്തമന്റെ മനസ്സിൽ കോറിയിട്ട ചിന്തകൾ പുതിയ കൃഷിരീതി അവലംബിപ്പിക്കാൻ ഇടയാക്കുകയായിരുന്നു. അരയേക്കറിൽ നടത്തിയ ആദ്യ മണിച്ചോള കൃഷിയിൽതന്നെ നല്ല വിളവാണ് ലഭിച്ചത്.
രാസവളങ്ങളും കീടനാശിനിയും ആവശ്യമില്ലാതെ വെറും 90 ദിവസംകൊണ്ട് വിളവെടുപ്പ് സാധ്യമാകുമെന്ന് ഉത്തമൻ പറഞ്ഞു. ക്ഷീര കർഷകൻ കൂടിയായ ഇദ്ദേഹം ചാണകം മാത്രമാണ് വളമായി ഉപയോഗിച്ചത്. അതിശയിപ്പിക്കുന്ന വിളവും ലഭിച്ചു. ഒരു കുലയിൽനിന്നും 300 ഗ്രാമിലധികം ധാന്യങ്ങൾ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ലഭിച്ചു.
ഇത് നേരിൽകണ്ടും കേട്ടറിഞ്ഞും ഇതേ വാർഡിൽതന്നെയുള്ള ഏഴോളം കർഷകർ ഉത്തമനിൽനിന്നു വിത്തുകൾ വാങ്ങി കൃഷിയിറക്കാൻ തയാറായിരിക്കുകയാണ്. വിളവെടുത്തതിന് ശേഷമുള്ള വയ്ക്കോൽ മികച്ച കാലിത്തീറ്റയാണ്. ഇനി ഒരു ഏക്കറിൽ അധികമായി ചെറുധാന്യ കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.
നന്നേ ചെറുപ്പത്തിലേ കാർഷികവൃത്തി സ്വീകരിച്ച ഉത്തമനു പിന്തുണയേകി ഭാര്യ ശാന്തമ്മയും ഒപ്പമുണ്ട്. 50 സെന്റ് കരഭൂമിയും 10 പറ നിലവുമുണ്ട്. നാലു കറവപ്പശുക്കളെ പരിപാലിക്കുന്നതോടൊപ്പം, നെൽകൃഷി, വാഴ, പാവൽ, പടവലം, പയർ, വഴുതന, കോവൽ എന്നിവയും കൃഷി ചെയ്യുന്നു. വിളവെടുക്കുന്നവ പന്തളം, ചെങ്ങന്നൂർ ചന്തകളിലും പത്തിലധികം കടകളിലും വിൽപന നടത്തി ജീവിതംമുന്നോട്ടു കൊണ്ടുപോകുന്നു. രണ്ടു മക്കളിൽ മൂത്ത മകൻ അനിൽകുമാർ ഗൾഫിലും മകൾ അനിത വിവാഹിതയായി ഭർതൃഗൃഹത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.