കർഷകർ ഇനി തൃശൂരിൽ പോവേണ്ട; ട്രൈക്കോഗ്രമ്മ മിത്രകീട ഉൽപാദന യൂനിറ്റ് പിലിക്കോടും
text_fieldsചെറുവത്തൂർ: പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഫാം കാർണിവലിനോടനുബന്ധിച്ച് ഉത്തരകേരളത്തിലെ ആദ്യ ട്രൈക്കോഗ്രമ്മ മുട്ടക്കാർഡ് വിതരണം ചെയ്തു. ട്രൈക്കോഗ്രമ്മ എന്ന മിത്രകീടങ്ങൾ, വിളകളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്ന പരാദജീവികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കടന്നലുകളുടെ കുടുംബത്തിൽപെട്ട ഇവ പ്രകൃത്യാ വിളകൾക്കൊപ്പം ഉണ്ടെങ്കിലും ശത്രുകീടങ്ങളുടെ എണ്ണം കൂടുമ്പോൾ ഇവയുടെ എണ്ണം പര്യാപ്തമല്ലാതെ വരും. അതിനാൽ, ട്രൈക്കോഗ്രമ്മയെ കൃത്രിമമായി വളർത്തിയെടുത്ത് ഉപയോഗിക്കാം. കാർഷികവിളകളുടെ വിവിധയിനം കീടങ്ങളെ നിയന്ത്രിക്കാൻ ട്രൈക്കോഗ്രമ്മ കടന്നലുകൾ സഹായകരമാകുന്നുണ്ട്.
മുട്ടക്കാർഡുകൾ വാങ്ങുന്നതിനായി തൃശൂർവരെ പോകേണ്ടിയിരുന്ന കർഷകർക്ക് ഒരാശ്വാസമായാണ്, ഉത്തരകേരളത്തിൽ ആദ്യമായി ട്രൈക്കോഗ്രമ്മ മിത്രകീട ഉൽപാദന യൂനിറ്റ് പിലിക്കോട് കേന്ദ്രത്തിൽ തുടങ്ങിയത്. ആവശ്യാനുസരണം നേരത്തേ ബുക്ക് ചെയ്താൽ ഇവിടെനിന്ന് മുട്ടക്കാർഡുകൾ ലഭിക്കും.
ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ കെ. ശകുന്തള ഉദ്ഘാടനം ചെയ്തു. കേന്ദ്രം അസോസിയേറ്റ് പ്രഫസർ പി.കെ. രതീഷ് അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ വകുപ്പ് മാനേജർ ആർ. രേഖ, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ മിനി പി. ജോൺ, നീലേശ്വരം അസി. ഡയറക്ടർ ഓഫ് അഗ്രികൾചർ കെ. ബിന്ദു എന്നിവർ സംസാരിച്ചു. ഡോ. നിഷ ലക്ഷ്മി സ്വാഗതവും കെ. രമ്യ രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.