കുളമ്പുരോഗം തടയാൻ പശുക്കൾക്ക് വാക്സിൻ സുരക്ഷ
text_fieldsകുളമ്പുരോഗത്തോളം ക്ഷീരകർഷകരെ ദുരിതത്തിലാഴ്ത്തുന്ന മറ്റൊരു പകർച്ചവ്യാധി ക്ഷീരമേഖലയിൽ ഇല്ല എന്നുതന്നെ പറയാം. ഈ രോഗം കാരണം രാജ്യത്തെ കാർഷിക മേഖലക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നേരിട്ടുള്ള സാമ്പത്തികനഷ്ടം പ്രതിവർഷം 20,000 കോടി രൂപയോളമാണ്. പശുക്കളെയും എരുമകളെയും മാത്രമല്ല ആട്, പന്നി തുടങ്ങിയ ഇരട്ട കുളമ്പുള്ള വളർത്തുമൃഗങ്ങളെയെല്ലാം ഈ വൈറസ് രോഗം ബാധിക്കും.
ഓരോ മൃഗങ്ങളിലും കുളമ്പുരോഗം ബാധിക്കുന്നതിന്റെ തീവ്രതയിൽ വ്യത്യാസമുണ്ട്. ആടുകളെ രോഗം ബാധിക്കാമെങ്കിലും പശുക്കളിലേതുപോലെ ഗുരുതരമായ ലക്ഷണങ്ങൾ കാണാറില്ല. പന്നികളിൽ വൈറസ് പതിന്മടങ്ങായി പെരുകുകയും പുറത്തുവരുകയും ചെയ്യുന്നതിനാൽ പന്നികൾക്ക് രോഗബാധയേറ്റാൽ നിയന്ത്രണം ദുഷ്കരമാവാറുണ്ട്. കുളമ്പുരോഗം മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒന്നല്ല.
വായുവിലൂടെ 60 കിലോമീറ്റർ വരെ വൈറസ് പകർച്ച
രോഗം ബാധിച്ചതോ രോഗവാഹകരോ ആയ കാലികൾ അവയുടെ നിശ്വാസവായുവിലൂടെയും ഉമിനീർ, പാൽ തുടങ്ങി ശരീരസ്രവങ്ങളിലൂടെയും ചാണകത്തിലൂടെയും മൂത്രത്തിലൂടെയും വൈറസിനെ ധാരാളമായി പുറന്തള്ളും. വായുവിലൂടെയും, രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെയുമാണ് കുളമ്പുരോഗം പ്രധാനമായും പടരുന്നത്.
രോഗം ബാധിച്ച കാലികളുടെ ചാണകവും മൂത്രവും ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളിൽനിന്നും മറ്റു സ്ഥലങ്ങളിലേക്ക് രോഗം പടരാം. രോഗബാധയുള്ള സ്ഥലങ്ങളിൽനിന്നും വായുവിലൂടെ 60 കിലോമീറ്റർ വരെ ദൂരത്തേക്ക് വ്യാപിക്കാൻ വൈറസിന് ശേഷിയുണ്ട്.
വൈറസ് പശുക്കളിലെത്തി രണ്ട് മുതൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ശക്തമായ പനി, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, വായില്‍നിന്ന് ഉമിനീര് പതഞ്ഞ് ഒലിച്ചിറങ്ങൽ, മൂക്കൊലിപ്പ് എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. കറവയുള്ള പശുക്കളിൽ പാലുൽപാദനം ഒറ്റയടിക്ക് കുറയും. വായ തുറന്നടക്കുമ്പോൾ ഉമിനീർ പതഞ്ഞ് ‘ചപ്, ചപ്’ എന്ന ശബ്ദം കേൾക്കാം.
തുടർന്ന് ഒന്നോ രണ്ടോ ദിവസത്തിനകം വായിലും നാക്കിലും മോണയിലും മൂക്കിലും അകിടിലും കുളമ്പുകൾക്കിടയിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ പോളകളും തിണർപ്പുകളും കണ്ടുതുടങ്ങും. 24 മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങളായിത്തീരും. രോഗബാധയേറ്റ പശുക്കളുടെ വായ് പിളർന്ന് നാവും മോണയും പരിശോധിച്ചാൽ പുറംതൊലി പല ഭാഗങ്ങളിലായി അടർന്ന് മുറിവായതായി കാണാം.
രോഗാണു ഹൃദയപേശിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ പശു, എരുമ കിടാക്കളില്‍ മരണനിരക്ക് ഉയര്‍ന്നതാണ്. വലിയ പശുക്കളില്‍ മരണനിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടമാവും. പകർച്ചനിരക്കും കൂടുതലാണ്. രോഗം ഗുരുതരമായാൽ അനുബന്ധ അണുബാധകൾ പിടിപെടാനും ഗർഭിണി പശുക്കളുടെ ഗർഭമലസാനും സാധ്യത കൂടുതലാണ്. രോഗത്തിൽനിന്ന് രക്ഷപ്പെട്ടാലും പശുക്കൾ പഴയ ഉൽപാദനവും പ്രത്യുൽപാദനക്ഷമതയും വീണ്ടെടുക്കാനുള്ള സാധ്യതയും വിരളം.
വാക്സിൻ സുരക്ഷ
പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ രോഗത്തെ പൂർണമായും തടയാൻ കഴിയുകയുള്ളൂ. സംസ്ഥാനത്ത് പലപ്പോഴും കുളമ്പുരോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ തങ്ങളുടെ ക്ഷീര സംരംഭങ്ങളിൽ കന്നുകാലികൾക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാൻ കർഷകർ പ്രത്യേകം ജാഗ്രത പുലർത്തണം. പശുക്കിടാങ്ങൾക്ക് നാലുമാസം പ്രായമെത്തുമ്പോൾ ആദ്യത്തെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നൽകണം.
ആദ്യ കുത്തിവെപ്പ് നൽകി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസ് നൽകണം. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കൃത്യമായി കുത്തിവെപ്പ് ആവർത്തിക്കണം. എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. ഒരു മേഖലയിലെ 80 ശതമാനം കന്നുകാലികൾക്കെങ്കിലും വാക്സിൻ നൽകി മതിയായ പ്രതിരോധം/കൂട്ടപ്രതിരോധം കൈവരിച്ചാൽ മാത്രമേ കുളമ്പുരോഗത്തെ പൂർണമായും അകറ്റിനിർത്താൻ സാധിക്കുകയുള്ളൂ.
ഇതുവരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കാലികൾക്ക് വാക്സിൻ നൽകുന്നതിനായി ഏപ്രിൽ 12 മുതൽ 20 വരെ മൃഗസംരക്ഷണവകുപ്പ് സംസ്ഥാനത്ത് പ്രത്യേക വാക്സിനേഷൻ യജ്ഞം നടപ്പിലാക്കുന്നുണ്ട്. തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് കർഷകർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.