ഇവിടത്തെ പച്ചക്കറിക്കുണ്ട്, കാരുണ്യത്തിന്റ തുടിപ്പ്
text_fieldsകൂറ്റനാട്: നട്ടുനനച്ച് ഉണ്ടാക്കുന്ന കായ്കറികളുടെ ഫലങ്ങള്ക്കുണ്ട് ജീവകാരുണ്യത്തിന്റെ തുടിപ്പ്. അതുകൊണ്ടുതന്നെ വിളയുന്ന പച്ചക്കറികൃഷിക്ക് എന്നും നൂറുമേനിയാണ്. ചാലിശ്ശേരി പെരുമണ്ണൂർ പി.എഫ്.എ ആർട്സ് ആൻഡ് സ്പോർസ് ക്ലബിന്റെ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് വിളവെടുപ്പ് നടത്തിയത്. പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവന്റെ സഹായത്തോടെയാണ് രണ്ട് ഏക്കർ സ്ഥലത്ത് കപ്പ, വെണ്ട, വഴുതിന, പയർ, തക്കാളി എന്നിവ കൃഷി ചെയ്തത്.
കൃഷിയിലൂടെ ലഭിക്കുന്ന തുക മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ചിലവഴിക്കുന്നത്. ഓണക്കാലത്ത് പൂകൃഷിയിലൂടെ ലഭിച്ച വരുമാനംകൊണ്ട് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓണപ്പുടവ, കിടപ്പുരോഗികൾക്ക് ഓണക്കോടി, ധനസഹായം, ഭക്ഷ്യധാന്യ കിറ്റ് എന്നിവ ക്ലബ് നൽകി ഗ്രാമത്തിൽ മാതൃകയായി. വിളവെടുപ്പ് കൃഷിഭവൻ ഓഫിസർ സുദർശൻ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എൻ.ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ട്രഷറർ മഹേഷ്, എക്സിക്യൂട്ടിവ് അംഗം എൻ.വി. രതീഷ് എന്നിവർ സംസാരിച്ചു. പച്ചക്കറികൃഷിക്ക് എക്സിക്യൂട്ടിവ് അംഗങ്ങളായ എൻ.സി. നിധീഷ്, ജയൻ ശ്രീവത്സം, സുകുമാരൻ, രാജൻ, സുബിൻ, സുരേഷ്, നൗഫൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.