പച്ചക്കറിക്ക് തീവില: വട്ടവടയിലെ കർഷകന് കിട്ടുന്നത് തുച്ഛവില, ഇടനിലക്കാർ ചുളുവിലക്ക് സ്വന്തമാക്കുന്നു
text_fieldsകേരളത്തിന് ആവശ്യമായ ശീതകാല പച്ചക്കറി മുഴുവൻ വട്ടവടയിൽനിന്ന് സംഭരിക്കാമെന്നിരിക്കെയാണ് ഇടനിലക്കാർക്ക് നേട്ടം കൊയ്യാനും വിലക്കയറ്റത്തിനും അവസരമൊരുക്കുന്നത്.
വട്ടവടയിൽ 2000 ഹെക്ടറിലായി നാലായിരത്തിലധികം കർഷകരാണ് ശീതകാല പച്ചക്കറി ഇനങ്ങളായ കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബട്ടർ ബീൻസ്, വെളുത്തുള്ളി തുടങ്ങിയവ കൃഷി ചെയ്യുന്നത്. ഭൂരിഭാഗം കർഷകരും വ്യാപാരികളായ ഇടനിലക്കാരിൽനിന്ന് മുൻകൂർ പണം വാങ്ങി കൃഷിയിറക്കുകയാണ് പതിവ്.അതുകൊണ്ടുതന്നെ വിളവെടുപ്പ് കഴിഞ്ഞാൽ പറയുന്ന വിലയ്ക്ക് ഉൽപന്നം ഇടനിലക്കാർക്ക് വിൽക്കാൻ ഇവർ നിർബന്ധിതരാകുന്നു. ഇങ്ങനെ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന പച്ചക്കറിയാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും വിപണിയിലെത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കുന്നത്.
പൊതുവിപണിയിൽ 45 രൂപയാണ് ഒരു കിലോ കാബേജിെൻറ വില. വട്ടവടയിലെ കർഷകന് 47 കിലോയുടെ ഒരു ചാക്ക് കാബേജിന് ഇടനിലക്കാർ നൽകുന്നത് 300-350 രൂപ. കാരറ്റിന് പൊതുവിപണിയിൽ കിലോക്ക് 70 രൂപയുണ്ടെങ്കിലും തങ്ങൾക്ക് 15 രൂപയേ കിട്ടുന്നുള്ളൂ എന്ന് കർഷകർ പറയുന്നു. കാരറ്റ് കഴുകുന്നതടക്കം ചെലവ് ചൂണ്ടിക്കാട്ടിയാണ് ഇടനിലക്കാർ വില കുറക്കുന്നത്.
കിഴങ്ങ് 47 കിലോയുടെ ചാക്കിന് പരമാവധി 800 രൂപ കിട്ടും. ഇടനിലക്കാരോട് മുൻകൂർ പണം വാങ്ങിയതിനാലും സർക്കാർ യഥാസമയം തുക നൽകാത്തതിനാലും ഹോർട്ടികോർപിന് പച്ചക്കറി നൽകാൻ മടിക്കുന്ന കർഷകരുമുണ്ട്. ഒരു സീസണിൽ കൃഷിയിറക്കാൻ ഒരാൾക്ക് 30,000 മുതൽ 50,000 രൂപ വരെ ചെലവുണ്ട്. എന്നാൽ, സർക്കാർ നൽകുന്ന നാമമാത്ര ധനസഹായം ഒന്നിനും തികയില്ലെന്ന് കർഷകർ പറയുന്നു. കൃഷിവകുപ്പുവഴി നൽകുന്ന വിത്തും വളവും നിലവാരമില്ലാത്തതാണെന്നും ആക്ഷേപമുണ്ട്.
അതേസമയം, കർഷകരിൽനിന്ന് കൂടിയ വിലയ്ക്കാണ് പച്ചക്കറി വാങ്ങുന്നതെന്നും കൂടുതൽ സംഭരിക്കാൻ പരിമിതികളുണ്ടെന്നുമാണ് ഹോർട്ടികോർപ് അധികൃതർ പറയുന്നത്. കർഷകരുടെ സെപ്റ്റംബർ അവസാനം വരെയുള്ള കുടിശ്ശിക കൊടുത്തുതീർത്തു. എന്നാൽ, ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി പച്ചക്കറി പൂർണമായി സംഭരിച്ച് വിപണിയിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.