പച്ചക്കറികൃഷിക്ക് സമയമായി; പ്രതികൂലമായി മഴക്കുറവ്
text_fieldsകൽപറ്റ: കേരളത്തിൽ സെപ്റ്റംബർ-ഒക്ടോബർ മാസം മുതൽ പച്ചക്കറികൃഷി ചെയ്യുന്ന പ്രധാനസമയമാണെങ്കിലും മഴക്കുറവ് പ്രതികൂലമായി ബാധിക്കാൻ സാധ്യത. ശരിയായ മുൻകരുതലെടുത്ത് കൃഷിയെ സമീപിച്ചില്ലെങ്കിൽ കർഷകർക്ക് നഷ്ടക്കണക്കിന്റെ കഥ പറയേണ്ടിവരും. ജലസേചനത്തെ ആശ്രയിച്ചാണ് പ്രധാനമായും പച്ചക്കറികൃഷി നടത്തുന്നത്.
മഴയുടെ ലഭ്യതക്കുറവും തുടർന്നുണ്ടാകുന്ന വരൾച്ചയും കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കും. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും പറമ്പിലും പച്ചക്കറി കൃഷി തുടങ്ങുന്ന സമയമാണിപ്പോൾ. മഞ്ഞുകാലം കൂടി തുടങ്ങുന്നതോടെ ശീതകാല പച്ചക്കറി കൃഷിയും വ്യാപകമാവും.
മുൻകരുതലായി വിള തിരഞ്ഞെടുക്കുന്നത് മുതൽ നിലമൊരുക്കൽ, നടീൽ, തുടർപ്രവർത്തനങ്ങൾ എന്നീ എല്ലാ ഘടകങ്ങളിലും ശാസ്ത്രീയ പരിപാലനമുറകൾ സ്വീകരിക്കണമെന്ന് കേരള കാർഷിക സർവകലാശാലയിലെ ഡോ. ടി. പ്രദീപ് കുമാറും ഡോ. കെ. പ്രശാന്തും അറിയിച്ചു. തണ്ണിമത്തൻ, കുമ്പളം, പീച്ചിൽ, മത്തൻ, അമരപ്പയർ എന്നിവക്ക് മറ്റു പച്ചക്കറി വിളകളെ അപേക്ഷിച്ച് കുറവ് ജലം മതിയാകും. എന്നാൽ ചീര, കാബേജ്, കോളിഫ്ലവർ, മുള്ളങ്കി, ഉള്ളി, കക്കിരി, തക്കാളി എന്നിവക്ക് കൂടുതൽ വെള്ളം ആവശ്യമാണ്. കൃഷിസ്ഥലത്തെ മണ്ണിന്റെ സ്വാഭാവിക ജലാഗിരണശേഷി മനസ്സിലാക്കി വിളയിറക്കുന്നത് ജലസേചനം ക്രമീകരിച്ച് ജലവിനിയോഗശേഷി വർധിപ്പിക്കാൻ സഹായിക്കും.
മണ്ണിൽ ഉയർന്ന അളവിൽ ജൈവാംശം നിലനിർത്താൻ ശ്രദ്ധിക്കണം. ഇതിനായി ജൈവവളം, പച്ചിലവളം, ജീവാണുവളം, ജൈവപുതയിടൽ എന്നിവ സ്വീകരിക്കാം. ഇത് മണ്ണിൽ ജലാംശത്തിന്റെ നഷ്ടം കുറക്കുന്നതിന് സഹായിക്കും. മണ്ണിന്റെ താപനില ഉയരുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ കളകൾ നിയന്ത്രിക്കുന്നതിനും തടങ്ങളിലെ മണ്ണ് ഉറച്ചുപോകാതെ നിർത്തുന്നതിനും കീടങ്ങളെ അകറ്റിനിർത്തുന്നതിനും ഇത്തരം പുതയിടൽകൊണ്ട് കഴിയുന്നു. വിളയവശിഷ്ടങ്ങൾ, കരിയില, ആവരണ വിളകൾ ചെയ്തും ജൈവപുതയിടൽ നടത്താം.
ശീതകാല പച്ചക്കറിവിള
ഒക്ടോബർ-നവംബർ മാസങ്ങളാണ് ശീതകാല പച്ചക്കറി വിളകളുടെ പ്രധാന നടീൽ സമയം. ഡിസംബർ-ജനുവരി മാസത്തെ രാത്രിയിലെ കുറഞ്ഞ താപനില ഇവയുടെ വളർച്ചക്ക് പ്രധാനമാണ്. ഈ സമയങ്ങളിൽ താപനിലയിൽ ഉണ്ടാകുന്ന വർധന വളർച്ചയെ പ്രതികൂലമായി ബാധിക്കും.
അതിനാൽ ശരിയായ ഇനം തിരഞ്ഞെടുത്ത് കൃഷി ചെയ്യേണ്ടത് പ്രധാനമാണ്. കാബേജ്, കോളിഫ്ലവർ എന്നിവയുടെ വേരുകൾ ആഴത്തിൽ വളരാത്തത് കൊണ്ട് മറ്റുവിളകളെ അപേക്ഷിച്ച് ഇവക്ക് കൂടുതൽ ജലസേചനം നൽകണം. ശരിയായ വളപ്രയോഗ രീതി കൂടി നടത്തിയാൽ മാത്രമേ വിളവ് ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ.
വേനൽക്കാല വിളകൾ
താരതമ്യേന വേനൽക്കാലത്തേക്ക് യോജിച്ച പച്ചക്കറികളാണ് വെള്ളരി വർഗവിളകൾ. തണ്ണിമത്തൻ, കുമ്പളം, മത്തൻ, പീച്ചിൽ തുടങ്ങിയവക്ക് മറ്റുവിളകളെ അപേക്ഷിച്ച് നനക്കൽ കുറവ് മതി.
പച്ചക്കറിക്ക് ജലദൗർലഭ്യം കൊണ്ടുള്ള പ്രശ്നങ്ങൾ
തക്കാളി:
പൂ കൊഴിച്ചിൽ ഉണ്ടാവും. കായ്കളുടെ വളർച്ച കുറയും. ഗുണമേന്മയുള്ള കായ്കൾ കുറയും. കായകൾ വീണുപൊട്ടും.
വഴുതന:
വിളവ് കുറയും. കായകൾ വലുപ്പം കുറയും.
മുളക്:
പൂവ്, ഇളം കായകൾ എന്നിവ കൊഴിച്ചിൽ. ചെടികൾ ശരിയായി വളരുന്നില്ല.
വെള്ളരി:
പൂമ്പൊടി നശിക്കുന്നു. കായ്കൾക്ക് കയ്പുണ്ടാകുന്നു. കായ്കൾ ഒരുപോലെ വളരുന്നില്ല.
വെണ്ട:
കായ്കൾ പെട്ടെന്ന് മൂത്തുപോകുന്നു. വിളവ് ഗണ്യമായി കുറയുന്നു.
കാബേജ്, കോളിഫ്ലവർ:
അറ്റം കരിച്ചിൽ. നിറവ്യത്യാസം. ശരിയായി വളരുന്നില്ല.
കാരറ്റ്, മുള്ളങ്കി:
കിഴങ്ങുകൾ വികലമായി വളരുന്നു. കിഴങ്ങുകൾക്ക് എരിവ് ഉണ്ടാകുന്നു.
ഇലവർഗവിള:
ഇലകൾ കനം കൂടുന്നു. ചെടികൾ പെട്ടെന്ന് പൂത്തുപോകുന്നു. ഇലകളിൽ നൈട്രേറ്റ് കൂടുതൽ കാണുന്നു.
വളം നൽകണം
വളങ്ങൾ നൽകുന്നത് വളർച്ചയെ ത്വരിതപ്പെടുത്തുന്നു. പ്രത്യേകിച്ച് പൊട്ടാസ്യം, കാത്സ്യം എന്നീ മൂലകങ്ങൾ ഇലകളിൽ തളിച്ചു കൊടുക്കുന്നത് ചെടികളിൽ വരൾച്ചക്കെതിരെ പ്രതിരോധശേഷി നൽകുന്നു. പച്ചക്കറി വിളകളിൽ കായപിടിത്തം കൂട്ടുന്നതിനും ഗുണനിലവാരമുള്ള കായകൾ ഉറപ്പാക്കുന്നതിനും സഹായിക്കും. ജൈവ സ്ലറികൾ, ഫിഷ് അമിനോആസിഡ്, പുളിപ്പിച്ചെടുത്ത പിണ്ണാക്ക് വളങ്ങൾ എന്നിവ ഉപയോഗിക്കുന്നത് പ്രതികൂല സാഹചര്യങ്ങളിൽ ചെടിയുടെ വളർച്ച കൂട്ടുന്നതിന് സഹായിക്കുന്നു. ഫിഷ് അമിനോ ആസിഡ് അഞ്ച് മില്ലി ഒരുലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് രണ്ടാഴ്ചയിലൊരിക്കൽ തളിച്ചുകൊടുക്കാം. നൈട്രജൻ അടങ്ങിയ രാസവളങ്ങളുടെ അമിത ഉപയോഗം കുറക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.