വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയുമായി ബൈജു
text_fieldsചക്കരക്കല്ല്: പലരും പരീക്ഷിച്ചു വരുന്ന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി രീതി പരീക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് മുണ്ടേരി പഞ്ചായത്ത് 11ാം വാർഡ് കാഞ്ഞിരോട് തലമുണ്ടയിലെ ബൈജു. 12 സെന്റ് സ്ഥലത്ത് വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി രീതി ബൈജു ചെയ്തത്. 38 വർഷത്തോളം പല രാജ്യങ്ങളിലായി പ്രവാസജീവിതം നയിച്ച ബൈജു അൽജീരിയയിൽനിന്ന് ഓയിൽ ആൻഡ് ഗ്യാസ് കൺസ്ട്രക്ഷൻ മാനേജരായി വിരമിച്ച് നാട്ടിൽ വരുമ്പോൾ കൃഷി എന്ന മോഹം മനസ്സിലുണ്ടായിരുന്നു. അധ്യാപകനായ അച്ഛൻ നല്ലൊരു കർഷകനുംകൂടി ആയിരുന്നു. അത് കണ്ടാണ് കൃഷിയോടുള്ള താൽപര്യം ബൈജുവിനും തോന്നിയത്.
വീടിനോടുചേർന്ന് കാടുമൂടിയ സ്ഥലം വെട്ടിത്തെളിച്ചാണ് കൃഷിയോഗ്യമാക്കിയത്. വിയറ്റ്നാം മോഡൽ കൃഷിയെപ്പറ്റി യൂട്യൂബിൽനിന്ന് കൂടുതൽ മനസ്സിലാക്കിയാണ് കൃഷി തുടങ്ങിയത്. നാലിഞ്ച് വ്യാസമുള്ള രണ്ടര മീറ്റർ പി.വി.സി. പൈപ്പിന്റെ അടിഭാഗത്ത് കമ്പി കയറ്റി മണ്ണിൽ കുഴിയെടുത്ത് കോൺക്രീറ്റിൽ ഉറപ്പിക്കുകയാണ് ആദ്യം ചെയ്തത്.
തുടർന്ന് കുരുമുളക് തൈകൾ പൈപ്പിന്റെ ചുവട്ടിൽ വളപ്രയോഗം ചെയ്ത് നട്ടു. തൈകൾ വളരുന്നതിനനുസരിച്ച് പൈപ്പ് നീട്ടിക്കൊടുക്കാനുള്ള സൗകര്യവും ഉണ്ട്. കുരുമുളക് കൃഷിയുടെ കൂടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളായ പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, പയർ, കാബേജ്, കോളിഫ്ലവർ, താലോരി, കൈപ്പ, അൽജീരിയൻ സ്വീറ്റ് വാട്ടർ മെലൻ കൂടാതെ കവുങ്ങ് വാഴ തുടങ്ങിയവയും ഇടവിളയായി കൃഷി ചെയ്തിട്ടുണ്ട്. രാവിലെ എട്ടു മണിയോടെ കൃഷിത്തോട്ടത്തിലിറങ്ങിയാൽ വൈകീട്ടേ വിശ്രമമുള്ളു.
സ്വന്തമായി കൃഷി ചെയ്ത് അതിൽ നിന്നുള്ള ഒരു ഫലം കിട്ടുമ്പോഴുള്ള മാനസികമായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് ബൈജു പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ഷൈനയുടെ പൂർണ പിന്തുണയും ബൈജുവിനുണ്ട്. രണ്ടുപെൺമക്കളിൽ മൂത്ത മകൾ ഐശ്വര്യ ഭർത്താവ് വിഷ്ണുവും യു.കെയിലും രണ്ടാമത്തെ മകൾ അപ്സര നെതർലൻഡ്സിൽ സിവിൽ എൻജിനിയർ മാസ്റ്റേഴ്സ് വിദ്യാർഥിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.