സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ബാക്ടീരിയ കണ്ടെത്തി ഗവേഷകർ
text_fieldsകൊൽക്കത്ത: സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി വിശ്വഭാരതി സർവകലാശാലയിലെ ഗവേഷകർ. ബാക്ടീരിയക്ക് സാഹിത്യ നൊബൽ ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ സ്മരണാർഥം പാന്തോയ ടാഗോറി എന്ന് പേരിട്ടു. കാർഷിക രീതികളിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ പുതിയ സൂക്ഷ്മജീവിക്ക് കഴിവുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സർവകലാശാലയിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസറും മൈക്രോബയോളജിസ്റ്റുമായ ബോംബ ഡാം പറഞ്ഞു. നെല്ല്, പയർ, മുളക് ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താൻ ഇതിന് കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ത്സാർഖണ്ഡിലെ ത്സരിയയിലുള്ള കൽക്കരി ഖനിയിലെ മണ്ണിൽനിന്നാണ് ബാക്ടീരിയയെ കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള വളങ്ങളുടെ ഉപയോഗം കുറക്കാനും അതുവഴി കൃഷിച്ചെലവ് ചുരുക്കാനും വിളവ് വർധിപ്പിക്കാനും ഈ ബാക്ടീരിയ സഹായിക്കുമെന്ന് അസോസിയേഷൻ ഓഫ് മൈക്രോബയോളജിസ്റ്റ് ഓഫ് ഇന്ത്യ (എ.എം.ഐ) അഭിപ്രായപ്പെട്ടു. എ.എം.ഐ കണ്ടുപിടിത്തം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. രാജു ബിശ്വാസ്, അഭിജിത് മിശ്ര, അഭിനവ് ചക്രവർത്തി, പൂജ മുഖോപാധ്യായ, സന്ദീപ് ഘോഷ് എന്നിവരാണ് സഹഗവേഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.