ജലക്ഷാമം രൂക്ഷം; കൊടിഞ്ഞി തരുത്തിയില് ഏക്കര്‍കണക്കിന് നെല്‍കൃഷി കരിഞ്ഞുണങ്ങുന്നു
text_fieldsതിരൂരങ്ങാടി: കടുത്ത ചൂടിനൊപ്പം ജലക്ഷാമവും രൂക്ഷമായതോടെ കൊടിഞ്ഞി തരുത്തിയില് ഏക്കര്‍ കണക്കിന് നെല്‍കൃഷി കരിഞ്ഞുണങ്ങുന്നു. പ്രദേശവാസിയായ ഒടിയില്‍ പീച്ചുവിന്റെ ആറ് ഏക്കറോളം ഉമ ഇനത്തിൽപെട്ട പുഞ്ചകൃഷിയാണ് കരിഞ്ഞുണങ്ങുന്നത്. ഞാറ് നട്ട് മൂന്ന് മാസം പിന്നിട്ടെങ്കിലും മതിയായ വെള്ളം ലഭിക്കാത്തതിനാല്‍ വളര്‍ച്ച മുരടിച്ച അവസ്ഥയിലായിരുന്നു. ചൂട് കടുത്തതോടെ കൃഷി പൂര്‍ണമായും കരിഞ്ഞു. കൃഷിയിറക്കേണ്ട സമയത്ത് അപ്രതീക്ഷിതമായെത്തിയ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശമായ ഇവിടങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. ഇതോടെ കൃഷിയിറക്കാന്‍ വൈകി. കെട്ടിക്കിടന്നിരുന്ന വെള്ളം മോട്ടോറുപയോഗിച്ച് കളഞ്ഞാണ് കൃഷിയിറക്കിയത്. ദിവസങ്ങള്‍ പിന്നിട്ടതോടെ ഇവിടങ്ങളില്‍ ജലക്ഷാമവും തുടങ്ങി. കൊടിഞ്ഞി തിരുത്തി, മോര്യാകാപ്പ്, പീലിയം ഭാഗത്താണ് വൻതോതില്‍ കൃഷിക്ക് ഉണക്കം സംഭവിച്ചത്. മോര്യാകാപ്പ് പദ്ധതി നടപ്പാക്കാത്തതും തോടുകള്‍ മണ്ണടിഞ്ഞ് തൂര്‍ന്നതും പാറയില്‍ തടയണ നിര്‍മാണം ഇഴഞ്ഞുനീങ്ങിയതുമാണ് ജലക്ഷാമത്തിന് കാരണം. ആറ് ഏക്കറില്‍ നീണ്ടുകിടക്കുന്ന മോര്യാകാപ്പ് പദ്ധതിക്കായി പലപ്പോഴായി തുക വകയിരുത്താറുണ്ടെങ്കിലും സര്‍ക്കാർ മെല്ലെപ്പോക്കിനാൽ പ്രവൃത്തി നടക്കാറില്ല.
ഈ പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്ന വട്ടച്ചിറ പോത്തുംകുണ്ട് മോര്യാകാപ്പ് തോട് പൂര്‍ണമായും മണ്ണടിഞ്ഞ നിലയിലാണ്. 2018ല്‍ പ്രദേശത്ത് കൃഷിയിറക്കാൻ പീച്ചു 28,000 രൂപ മുടക്കി തോടുകളില്‍നിന്ന് മണ്ണ് നീക്കിയിരുന്നു. എന്നാല്‍, അവയും ഇപ്പോള്‍ തൂര്‍ന്ന നിലയിലാണ്.
ഈ തോട്ടില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാൻ കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ധനു മാസത്തിലെ അപ്രതീക്ഷിത മഴയിൽ വെള്ളം കെട്ടി നിന്നതിനാല്‍ കൃഷിയിറക്കാന്‍ വൈകിയതും കടുത്ത വേനലും വലിയ നഷ്ടമാണ് പീച്ചുവിനുണ്ടാക്കിയിരിക്കുന്നത്.
പത്താം വയസ്സുമുതല്‍ കൃഷിരംഗത്തുള്ള പീച്ചു 36 വര്‍ഷമായി പ്രവാസിയായിരുന്നു. 2016 മുതലാണ് കൃഷിയില്‍ വീണ്ടും സജീവമായത്.
എത്ര നഷ്ടം വന്നാലും കൃഷിയെ കൈയൊഴിയാന്‍ ഒരുക്കമല്ലെന്നും പാറയില്‍ ഭാഗത്ത് പമ്പ് ഹൗസ് സംവിധാനവും മോര്യാകാപ്പ് പദ്ധതി യാഥാർഥ്യമാകുകയും ചെയ്താല്‍ കര്‍ഷകരുടെ പ്രയാസത്തിനും കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകുമെന്ന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കൂടിയായ പീച്ചു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.