വെള്ളം കുറക്കും, കൃഷി സമൃദ്ധമാകും; കാർഷികമേഖലയിലെ ജല ഉപയോഗം 2030ഓടെ 40 ശതമാനം കുറക്കാനുള്ള പദ്ധതികളുമായി ഖത്തർ
text_fieldsദോഹ: ജലസുരക്ഷ, ഭക്ഷ്യോൽപാദനം, സുരക്ഷ എന്നിവ വർധിപ്പിക്കുന്നതിനും സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി 2030ഓടെ ഒരു ടൺ വിളയുടെ ജല ഉപഭോഗത്തിൽ 40 ശതമാനം കുറവ് വരുത്താൻ പദ്ധതിയുമായി ഖത്തർ. ജലത്തിന്റെ ഉപയോഗരീതി മെച്ചപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിൽ നിന്നുള്ള ഡോ. ഡെൽഫിൻ അൽക്ലോക്ക് പറഞ്ഞു.
വരണ്ട രാജ്യങ്ങളിൽ വെള്ളം സംഭരിക്കുക എളുപ്പമല്ലെന്നും അതിനാൽ ജലസേചനവും ജലം ലാഭിക്കുന്നതുമായ കൃഷിരീതികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ഡോ. അൽക്ലോക്ക് കൂട്ടിച്ചേർത്തു. മരുഭൂമിയിലെ കാലാവസ്ഥയിലെ സുസ്ഥിര ഊർജം-ജലം-പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട മൂന്നാമത്തെ അന്താരാഷ്ട്ര സമ്മേളനത്തിലെ പാനൽ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2030ഓടെ ഒരു ടൺ വിളയുടെ ജല ഉപഭോഗത്തിൽ ശരാശരി 40 ശതമാനം പുരോഗതി കൈവരിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്നും അവർ ചൂണ്ടിക്കാട്ടി.സംസ്കരിച്ച മലിനജലം ഉപയോഗിക്കുന്നതിനെ ഖത്തർ പ്രോത്സാഹിപ്പിക്കുകയാണെന്നും ശുദ്ധീകരിച്ച മലിനജലം പ്രധാനമായും കാലിത്തീറ്റയുടെ ഭാഗമായി ഉപയോഗിക്കുന്നുവെന്നും 2030ഓടെ കാലിത്തീറ്റക്കുള്ള ജലസേചനത്തിൽ 100 ശതമാനവും സംസ്കരിച്ച ജലം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അൽക്ലോക്ക് വെളിപ്പെടുത്തി.
ടി.എസ്.ഇ ജലം എങ്ങനെ കൊണ്ടുപോകാം എന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള വെല്ലുവിളികൾ മുന്നിലുണ്ട്. സംസ്കരിച്ച മലിനജലം പരമാവധിയാക്കുന്നതിലും കാലിത്തീറ്റ, മരങ്ങൾ നട്ടുപിടിപ്പിക്കൽ, ലാൻഡ്സ്കേപ്പിങ് എന്നിവക്കായി ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നതിൽ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ഘടകങ്ങളും നിർണായകമാണെന്നും അവർ വിശദീകരിച്ചു.
രാജ്യം നേരിടുന്ന ജലദൗർലഭ്യത്തെ നേരിടാൻ നൂതനമായ പരിഹാരങ്ങൾക്കായി പ്രായോഗിക ഗവേഷണം സമന്വയിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി.മിഡിലീസ്റ്റിലെയും ഗൾഫിലെയും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ, മഴയുടെ കുറവ്, മരുഭൂവത്കരണം, നീണ്ട വേനൽക്കാലം എന്നിവ കാരണം കാർഷിക മേഖല വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
ഖത്തറിന്റെ ഏക പ്രകൃതിദത്ത ശുദ്ധജല സ്രോതസ്സുകൾ മഴയും ഭൂഗർഭജലവുമാണ്. ഉപ്പ് നീക്കിയുള്ള ശുദ്ധജലം സംഭരിക്കുന്നതും പ്രധാന ജലസ്രോതസ്സുകളിലൊന്നാണ്. എന്നാൽ, ഇത് ചെലവേറിയതും ഊർജം ഏറെ ആവശ്യമുള്ള പ്രക്രിയയാണ്.
കാലാവസ്ഥയും പാരിസ്ഥിതിക മാറ്റങ്ങളും പോലെ കാർഷിക മേഖലയിലെ സവിശേഷമായ വെല്ലുവിളികളെക്കുറിച്ച് അഗ്രിക്കോ മാനേജിങ് ഡയറക്ടർ നാസർ അഹ്മദ് അൽ ഖലഫ് ചർച്ചയിൽ ഊന്നിപ്പറഞ്ഞു. മിഡിലീസ്റ്റിലെ കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസൃതമായി സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.