തണ്ണിമത്തൻ കൃഷിയിൽ വിജയഗാഥയുമായി അബ്ദുൽ ഖാദർ
text_fieldsകാഞ്ഞങ്ങാട്: ചിത്താരിയുടെ മണ്ണിൽ വത്തക്ക വിപ്ലവത്തിലാണ് അജാനൂർ സെൻട്രൽ ചിത്താരിയിലെ അബ്ദുൽ ഖാദർ. നെൽ കൃഷിയിലുൾപെടെ തൊട്ടതെല്ലാം പൊന്നാക്കിയ അബ്ദുൽ ഖാദർ ഇക്കുറി വത്തക്ക കൃഷിയിലും നൂറുമേനി കൊയ്തു. ആരോഹി (മഞ്ഞ), കിരൺ, നാംദാരി എന്നീ മൂന്ന് വിഭാഗം തണ്ണിമത്തൻ കൃഷിയാണ് ഇറക്കിയത്. മൂന്ന് തരം വത്തക്ക കൃഷിയിലും നൂറ് മേനി വിജയം. പരിപാലിച്ചാൽ നമ്മുടെ മണ്ണിലും ഏത്കൃഷിയിലും വിജയം നേടാമെന്ന് തെളിയിച്ചിരിക്കുകയാണദ്ദേഹം.
അന്യ സംസ്ഥാനത്ത് നിന്നും വരുന്ന തണ്ണിമത്തൻ മാത്രം കഴിച്ചിരുന്ന നാട്ടുകാർക്ക് നാട്ടിലെ വത്തക്കയോട് ഏറെ പ്രിയമാണ്. അറിഞ്ഞവർ ഇവിടെയെത്തി വില കൊടുത്ത് തണ്ണിമത്തൻ വാങ്ങുന്നു. കടയിലുള്ളതിനെക്കാൾ വില കുറച്ച് കൊടുത്താൽ മതി. വിശ്വസിച്ച് കഴിക്കുകയും ചെയ്യാം. ഒരു ഏക്കറിലേറെ വരുന്ന പാടത്താണ് തണ്ണിമത്തൻ കൃഷിയിറക്കിയത്. കഴിഞ്ഞ വർഷം ഒരു തരമാണ് കൃഷിയിറക്കിയിരുന്നെങ്കിലും വിജയിച്ചില്ല. മറ്റ് സംസ്ഥാനത്ത് നിന്നും വിത്ത് ശേഖരിച്ചാണ് കൃഷി. ഇന്നിപ്പോൾ അബ്ദുൽ ഖാദറിന്റെ പാടം നിറയെ തണ്ണിമത്തൻ വിളഞ്ഞ് വിളവെടുപ്പിന് തയാറായി നിൽക്കുന്നു. നാട്ടുകാർക്കിത് മനോഹര കാഴ്ചയാണ്.
നാട്ടിൽ അത്ര പ്രചാരത്തിലില്ലാതും എന്നാൽ ഭക്ഷണത്തിൽ ഏറെ പ്രിയപ്പെട്ടതുമായ ബസുമതി അരികൃഷിയിറക്കി അബ്ദുൽ ഖാദർ നേരത്തെ നെൽ കൃഷിയിലും വിജയം കൈവരിച്ചിരുന്നു. ഇത്തവണ ബസുമതി, ജപ്പാൻ വൈലറ്റ്, ജീരകശാല, ജയ അരിയും കൃഷിയിറക്കിയിട്ടുണ്ട് . പഞ്ചാബിലെ കൃഷി സംഘടനകളുമായി ബന്ധപ്പെട്ടാണ് വിത്ത് ലഭ്യമാക്കിയത്.
സ്വന്തമായി കൃഷിസ്ഥലമില്ലാത്തതിനാൽ സുഹൃത്തുക്കളുടെ സ്ഥലം പാട്ടത്തിനെടുത്താണ് മുൻ പ്രവാസിയായ അബ്ദുൽ ഖാദറിന്റെ കൃഷി. മുളക് ഉൾപ്പെടെ വിവിധ കൃഷികളുണ്ട്. അബ്ദുൽ ഖാദറിനെ സഹായിക്കാൻഭാര്യ ഫരീദ, മക്കളായ ഫയറൂസ്, ഫർഅത്ത്, മരുമകൾ ഫർസാന എന്നിവരും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.