പച്ചക്കറി-പുഷ്പകൃഷി മികവിന്റെ കേന്ദ്രം; കാര്‍ഷിക വയനാടിന് മുന്നേറ്റമാകും -മന്ത്രി പി. പ്രസാദ്
text_fieldsഅമ്പലവയല്‍: പ്രാദേശിക കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ തുടങ്ങിയ പച്ചക്കറി-പുഷ്പകൃഷി മികവിന്റെ കേന്ദ്രം വയനാടന്‍ കാര്‍ഷിക മേഖലക്ക് ഗുണകരമായ മാറ്റം വരുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ് പറഞ്ഞു. അമ്പലവയലില്‍ പച്ചക്കറി-പുഷ്പകൃഷിയുടെ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മുഴുവന്‍ കര്ഷകര്ക്കുമാവശ്യമായ ഗുണമേന്മയുള്ള പച്ചക്കറി, പുഷ്പതൈകള് ഉൽപാദിപ്പിക്കാൻ ഈ കേന്ദ്രത്തിലൂടെ കഴിയും. കര്‍ഷകര്‍ക്ക് ഉൽപന്നങ്ങൾ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനത്തിനും കൃഷിയുമായി ബന്ധപ്പെട്ടുളള പരിശീലനത്തിനമുള്ള സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ പുഷ്പകൃഷി വ്യാപിപ്പിക്കുന്നതിന് അനുയോജ്യമായ സാഹചര്യമൊരുക്കും. കൃഷിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍, വിപണനം, ഇതര വിഷയങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഈ മാസം അടിയന്തര യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ ബഹുവിള കൃഷിരീതികള്‍ പിന്തുടരണം. പുതിയ വിള പ്ലാനുകളും കൃഷിയിടങ്ങളും അടിസ്ഥാനമാക്കിയുള്ള കൃഷിരീതികള്‍ അവംലബിക്കണം. മെച്ചപ്പെട്ട കൃഷിരീതികള്‍ പഠിക്കാനും മനസ്സിലാക്കാനും തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് അവസരമൊരുക്കും. ജില്ലയിലെ വാഴ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിപണി വില സംബന്ധിച്ച് പ്രശ്നം പരിഹരിക്കുന്നതിന് നടപടിയെടുക്കും.
ചെറുധാന്യ കൃഷി വയനാടിന് അനുയോജ്യമാണ്. വയനാടന്‍ ചെറുധാന്യങ്ങള്‍ വലിയതോതില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടാനുളള സാധ്യത കര്‍ഷകര്‍ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു. വയനാടിന്റെ ഉൽപന്നങ്ങളെ നല്ലരീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോമണ്‍ ഫെസിലിറ്റി സെന്റര്‍, ഡച്ച് പോളീഹൗസുകള്‍, ഇന്ത്യന്‍ പോളീഹൗസുകള്‍, തൈ ഉൽപാദന യൂനിറ്റ്, ഫെര്ട്ടിഗേഷന് യൂനിറ്റ്, സംസ്കരണകേന്ദ്രം, ഷേഡ് നെറ്റ്ഹൗസ്, ലേലം കേന്ദ്രം, പരിശീലനകേന്ദ്രം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു.
പത്മശ്രീ പുരസ്ക്കാര ജേതാവ് ചെറുവയല്‍ രാമന്, രാഷ്ട്രപതിയുടെ പ്രത്യേക പുരസ്കാരം നേടിയ അജി തോമസ് എന്നിവരെ ആദരിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബി. അശോക്, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് ഡയറക്ടര്‍ എല്‍.ആര്. ആരതി, നെതര്‍ലാന്റ്സ് എംബസി അറ്റാഷെ റിക്ക് നോബല്‍, കൃഷി ഡയറക്ടര്‍ കെ.എസ്. അഞ്ജു, ജില്ല കലക്ടര്‍ ഡോ. രേണുരാജ്, ആര്.എ.ആര്.എസ് അസോസിയേറ്റ് റിസര്‍ച്ച് ഡയറക്ടര്‍ കെ. അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.