ഗുണങ്ങൾ ധാരാളം, അടുക്കളത്തോട്ടത്തിൽ ഏറ്റവും എളുപ്പത്തിൽ കൃഷി ചെയ്യാം; കയ്പാണെങ്കിലും പാവക്ക സൂപ്പർ സ്റ്റാറാണ്
text_fieldsഏറ്റവുമധികം കീടനാശിനികൾ ഉപയോഗിച്ച് വിപണിയിലെത്തുന്ന പച്ചക്കറികളിലൊന്നാണ് പാവക്ക. പാവക്കയുടെ കയ്പു രുചികാരണം പലരും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടിക്കും. എന്നാൽ, ധാരാളം ഗുണങ്ങൾ അടങ്ങിയ പച്ചക്കറികളിലൊന്നാണ് പാവക്ക. കുക്കുർബിറ്റേസി കുടുംബത്തിൽപെട്ടതാണ് പാവൽ. അടുക്കളത്തോട്ടത്തിൽ ഏറ്റവും എളുപ്പത്തിൽ കൃഷി ചെയ്യാനും സാധിക്കും.
പ്രിയ, പ്രീതി, പ്രിയങ്ക തുടങ്ങിയവ നല്ല വിളവ് നൽകുന്ന ഇനങ്ങളാണ്. ചൂടുകാലത്താണ് പാവൽ കൃഷി ചെയ്യാൻ ഏറ്റവും അഭികാമ്യം. വിത്തുപാകി മുളപ്പിച്ചാണ് പാവൽ കൃഷി ചെയ്യുക. വള്ളിയായി പടർന്നുകയറും. നല്ലയിനം വിത്തുകൾ പാകുന്നതിനുമുമ്പ് വെള്ളത്തിലിട്ട് കുതിർത്തെടുക്കണം. അപ്പോൾ വേഗത്തിൽ മുളവരും. തൈകൾ മുളച്ച് രണ്ടാഴ്ച കഴിയുമ്പോൾ കൃഷി സ്ഥലത്തേക്കോ ഗ്രോബാഗ്/ചട്ടിയിലേക്കോ മാറ്റിനടാം.
ഒരു ബാഗിൽ/തടത്തിൽ രണ്ടു തൈകൾ വീതം നടാനാകും. അടിവളമായി ചാണകം, ആട്ടിൻകാഷ്ഠം, ഉണങ്ങിയ കരിയില, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ ചേർത്തുനൽകാം. ചെടി വളരുന്നതിന് അനുസരിച്ച് ജൈവവളം ചേർത്തുനൽകാം. ഇടക്കിടെ നനച്ചുനൽകുകയും വേണം. ചെടികൾ വള്ളിവീശിത്തുടങ്ങുമ്പോൾ പന്തലിട്ടു നൽകണം. പൂവിട്ടുകഴിഞ്ഞാൽ പ്രാണികളുടെ ആക്രമണം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
കായീച്ചയാണ് ഇതിൽ പ്രധാനം. കായ് പിടിച്ചുകഴിഞ്ഞാൽ പേപ്പർ -കവർകൊണ്ട് പൊതിഞ്ഞു സൂക്ഷിക്കാം. കായ്കൾ മൂപ്പെത്തിയാൽ വിളവെടുക്കാം. ഒരുപാട് മൂത്തുപോകാനും പാടില്ല. കറിയായും ജ്യൂസ് ആക്കിയുമെല്ലാം പാവക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രമേഹ രോഗികൾ ധാരാളമായി ഉപയോഗിക്കുന്ന പച്ചക്കറികളിലൊന്നാണ് പാവക്ക. കാത്സ്യം, ഇരുമ്പ്, ജീവകം എ, ബി, സി തുടങ്ങിയവ പാവക്കയിൽ അടങ്ങിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.