കാലാവസ്ഥ വ്യതിയാനം: വിളവെടുപ്പ് വൈകുന്നു
text_fieldsമുതലമട: ‘മാംഗോ സിറ്റി’യിൽ ഇത്തവണ മാവ് നാലാം തവണയും പൂത്തത് കനത്ത തിരിച്ചടി. സാധാരണരീതിയിൽ നവംബറിൽ പൂക്കളുണ്ടാകുകയും ഡിസംബർ അവസാനത്തോടെ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്യുന്ന മുതലമടയിൽ കാലാവസ്ഥ വ്യതിയാനം മൂലം ഇത്തവണ മൂന്നുതവണ മാവുകൾ പൂത്ത് പൂക്കൾ കൊഴിഞ്ഞു പോവുകയും നാലാം തവണ പൂക്കൾ ഉണ്ടാകുകയും ചെയ്തു. ഇത് കർഷകരുടെ പ്രതീക്ഷകളെ തകർത്തു.
ആറ് വർഷങ്ങൾക്കു മുമ്പ് നവംബറിൽത്തന്നെ വിളവെടുപ്പ് ഉണ്ടാകുന്ന തോട്ടങ്ങളിലാണ് കാലാവസ്ഥ വ്യതിയാനം മൂലം മാങ്ങ വിളവെടുപ്പ് വൈകുന്നത്. മഞ്ഞും മഴയും മൂലമാണ് പൂക്കൾ കൊഴിയുന്നതെന്നും നിലവിൽ നാലാം തവണയും മാവുകൾ പൂത്തതാതും മാവ് കർഷകൻ മോഹൻകുമാർ പറഞ്ഞു. 40 ശതമാനം തോട്ടങ്ങളിൽ മാത്രമാണ് മാവുകൾ നാലാം തവണ പൂത്തിട്ടുള്ളത്. 15 ശതമാനം തോട്ടങ്ങളിൽ ഒരു മാസം കഴിഞ്ഞാൽ വിളവെടുപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
പതിനായിരത്തിലധികം ഹെക്ടറിലധികം മാവ് കൃഷിയുള്ള മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളുൾപ്പെടുന്ന പ്രദേശങ്ങളിൽ ഇത്തവണ ലക്ഷങ്ങൾ നൽകി പാട്ടത്തിനെടുത്ത കർഷകരും ദുരിതത്തിലാണ്. ഒരു ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് ഒരു വർഷത്തേക്ക് പാട്ടത്തുക നൽകി കൃഷി ചെയ്യുന്നത്.
ഡിസംബറിൽ വിളവെടുപ്പ് ആരംഭിച്ചാലാണ് ഉത്തരേന്ത്യയിലേക്കും വിദേശരാജ്യങ്ങളിലേക്കും അയച്ച് പാട്ടത്തുക നൽകിയ സംഖ്യ തിരിച്ചെടുക്കാനാകുക. ജനുവരി, ഫെബ്രുവരി മാസത്തേക്ക് വിളവെടുപ്പ് ആകുമ്പോൾ തമിഴ്നാട്ടിലും ആന്ധ്രയിലും വിളവെടുപ്പ് കാലമായത് വിപണിയിൽ മുതലമട മാങ്ങയുടെ വിലയിടിക്കും. തോട്ടം പാട്ടത്തിനെടുക്കുന്ന കർഷകർ വായ്പയെടുത്താണ് കൃഷി നടത്തുന്നത്. ആധാരം പണയം വെച്ചും മറ്റും കൃഷിയിറക്കിയവർക്ക് തിരിച്ചടവും മുടങ്ങിയതിനാൽ പാട്ടത്തുക ബാക്കി ലഭിക്കാനുള്ളതും കിട്ടുന്നില്ലെന്ന് തോട്ട ഉടമകൾ പറയുന്നു. കാലാവസ്ഥ അടിസ്ഥാനമാക്കി വിള ഇൻഷുറൻസ് പദ്ധതികൾ നിരവധി ഉണ്ടെങ്കിലും കർഷകർക്ക് മതിയായ സഹായം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.