ചൂർണിക്കര പഞ്ചായത്തിൽ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം
text_fieldsചൂർണിക്കര: ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പളളിക്കേരി പാടത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും വൻ കൃഷിനാശം. വിവിധ കർഷകരുടെ രണ്ട് ഏക്കറോളം വാഴകൃഷിയാണ് നശിച്ചത്. കുലച്ച വാഴകളാണ് കൂടുതലും ഒടിഞ്ഞുവീണത്. കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മുണ്ടേത്ത് ഹമീദ്, പുത്തൻപുരയിൽ അബ്ദുൽ ഖാദർ, മുണ്ടേത്ത് വീരാൻ, മുണ്ടേത്ത് നിഷാദ്, സി.എ. ഹമീദ്, ജലീൽ പുത്തൻപുരയിൽ, കോട്ടേപ്പിള്ളി സുബൈർ, പുത്തൻപുരയിൽ അബൂബക്കർ, കോട്ടേപ്പിള്ളി അഷ്റഫ്, കുഴിക്കാട്ടിൽ അബൂബക്കർ എന്നീ കർഷകർക്കാണ് കനത്ത നഷ്ടമുണ്ടായത്.
വാർഡ് അംഗം പി.എസ്. യൂസഫ് ചൂർണിക്കര കൃഷിഭവനിൽ അറിയിച്ചു. കർഷകർക്കുണ്ടായ നഷ്ടം വിലയിരുത്തി എഫ്.ഐ.ആർ ഇട്ടിട്ടുണ്ടെന്നും നഷ്ട പരിഹാരത്തിനായി വേണ്ട നടപടികൾ എടുക്കുമെന്നും അസി. കൃഷി ഓഫിസർ അറിയിച്ചു. എന്നാൽ, കഴിഞ്ഞ വർഷം മഴക്കാലത്തും ഇതുപോലെ കനത്ത നഷ്ടമുണ്ടായിട്ടും ഇതുവരെയും യാതൊരു ആനുകൂല്യവും കിട്ടിയില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. എല്ലാം ഇൻഷുറൻസ് ചെയ്ത വാഴകളാണെന്നും തങ്ങൾക്കുണ്ടായ നഷ്ടം ഉടൻ തന്നെ അധികാരികൾ നികത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷത്തെ പോലെ ആകരുതെന്നും പലരും ലോണെടുത്താണ് കൃഷി ചെയ്യുന്നതെന്നും കർഷകർ പറഞ്ഞു. കർഷകർക്കുണ്ടായ നഷ്ടം നികത്താൻ വേണ്ട നടപടികൾ എടുക്കുമെന്നും കർഷകരുടെ ദുരിതം അധികാരികളെ അറിയിക്കുമെന്നും ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഷെഫീക്ക്, വാർഡ് അംഗം പി.എസ്. യൂസഫ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.