വയനാട്ടിൽ വ്യാപക മഴ തുടരുന്നു; ദുരിതത്തിലായി കർഷകർ
text_fieldsകൽപറ്റ: അപ്രതീക്ഷിത മഴയിൽ ദുരിതത്തിലായി ജില്ലയിലെ കർഷകരും. വിളവെടുക്കാറായ നെൽവയലുകളിൽ വെള്ളം കയറിയതാണ് നെൽകർഷകരെ ഏറെ പ്രതിസന്ധിയിലാക്കുന്നത്. മഴ മാറാതെ വിളവെടുക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ചില സ്ഥലങ്ങളിൽ കൊയ്ത നെല്ല് പാടത്തുനിന്നെടുക്കാനും കഴിയാത്ത അവസ്ഥയുണ്ട്. മഴയിൽ കുതിർന്ന നെൽക്കറ്റകൾ വാരാനാകാതെ വലിയ നഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്. നെൽകർഷകർക്ക് പുറമേ കവുങ്ങ് പാട്ടത്തിനെടുത്തവർക്കും മഴ ദുരിതമാണ് സമ്മാനിച്ചത്. അടക്ക പറിക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഇതോടൊപ്പം അടക്കക്ക് വിലയിടഞ്ഞതും കർഷകർക്ക് തിരിച്ചടിയായി. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ മഴ തുടരുന്നതിനാലാണ് അടക്കക്ക് വിലയിടിഞ്ഞത്. മഴ തുടരുന്നതിനാൽ അടക്ക കൊഴിഞ്ഞുപോകുന്നുമുണ്ട്. ജില്ലയിൽ രണ്ടു ദിവസമായി പലയിടത്തും നേരിയതോതിലുള്ള മഴ പെയ്യുന്നുണ്ട്. ഞായറാഴ്ചയോടെ രാവിലെ മുതൽ ജില്ലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും വ്യാപകമായ മഴയാണ് പെയ്തത്.
ഉച്ചയോടെ പലയിടത്തും മഴ ശക്തിപ്രാപിച്ചു. ഞായറാഴ്ച ജില്ലയിൽ മഞ്ഞ ജാഗ്രത നിർദേശമാണ് നൽകിയിരുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വരെ ജില്ലയിൽ വ്യാപക മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴ തുടർന്നാൽ നെൽവയലുകളിൽ കൂടുതൽ വെള്ളം കയറുന്നതിനും ഏക്കറുകണക്കിന് കൃഷി നശിക്കുന്നതിനും കാരണമാകും. വയനാടിന്റെ പ്രധാന നെല്ലറയായ പനമരം പഞ്ചായത്തിന്റെ വിവിധയിടങ്ങളിലും മറ്റു സ്ഥലങ്ങളിലും കൊയ്ത്ത് തുടങ്ങുന്നതിനുള്ള ഒരുക്കം നടന്നുവരുന്നതിനിടയിലാണ് മഴ പെയ്യുന്നത്. മഴ കാരണം നെല്ല് കൊയ്തെടുക്കാന്‍ പ്രായസമാണ്. കൊയ്ത്ത് യാന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും ഇതിനോടകം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തി തുടങ്ങിയെങ്കിലും പാടത്ത് ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചേകാടി, കൊളവള്ളി, പനമരത്തെ വെള്ളമ്പാടി, മേച്ചേരി, മാത്തൂർവയൽ, കരിമ്പുമ്മൽ, പടിഞ്ഞാറത്തറയിലെ കുറുമണി, പുതുശ്ശേരിക്കടവ്, മുട്ടിലിലെ തൃക്കൈപറ്റ, മാനന്തവാടിയിലെ തലപ്പുഴ എന്നിങ്ങനെ ജില്ലയിലെ പ്രധാന പാടശേഖരങ്ങളിലെല്ലാം കൊയ്ത്ത് ആരംഭിക്കാനിരിക്കേ മഴ തുടരുന്നത് തിരിച്ചടിയായിരിക്കുകയാണ്. മാൻഡസ് ചുഴലിക്കാറ്റിന്റെ ഫലമായി അറബിക്കടലിൽ ഈർപ്പമുള്ള പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതോടെയാണ് സംസ്ഥാനത്ത് പലയിടത്തും മഴ ശക്തിപ്രാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.