ഇടുക്കി ജില്ലയിൽ പരക്കെ മഴ; കാർഷിക മേഖലയിൽ ഉണർവ്
text_fieldsതൊടുപുഴ: രണ്ടു ദിവസമായി ജില്ലയിൽ പരക്കെ മഴ പെയ്യുന്നത് കാർഷിക മേഖലക്ക് ഉണർവായി. പലയിടത്തും ഇടവിട്ട് ശക്തമായ മഴയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
ബുധനാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ദേവികുളം താലൂക്കിലാണ്, 14.6 മി.മീറ്റര്‍. ഇടുക്കി -13.6, തൊടുപുഴ -7.8, പീരുമേട് -6 മി.മീറ്ററും വീതം മഴ ലഭിച്ചു.
ആഗസ്റ്റിൽ ജില്ലയിൽ മഴ കുറഞ്ഞത് കാർഷിക മേഖലയെയടക്കം സാരമായി ബാധിച്ചിരുന്നു ഏലം, കുരുമുളക്, കൊക്കോ, ജാതി തുടങ്ങി വിവിധ വിളകളെയാണ് മഴക്കുറവ് സാരമായി ബാധിച്ചത്. ഏലം മേഖലയിലാണ് വേനൽ ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ചത്. കൂടുതൽ ജലസേചനം ആവശ്യമായി വരുന്ന കാർഷിക വിളയാണ് ഏലം. ചൂട് ബാധിച്ചാൽ ഏലക്ക ഉൽപാദനത്തെയും ബാധിക്കും.
അതിനാൽ പല തോട്ടങ്ങളിലും ചെടികൾ കരിഞ്ഞുണങ്ങാതിരിക്കാൻ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്ത് ജലസേചനം നടത്താൻ തുടങ്ങിയിരുന്നു.
ഈ അവസ്ഥ തുടർന്നാൽ, കർഷകർക്ക് ജലസേചനത്തിനും മറ്റും അധിക ചെലവ് വേണ്ടി വരുമെന്ന ആശങ്കയിലിരിക്കെ മഴ എത്തിയത് മലയോരത്ത് ആശ്വാസമായിട്ടുണ്ട്. മരച്ചീനി, ചേന, വാഴ, ചേമ്പ് തുടങ്ങി തന്നാണ്ട് വിളകൾ കൃഷി ചെയ്തിരിക്കുന്ന കർഷകർക്കും മഴ സഹായമായി.
മഴ ആരംഭിച്ചതോടെ ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയരാന്‍ തുടങ്ങി. ഇടുക്കിയിലെ ജലനിരപ്പ് 0.4 അടി ഉയര്‍ന്ന് 2329.18 അടിയായി. മൊത്തം സംഭരണശേഷിയുടെ 30 ശതമാനമാണ് ജലശേഖരം.
കുണ്ടള -84, മാട്ടുപ്പെട്ടി -56, ആനയിറങ്കല്‍ -29, പൊന്മുടി -28, നേര്യമംഗലം -52, ലോവര്‍ പെരിയാര്‍ 62 ശതമാനം വീതമാണ് ജലനിരപ്പ്.
അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴക്കുറവുള്ള ജില്ലയാണ് ഇടുക്കി. ഇതുവരെ 60 ശതമാനം മഴക്കുറവാണ് ജില്ലയിലുള്ളത്. 2294.5 മി.മീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 919.5 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.