വന്യമൃഗ ശല്യവും പ്രതികൂല കാലാവസ്ഥയും: ഹൈറേഞ്ചിൽ ഏത്തവാഴ കുറയുന്നു; മരച്ചീനി കൃഷിയും...
text_fieldsഅടിമാലി: പച്ചക്കറിക്കും നെല്ലിനും പുറമെ ഏത്തവാഴ, മരച്ചീനി കൃഷികളും ഹൈറേഞ്ചിലെ കർഷകർ ഉപേക്ഷിക്കുന്നു. രൂക്ഷമായ വന്യമൃഗ ശല്യവും പ്രതികൂല കാലാവസ്ഥയുമാണ് കാരണം. പ്രതിസന്ധികൾ തരണം ചെയ്യാൻ ബുദ്ധിമുട്ടായതോടെ ഇക്കുറി ഓണകൃഷിയുമില്ലെന്നതാണ് സ്ഥിതി. വരൾച്ചയും പ്രളയവും പ്രതിസന്ധിയായി മാറിയ ഹൈറേഞ്ചിൽ ഇക്കുറി പച്ചക്കറി കൃഷിയും വിരളമായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏത്തക്കായും മരച്ചീനിയും ഹൈറേഞ്ചിലാണ് ഉല്പാദിപ്പിച്ചിരുന്നത്. ഇവ ടൺ കണക്കിന് കയറ്റി അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇറക്കുമതി ചെയ്യേണ്ടി വരികയാണ്.
അടിമാലി, മാങ്കുളം, കൊന്നത്തടി, രാജാക്കാട്, വെള്ളത്തൂവൽ, രാജകുമാരി, വാത്തിക്കുടി പഞ്ചായത്തുകളിലാണ് ഇവ കൂടുതലും ഉണ്ടായിരുന്നത്. എന്നാൽ ചിലയിടങ്ങളിൽ മാത്രമാണ് കൃഷി അവശേഷിക്കുന്നത്. വ്യാപകമായിരുന്ന പാവൽ, പയർ കൃഷികളും ഇപ്പോൾ കാര്യമായില്ല. പച്ചക്കറിക്കൃഷി ഉപേക്ഷിച്ച് ചില കർഷകർ മരച്ചീനി കൃഷി ചെയ്തു തുടങ്ങി. എന്നാൽ കാട്ടുപന്നിയും കാട്ടാനയും വില്ലനായി മാറി. ഇക്കുറി ഓണക്കാലത്ത് കൃഷിയും വിളവെടുപ്പും ഓർമ മാത്രമാണെന്ന് കർഷകർ പറയുന്നു.
വാഴക്കൃഷി സജീവമായിരുന്ന വാഴക്കർഷകർക്കും നഷ്ടക്കണക്കാണ് പറയാനുള്ളത്. പ്രളയവും വരൾച്ചയും കാട്ടാന ശല്യവും പതിവായതോടെ കർഷകരുടെ മനസ്സ് തകർന്നതാണ് കൃഷി കുറയാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.