കൃഷിയിറക്കി കർഷകർ; വിളവെടുത്ത് വന്യമൃഗങ്ങൾ
text_fieldsനടവയൽ: കൃഷിയിറക്കാൻ കർഷകർ, വിളവെടുക്കാൻ വന്യമൃഗങ്ങൾ എന്ന അവസ്ഥയിലാണ് നെയ്ക്കുപ്പ ചെഞ്ചടി പ്രദേശം. നെല്ല് കതിരിടും മുമ്പ് വിളവെടുത്ത് വന്യമൃഗങ്ങൾ കൃഷിയിടത്തിൽ താണ്ഡവമാടുമ്പോൾ കണ്ണീർക്കയത്തിലായിരിക്കുകയാണ് നെൽകർഷകർ.
കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം ഏക്കർ കണക്കിന് പാടത്തെ കൃഷി നശിപ്പിച്ചു. നെയ്ക്കുപ്പ ചെഞ്ചടി പാടശേഖരത്തിലാണ് കാട്ടാനകൾ ഇറങ്ങി വൻ കൃഷിനാശം വരുത്തിയത്. വനാതിർത്തിയിലെ വയലിൽ കതിരിട്ടതും കതിരിടാത്തതുമായ നെൽക്കൃഷി കാട്ടാനക്കൂട്ടം തിന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചു.
വയലിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് കാവൽമാടം കെട്ടിയിട്ടുണ്ട്. കാവലിരിക്കുന്നതിനിടെ കർഷകർ ഒന്ന് മയങ്ങിപ്പോയ നേരം കൊണ്ടാണ് വയലിൽ ഇറങ്ങിയ കാട്ടാനക്കുട്ടം നെൽക്കൃഷി തിന്നുതീർത്തത്. നടവയൽ വില്ലേജിൽ പാതിരി സൗത്ത് സെക്ഷൻ വനാതിർത്തിയോട് ചേർന്ന നെയ്ക്കുപ്പ, ചെക്കിട്ട, ചെഞ്ചടി ഭാഗത്തെ വയലിൽ നെല്ല് കതിരായതോടെ കാട്ടാന, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം രൂക്ഷമാണ്.
പാട്ടകൊട്ടിയാലും പടക്കം പൊട്ടിച്ചാലും വയറുനിറയാതെ വയലിൽ നിന്ന് കാട്ടാന തിരിച്ച് പോകാത്ത അവസ്ഥയാണുള്ളതെന്ന് പ്രവാസി ജീവിതം അവസാനിപ്പിച്ച് ചെഞ്ചടി വയലിൽ നെൽകൃഷിയിറക്കിയ യുവകർഷകൻ ഷൈജു പറഞ്ഞു.രൂക്ഷമായ വന്യമൃഗ ശല്യം കാരണം ഇത്തവണ നിരവധി കർഷകർ കൃഷി ഇറക്കാതെ പാടം തരിശ്ശിട്ടിരിക്കുകയാണ്.
ആന ശല്യം അവഗണിച്ച് കൃഷിയിറക്കിയവരാണ് ഇപ്പോൾ ദുരിതത്തിലായത്. മേവളക്കുന്നേൽ ബിനു, മുപ്രകണ്ടത്തിൽ ഷൈജു, ചെഞ്ചടി ശശീന്ദ്രൻ, ശിവൻ, സുരേഷ്, ബിനോയി, എന്നീ കർഷകരുടെ ഏക്കർകണക്കിന് വയലിലെ കൃഷി കഴിഞ്ഞ ദിവസം രാത്രി ആനകൾ നശിപ്പിച്ചു.
വനാതിർത്തിയിൽ വൈദ്യുതിവേലി തകർന്നതും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യാത്തതാണ് ആനകൾ ഇറങ്ങാൻ കാരണം. വൈദ്യുതി വേലി അറ്റകുറ്റപ്പണി കാര്യക്ഷമമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
നടവയലിലും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷം
നടവയൽ: നടവയൽ, നെയ്ക്കുപ്പ, കോളജ്ക്കുന്ന്, ചീരവയൽ പ്രദേശത്ത് കാടിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി. ലക്ഷങ്ങളുടെ നാശനഷ്ടം. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാവുന്നു.
സന്ധ്യമയങ്ങുന്നതോടെ കൃഷിയിടത്തിൽ എത്തുന്ന കാട്ടാനക്കൂട്ടം സംഹാര താണ്ഡവമാടുന്നു. നടവയൽ ടൗണിനടുത്ത് നെയ്ക്കുപ്പ റോഡിൽ കഴിഞ്ഞ രാത്രി ആനയിറങ്ങി ഇരട്ടമുണ്ടക്കൽ ജോസ്, ശിവദാസൻ, സണ്ണി എന്നീ കർഷകരുടെ തെങ്ങ്, കപ്പ, വാഴ, കാപ്പി, കമുക് എന്നീ കൃഷി നശിപ്പിച്ചു. വനാതിർത്തിയിൽ കരിങ്കൽ ഭിത്തി തകർന്നു കിടക്കുന്നതും വൈദ്യുതി വേലി അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ആനകൾ കൂട്ടത്തോടെ ഇറങ്ങാൻ കാരണമെന്ന് കർഷകർ പറഞ്ഞു.
വന്യമൃഗശല്യം തടയുന്നതിന് വനം വകുപ്പിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഇല്ല. കൃഷി നശിച്ച കർഷകർക്ക് വനം വകുപ്പ് നഷ്ടപരിഹാരം നൽകുന്നതിനും കാലതാമസം വരുത്തുന്നുണ്ട്. വനാതിർത്തിയിൽ ആവശ്യത്തിന് വാച്ചർമാരെ നിയമിക്കുകയും കിടങ്ങുകളുടെ അറ്റകുറ്റപ്പണികളും വൈദ്യുതി വേലി കാര്യക്ഷമമാക്കുകയും ചെയ്താൽ ഒരു പരിധി വരെ ആനശല്യം തടയാൻ കഴിയുമെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.