വന്യമൃഗശല്യം രൂക്ഷം; കുടിയേറ്റ മേഖലയില്‍ കർഷകരുടെ കുടിയിറക്കം
text_fieldsമുക്കം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കാട്ടുമൃഗങ്ങളോടും പ്രകൃതിയോടും കാലാവസ്ഥയോടുമെല്ലാം പടവെട്ടി ജീവിതം കരുപ്പിടിപ്പിക്കാനായി വർഷങ്ങൾക്കുമുമ്പ് കുടിയേറിപ്പാർത്തവർക്ക് പറയാനുള്ളത് ദുരിതകഥ മാത്രം. വന്യമൃഗശല്യവും കാർഷിക മേഖലയുടെ തകർച്ചയുംമൂലം അടുത്തിടെ മലയോരമേഖലയിൽനിന്ന് കുടിയിറങ്ങിയത് നൂറുകണക്കിന് കുടുംബങ്ങളാണ്.
1940കളിലാണ് കിഴക്കൻ മലയോര മേഖലയിലേക്ക് കുടിയേറ്റമാരംഭിച്ചത്. കോട്ടയം ജില്ലക്കാരാണ് ഒട്ടുമിക്ക കർഷകരും. ഇവർക്ക് പറയാനുള്ളത് കണ്ണീരിന്റെ കഥകൾ മാത്രം.
ആദ്യകാലത്ത് വന്യമൃഗങ്ങളോടും മണ്ണിനോടും പടവെട്ടി കുടിയേറ്റ ജനത മണ്ണില്‍ പൊന്നുവിളയിച്ചപ്പോൾ ഇപ്പോൾ ഇതേ വന്യമൃഗങ്ങൾമൂലം ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണിവർ. ഇതോടെ വന്യമൃഗങ്ങളില്‍നിന്ന് രക്ഷതേടി കുടിയിറങ്ങുന്ന സങ്കടകരമായ കാഴ്ചയാണിന്ന്.
തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, ഊർങ്ങാട്ടിരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിതി രൂക്ഷമാണ്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മേലേ മുത്തപ്പന്‍പുഴ, മറിപ്പുഴ, തേന്‍പാറ എന്നിവിടങ്ങളിൽനിന്ന് വീടുവിട്ടിറങ്ങിയ കര്‍ഷക കുടുംബങ്ങൾ വന്യമൃഗശല്യമില്ലാത്ത താഴ്വാരങ്ങളിലാണ് സുരക്ഷിത ഇടംതേടുന്നത്.
പല കുടുംബങ്ങളും വാടകവീടുകളിലാണ്. 60ൽപരം വീടുകളായിരുന്നു കുണ്ടന്‍തോടിലുണ്ടായിരുന്നത്. ഇതില്‍ മിക്കവയിലും ഇപ്പോള്‍ മനുഷ്യവാസമില്ല. മേലേ മറിപ്പുഴയില്‍ 15ഓളം വീടുകളും ഒഴിഞ്ഞുകിടക്കുകയാണ്.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറംതോട്, കൂമ്പാറ, കക്കാടംപൊയിൽ, അകമ്പുഴ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അകമ്പുഴ, കക്കാടംപൊയിൽ മേഖലയിൽ മാത്രം നൂറോളം കുടുംബങ്ങൾ വീടുവിട്ടിറങ്ങിയതായാണ് കണക്ക്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കത്തും പരിസരപ്രദേശങ്ങളിലും കാട്ടാന ഉൾപ്പെടെയുള്ളവയുടെ ശല്യം അതിരൂക്ഷമാണ്. ഊർങ്ങാട്ടിരി പഞ്ചായത്തിൽ അടുത്തിടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്.
പുലി, കാട്ടാന, മലാന്, മാന്‍, പന്നി, കുരങ്ങ് എന്നിവയുടെ ശല്യമാണ് കുടിയിറക്കത്തിന് കാരണം. വന്യമൃഗശല്യം ജീവനും സ്വത്തിനും ഭീഷണിയായതോടെ വീടുവിട്ടിറങ്ങുകയല്ലാതെ മാര്‍ഗമില്ലെന്ന് ഇവര്‍ പറയുന്നു.
വനംവകുപ്പിന്റെ വേലികളെല്ലാം തകര്‍ത്താണ് വന്യജീവികളുടെ വിഹാരം. കൊക്കോ, ജാതി, കുരുമുളക് എന്നിവ സമൃദ്ധമായി വളരുന്ന മേഖലയാണിത്. കൃഷിയെമാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവരായതിനാൽ പൂര്‍ണമായും ഇവിടെനിന്ന് പറിച്ചുനടാനാകാത്ത അവസ്ഥയാണ്.
വന്യമൃഗശല്യത്തിനു പുറമെ വിളകളുടെ രോഗബാധയും വിലയിടിവും കാരണം പലരും കാര്‍ഷിക വൃത്തിയില്‍നിന്ന് പിന്നാക്കം പോയിട്ടുണ്ട്. പലരും ക്ഷീരമേഖലയിലേക്ക് തിരിഞ്ഞു. വേറെ ചിലര്‍ വിദേശത്ത് പോയി.
അടുത്ത കാലംവരെ വാനിലയും കുരുമുളകും കമുകും തെങ്ങും സമൃദ്ധമായി കൃഷി നടത്തിയിരുന്ന നിരവധി കര്‍ഷകരുണ്ടായിരുന്നു. രോഗബാധ കാരണം പലരും കൃഷി ഉപേക്ഷിച്ചു. ബാങ്കില്‍നിന്ന് ലോണെടുത്താണ് മിക്ക കര്‍ഷകരും വിളവിറക്കുന്നത്. മൃഗശല്യവും മറ്റും കാരണം കൃഷി നഷ്ടക്കച്ചവടമായതോടെ ബാങ്ക് വായ്പ തിരിച്ചടക്കാനാകാതെ പലരും ജപ്തി ഭീഷണിയിലാണ്. കുടിയേറ്റ കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കർഷകർ പറയുന്നു.
മലയോര മേഖലയിലെ അവശേഷിക്കുന്ന കർഷകർക്ക് പറയാനുള്ളത് കണ്ണീരിന്റെ കഥ തന്നെയാണ്. പകൽ സമയങ്ങളിൽപോലും ടൗണിലടക്കം വന്യമൃഗശല്യം രൂക്ഷമാണ്. അതുകൊണ്ട് തന്നെ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അനുവാദം നൽകണമെന്നും ഇവയെ വനംവകുപ്പ് പരസ്യമായി ലേലം ചെയ്ത് കർഷകരുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.