കാടുകയറാതെ കാട്ടാനകൾ: ആശങ്ക മാറാതെ കർഷകർ
text_fieldsപുതുപ്പരിയാരം: കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവായതോടെ കർഷകരുടെ ഭീതിയും ആശങ്കയും ഒഴിയുന്നില്ല. മുണ്ടൂർ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളിലെ മലമ്പ്രദേശ മേഖലയിലെ കർഷകർക്കാണ് വിളനാശ ഭീതിയുള്ളത്. കയ്യറ, നൊച്ചുപ്പുള്ളി എന്നിവിടങ്ങളിൽ കൊയ്ത്തിനൊരുങ്ങിയ പാടങ്ങളിൽ വിള സംരക്ഷിക്കുന്നത് ഇവർ രാവും പകലും കാവലിരുന്നാണ്. നൊച്ചിപ്പുള്ളിയിൽ പിടിയാന ഷോക്കേറ്റ് ചെരിഞ്ഞ പശ്ചാത്തലത്തിൽ കൂടെയുണ്ടായിരുന്ന മറ്റ് കാട്ടാനകൾ ജനവാസ മേഖലക്കടുത്ത് കുറ്റിക്കാടുകളിലും പറമ്പിലും പകൽ തമ്പടിച്ച് രാത്രി ഇരുട്ടിയാൽ ജനവാസ മേഖലയിൽ കറങ്ങുകയാണ്. ഇത് തദ്ദേശവാസികളിലും കർഷകരിലും ആനപ്പേടി ഇരട്ടിപ്പിച്ചു. കാട്ടാനകൾ കഴിഞ്ഞദിവസം പോലും കൊയ്യാറായ നെൽപാടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞവർഷം ഏകദേശം 20 ഏക്കർ സ്ഥലത്തെ നെൽകൃഷി കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. കാട്ടാനപ്പേടി കാരണം അതിരാവിലെയും രാത്രി ഇരുട്ടിയാലും ജനം വീടിന് പുറത്തിറങ്ങാൻ ഭയപ്പെടുന്നു.കാട്ടാന സാന്നിധ്യമുള്ള നൊച്ചിപ്പുള്ളിയിലും പരിസരങ്ങളിലും വനം ദ്രുത പ്രതികരണ സേന നിരീക്ഷണം ഊർജിതപ്പെടുത്തി.
ഡി.എഫ്.ഒ ഓഫിസ് മാർച്ചുമായി കർഷകർ
കൊല്ലങ്കോട്: ജനവാസ മേഖലയിലെ കാട്ടാനശല്യത്തിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ടോബർ ആറിന് ഡി.എഫ്.ഒ ഓഫിസ് മാർച്ചുമായി കർഷക സംരക്ഷണ സമിതി. കാട്ടാനശല്യം രൂക്ഷമായിട്ടും അധികൃതർ നിസംഗത തുടരുകയാണെന്ന് യോഗം വിലയിരുത്തി. സമിതി രക്ഷാധികാരി ചിദംബരൻകുട്ടി അധ്യക്ഷത വഹിച്ചു. ടി. സഹദേവൻ, സി. പ്രഭാകരൻ, കെ. സഹദേവൻ, ആർ. മനോഹരൻ, കെ. ശിവാനന്ദൻ, സി. വിജയൻ, എ. സാദിഖ്, എം. അനിൽ ബാബു, പി. ഹരിദാസ് ചുവട്ടുപാടം, കെ. ഗോപി, കെ.വി. വേണു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.