വന്യജീവി ആക്രമണം: നഷ്ടപരിഹാരം കാത്ത് ആയിരങ്ങൾ, 1063 കർഷകർ അപേക്ഷ നൽകി കാത്തിരിക്കുന്നു
text_fieldsതൊടുപുഴ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നാശത്തിന് സർക്കാർ നഷ്ടപരിഹാരം കാത്തിരിക്കുന്നത് ജില്ലയിൽനിന്ന് ആയിരത്തിലധികം അപേക്ഷകർ. വിവിധയിനങ്ങളിൽ നാശനഷ്ടം സംഭവിച്ച 1063 കർഷകർ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നതായാണ് വനം, വന്യജീവി വകുപ്പിെൻറ ഏറ്റവും പുതിയ കണക്ക്. ജില്ലയിൽ ഓരോ ദിവസവും വന്യജീവി ആക്രമണം മൂലമുള്ള നാശനഷ്ടം കൂടിവരുന്ന സാഹചര്യത്തിൽ അർഹമായ നഷ്ടപരിഹാരം പോലും യഥാസമയം ലഭിക്കാത്തത് കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
കാട്ടാന, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ആക്രമണം മൂലമാണ് ജില്ലയിൽ വനാതിർത്തി മേഖലകളിലെ കർഷകർക്ക് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. വിളനാശത്തിന് പുറമെ വന്യജീവി ആക്രമണത്തിൽ മരണം, പരിക്ക്, വീട് നാശം, കന്നുകാലി നാശം, മറ്റ് സ്വത്തുക്കളുടെ നാശം എന്നിവ സംഭവിച്ചവരും നിരവധിയാണ്. നഷ്ടപരിഹാരം ലഭിക്കാനുള്ളവരിൽ ഏറ്റവും കൂടുതൽ വിളനാശം സംഭവിച്ചവരാണ്. 2619 അപേക്ഷകളാണ് മുൻ മാസങ്ങളിൽ ആകെ വനംവകുപ്പിന് ലഭിച്ചത്.
ഇതിൽ 586 അപേക്ഷ വിളനാശം സംഭവിച്ചവരുടേതാണ്. കന്നുകാലികൾ നഷ്ടപ്പെട്ട 59 കർഷകർക്കും വീട് നഷ്ടപ്പെട്ട 107 കുടുംബങ്ങൾക്കും വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ 119 പേർക്കും മറ്റ് സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിച്ച 217 പേർക്കും ഉറ്റവർ മരണപ്പെട്ടവരുടെ 26 ആശ്രിതർക്കും പരിക്ക് സംഭവിച്ച 68 പേർക്കും നഷ്ടപരിഹാരം ലഭിക്കാനുണ്ട്. ഈ കാലയളവിൽ ആകെ ലഭിച്ച 2619 അപേക്ഷകളിൽ 1395 എണ്ണം തീർപ്പാക്കി.
1063 എണ്ണമാണ് തീർപ്പാകാതെ നിലനിൽക്കുന്നത്. ബാക്കിയുള്ളവ നിരസിച്ചതായും വനം, വന്യജീവി വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
വിളനാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 1687 അപേക്ഷകളാണ് ആകെ ലഭിച്ചത്. കന്നുകാലി നഷ്ടം -86, മരണം- 31, പരിക്ക് -119, വീട് നാശം -212, സ്വത്ത് നാശം -484 എന്നിങ്ങനെയാണ് മറ്റിനങ്ങളിലെ അപേക്ഷകരുടെ എണ്ണം. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 43പേർ മരിച്ചതായാണ് കണക്ക്. ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഗുരുതര പരിക്കുകളോടെയും അംഗവൈകല്യത്തോടെയും കഴിയുന്നവർ നിരവധിയാണ്.
വീടുകൾ, ഏലം സ്റ്റോറുകൾ, കാർഷിക വിളകൾ, വാഹനങ്ങൾ, പമ്പ് സെറ്റുകൾ, കുടിവെള്ള പൈപ്പുകൾ തുടങ്ങി നശിപ്പിക്കപ്പെട്ട കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ വേറെയും. മൂന്നാർ, മറയൂർ, ചിന്നക്കനാൽ, പൂപ്പാറ ഉടുമ്പൻചോല, നെടുങ്കണ്ടം, അണക്കരമേട്, രാമക്കൽമേട്, വണ്ടന്മേട്, വണ്ടിപ്പെരിയാർ മേഖലകളിലാണ് ജില്ലയിൽ വന്യജീവി ശല്യം ഏറ്റവും രൂക്ഷം. ആക്രമണകാരികളായ ആനകളെ പിടികൂടി പ്രദേശത്തുനിന്ന് നീക്കം ചെയ്യുമെന്ന ഉറപ്പ് അധികൃതർ ഇതുവരെ പാലിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.