വന്യമൃഗ ശല്യം: കർഷകർ കൃഷി ഉപേക്ഷിക്കുന്നു
text_fieldsഅടിമാലി: വന്യമൃഗ ശല്യം രൂക്ഷമായ മാങ്കുളത്ത് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. തന്നാണ്ട് വിളയില്‍നിന്ന് തോട്ടവിളയിലേക്ക് മാറ്റി പരീക്ഷിച്ചിട്ടും രക്ഷയില്ലാത്തതിനാൽ, കടക്കെണിയിലായ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. കാട്ടാനയും കാട്ടുപന്നിയുമാണ് മാങ്കുളം പഞ്ചായത്തിലെ പ്രധാന വില്ലന്മാര്. കഴിഞ്ഞവര്‍ഷം മാത്രം 200 ഹെക്ടറോളം കൃഷി ഇവിടെ നശിപ്പിച്ചു. ആദിവാസികളുടേത് ഉൾപ്പെടെ 20 ലേറെ വീടുകളും തകര്‍ത്തു. എന്നാല്‍, നഷ്ടപരിഹാരമായി ഇവര്‍ക്ക് ലഭിച്ചത് തുച്ഛമായ തുക മാത്രം.
13 വാര്‍ഡുകളുള്ള പഞ്ചായത്തിൽ എല്ലായിടത്തും വന്യമൃഗശല്യം ഉണ്ട്. പട്ടയവസ്തു കുറവായതിനാല്‍ വിള ഇന്‍ഷുര്‍ ചെയ്യാനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. മാങ്കുളം കൃഷിഭവന് കീഴില്‍ കഴിഞ്ഞ വര്‍ഷം 20 കര്‍ഷകര്‍ മാത്രമാണ് വിളകള്‍ ഇൻഷുര്‍ ചെയ്തത്. 800 ഹെക്ടറിന് അടുത്താണ് മാങ്കുളത്തെ കൃഷി. ഇതില്‍ 40 ശതമാനത്തിലേറെ കുറഞ്ഞതായി കൃഷി ഓഫിസര്‍ ഗ്രീഷ്മ വി.മാത്യു പറഞ്ഞു.
കിഴങ്ങ് വിളകള്‍ കയറ്റി അയച്ചിരുന്ന മാങ്കുളത്ത് കാട്ടുപന്നി ശല്യം മൂലം ഉൽപാദനം 70 ശതമാനത്തിലധികം കുറഞ്ഞു. കാട്ടാന ശല്യം മൂലം തെങ്ങ്, കമുങ്ങ്, വാഴ കൃഷികളും ഗണ്യമായി കുറഞ്ഞു. ഇതോടെ തോട്ടവിളകളായ ഏലം, കുരുമുളക്, കൊക്കോ, കാപ്പി എന്നിവയിലാണ് കര്‍ഷകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തീരുമാനമായിട്ടും ഇവയുടെ വിളയാട്ടം പതിവിലും രൂക്ഷമാകുകയാണ്. തിങ്കളാഴ്ച രാത്രി മാങ്കുളം താളുകണ്ടത്ത് ഇറങ്ങിയ കാട്ടുപന്നികള്‍ പുളിക്കല്‍ തോമസ്, മുള്ളൂര്‍ റോയി എന്നിവരുടെ കപ്പകൃഷി പൂര്‍ണമായി നശിപ്പിച്ചു. 500 മൂടിലധികം കപ്പയാണ് നഷ്ടപ്പെട്ടത്. ഇതിന് പുറമെ ചേന, ചേമ്പ്, കാച്ചില് മുതലായ കൃഷികളും നശിപ്പിച്ചു.
നഷ്ടപരിഹാരം വെട്ടിക്കുറക്കാൻ നീക്കം
വന്യമൃഗങ്ങളുണ്ടാക്കുന്ന നാശനഷ്ടത്തിനുള്ള കേന്ദ്രവിഹിതം കുറക്കാനുള്ള തീരുമാനത്തില്‍ മലയോരത്തെ കര്‍ഷകര്‍ക്ക് ആശങ്ക. ഇതോടെ വന്യമൃഗശല്യം മൂലമുണ്ടാകുന്ന പരിക്ക്, കൃഷിനാശം, വീടിനുണ്ടാകുന്ന നഷ്ടം തുടങ്ങിയവക്കുള്ള നഷ്ടപരിഹാരത്തുകയിൽ കുറവുണ്ടാകും. കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്. വനത്തിനകത്തുവെച്ച് പാമ്പുകടിച്ചുമരിച്ചാല് ഒരുലക്ഷം രൂപയും വനത്തിനു പുറത്തുവെച്ചാണ് മരണമെങ്കില്‍ രണ്ടുലക്ഷം രൂപയും നിലവില്‍ ലഭിക്കും. പുതിയ തീരുമാനം വന്നാല്‍ ഇതിലൊക്കെ കുറവുണ്ടാകും.
സംസ്ഥാന സര്‍ക്കാറാണ് നഷ്ടപരിഹാരം നല്കുന്നതെങ്കിലും സഹായത്തിന്റെ 60 ശതമാനവും കേന്ദ്രവിഹിതമാണ്. ഒരുവര്‍ഷം നാലുതവണവരെ ഒരാള്‍ക്ക് ഒരേസ്ഥലത്ത് കൃഷിനാശത്തിന് നഷ്ടപരിഹാരം അനുവദിക്കാന്‍ വനംവകുപ്പിനു കഴിയും. കൃഷിവകുപ്പാണ് കാര്‍ഷികവിളകളുടെ നാശം കണക്കാക്കുന്നത്.
എത്ര സ്ഥലത്തെ കൃഷി നശിപ്പിച്ചു എന്നതും നശിപ്പിച്ച കൃഷിയുടെ മൂല്യവും പരിഗണിച്ചാണ് നഷ്ടം കണക്കാക്കുന്നത്. വിപണിമൂല്യം നോക്കുമ്പോള്‍ നിലവിലെ നഷ്ടപരിഹാരംതന്നെ കുറവാണെന്നിരിക്കെയാണ് കേന്ദ്രവിഹിതം വെട്ടിക്കുറക്കാനുള്ള തീരുമാനം. പലരും കൃഷി ഉപേക്ഷിക്കാന്‍തന്നെ ഇതിടയാക്കും. ഇപ്പോള്‍ത്തന്നെ പലരും മാന്യമായ പ്രതിഫലം നല്കി കൃഷിഭൂമി ഏറ്റെടുക്കാന്‍ വനംവകുപ്പിന് അപേക്ഷ നല്കി.
കൊന്നത് ഒരു കാട്ടുപന്നിയെ
ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലാന്‍ സര്‍ക്കാര്‍ നല്കിയ അനുമതിയില്‍ ഇതുവരെ കൊന്നത് ഒരു കാട്ടപന്നിയെ. രണ്ടുപേരെ ഇതിനായി വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. കൊല്ലുന്ന കാട്ടുപന്നി ഒന്നിന് 1000 രൂപയാണ് പ്രതിഫലം. മാങ്കുളം റേഞ്ചില്‍ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചതായി കാട്ടി 101 അപേക്ഷകളാണ് 2021ല്‍ ലഭിച്ചത്. ഇവ പരിശോധിച്ചുവരുന്നതായി റേഞ്ച് ഓഫിസര്‍ ഉദയസൂര്യന് പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദേശാനുസരണമാണ് കാട്ടുന്നിയെ കൊല്ലുന്നതിന് രണ്ടുപെരെ നിയോഗിച്ചത്. ലൈസന്‍സ് തോക്കുള്ളവരെ മാത്രമേ ഇതിന് നിയോഗിക്കാന്‍ കഴിയൂ. വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ക്കായി റിപ്പോര്‍ട്ട് നല്‍കിയതായും മാങ്കുളം റേഞ്ച് ഓഫിസര്‍ പറഞ്ഞു. ആനക്കുളം റേഞ്ചില്‍ കാട്ടാന ശല്യമാണ് കൂടുതലും. കാട്ടാനകളെ തുരത്താന്‍ വനംവകുപ്പിന്റെ ടീം മൂന്നാര്‍ ഡിവിഷന് കീഴില്‍ റാപ്പിഡ് റെസ്പോൺസ് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിരിഞ്ഞാപ്പാറയില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
വൈദ്യുതി വകുപ്പ് ഭൂമി വന്യമൃഗങ്ങളുടെ താവളം
വൈദ്യുതി പദ്ധതിക്കായി കര്‍ഷകരില്‍നിന്ന് ഏറ്റെടുത്ത ഭൂമി കൃഷിയില്ലാതെ കാടുമൂടി കിടക്കുന്നു. ഇവിടം വന്യജീവികളുടെ താവളമായി മാറി. ഇതോടെ ജനവാസ കേന്ദ്രത്തിലും മാങ്കുളം പട്ടണത്തിലുമടക്കം കാട്ടുപന്നി ശല്യം രൂക്ഷമായി. നിസ്സാര വിലയ്ക്ക് വാങ്ങിക്കൂട്ടിയ ഭൂമി രണ്ട് പതിറ്റാണ്ട് പിന്നിട്ടതോടെ കാടിന് സമാനമായി. കാട്ടുപന്നികള്‍ ഇവിടെ താവളമാക്കി. കാട് തെളിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.