തൊടുപുഴയിലും വിളയും ശീതകാലപച്ചക്കറി
text_fieldsതൊടുപുഴ: കാന്തല്ലൂരിലും വട്ടവടയിലും മാത്രമല്ല ഇങ്ങ് തൊടുപുഴയിലും ശീതകാല പച്ചക്കറി വിളയുമെന്ന് കാണിച്ചു തരുകയാണ് കർഷകനായ മുതലക്കോടം ചെമ്പരത്തിക്കല്‍ സണ്ണിയെന്ന കെ.എം. ജോര്‍ജ്.തൊടുപുഴയിലെ ചൂട് കാലാവസ്ഥയില്‍ കിഴങ്ങ്, സവാള, വെളുത്തുള്ളി, ക്വാളിഫ്ലവർ എന്നിവയൊക്കെ വിളയിച്ച് വിജയിച്ച സണ്ണി ഏറ്റവും ഒടുവില്‍ 2000ത്തിലധികം കാബേജ് കൃഷി ചെയ്താണ് ഏവരേയും അത്ഭുതപ്പെടുത്തിയത്.
വര്‍ഷങ്ങളോളം ചെയ്തിരുന്ന നെല്‍കൃഷി നഷ്ടമെന്ന് കണ്ടതോടെയാണ് അതേ പാടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ കാബേജ് കൃഷി ആരംഭിച്ചത്. ഊട്ടിയില്‍നിന്ന് ബന്ധു വഴി 2500 കാബേജ് വിത്ത് വരുത്തി. ഡിസംബറിൽ ബംഗാളികളെ ഉപയോഗിച്ച് കൃഷിയിടമൊരുക്കി വിത്ത് നട്ടു. എല്ലുപൊടി ചേര്‍ത്താണ് നട്ടത്.
കോഴിവളം, ചാണകപ്പൊടി, ആട്ടിന്‍ കാഷ്ഠം എന്നിവയാണ് വളമായി ഉപയോഗിച്ചത്. ഏറെ നാളായി തന്റെ പാടങ്ങളില്‍ പണിയെടുത്തിരുന്ന ബംഗാളി തൊഴിലാളികളുടെ ഉപദേശവും സ്വീകരിച്ചു. ജൈവ രീതിയിലുള്ള കൃഷിയിടം ഇടക്കിടെ നനച്ച് കൊടുത്തിരുന്നതായും സണ്ണി പറഞ്ഞു. കാബേജിന് ഇടവിളയായി കൊമ്പന് മുളക്, കോടാലി മുളക്, ചീര, ഇഞ്ചി, ഏത്തവാഴ, കപ്പ തുടങ്ങിയവയും പരിപാലിക്കുന്നുണ്ട്. നാടന്‍ നെല്‍വിത്തുകളായ ബസുമതി, രക്തശാലി, മല്ലികുറുവ, കാട്ട് യാനം തുടങ്ങി നിരവധിയിനങ്ങള്‍ വര്‍ഷങ്ങളായി കൃഷി ചെയ്യുന്നുണ്ട്.
ശീതകാല പച്ചക്കറികള്‍ തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രമേ വളരൂവെന്ന ധാരണയാണ് പലർക്കുമുള്ളതെന്ന് സണ്ണി പറയുന്നു. കൃഷി വകുപ്പ് ഉള്‍പ്പെടെ സര്‍ക്കാറിന്റെ പിന്തുണ കൂടിയുണ്ടെങ്കില്‍ കൂടുതൽ ആളുകള്‍ കൃഷിയിലേക്ക് തിരിയുമെന്നാണ് സണ്ണിയുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.