ഇത് പടവലങ്ങയല്ല; നീളത്തിൽ ഗിന്നസ് റെക്കോർഡിട്ട വെള്ളരിക്ക, സ്വദേശം ഇംഗ്ലണ്ട്
text_fieldsഇംഗ്ലണ്ടിലെ സതാംപ്ടണിൽ സെബാസ്റ്റ്യൻ സുസ്കി എന്നയാളുടെ കൃഷിയിടത്തിൽ വളർന്ന വെള്ളരിക്കയുടെ നീളം പടവലങ്ങയെ പോലും തോൽപ്പിക്കും. 113.4 സെന്‍റിമീറ്ററാണ് ഈ പോളിഷ് കർഷകന്‍റെ വീട്ടുവളപ്പിലുണ്ടായ വെള്ളരിയുടെ നീളം. ലോകത്തിലെ ഏറ്റവും നീളമേറിയ വെള്ളരിയെന്ന ഗിന്നസ് റെക്കോർഡും ഇത് സ്വന്തമാക്കി.
യു.കെയിലെ നിലവിലെ ചൂടൻ കാലാവസ്ഥയെ അതിജീവിച്ചാണ് വെള്ളരി നീണ്ടുവളർന്നത്. ഇതുവരെ ഗിന്നസ് റെക്കോർഡ് അലങ്കരിച്ചിരുന്ന വെള്ളരിയേക്കാൾ 6.4 സെ.മീ കൂടുതലുണ്ട് സെബാസ്റ്റ്യൻ സുസ്കിയുടെ വെള്ളരിക്കെന്ന് ഗിന്നസ് അധികൃതർ വ്യക്തമാക്കുന്നു.
പോളണ്ടിൽ ജനിച്ച സെബാസ്റ്റ്യൻ ഏഴ് വർഷമായി കൃഷിയിൽ സജീവമാണ്. ഭാര്യ റെനാറ്റയും സഹായത്തിനുണ്ട്.
വളരെയേറെ വലിപ്പത്തിൽ വളരുന്ന പച്ചക്കറികളെ സ്നേഹിക്കുന്നവർക്കായി യൂറോപ്പിൽ ഒരു കൂട്ടായ്മയുണ്ട് -യൂറോപ്യൻ ജയന്‍റ് വെജിറ്റബിൾ ഗ്രോവേഴ്സ് അസോസിയേഷൻ. ഇതിൽ അംഗമാണ് സെബാസ്റ്റ്യൻ. ഗ്രേറ്റ് പംപ്കിൻ കോമൺവെൽത് എന്ന സംഘടയുടെ ഇന്‍റനാഷനൽ ഓഫിസർ കൂടിയാണ്.
നീളമേറിയ നിരവധി വെള്ളരിയിനങ്ങൾ ഇദ്ദേഹം വളർത്തുന്നുണ്ട്. എന്നാൽ, ഗിന്നസ് റെക്കോർഡ് ഭേദിക്കുന്ന നീളത്തിൽ ആദ്യമായാണ് വെള്ളരി വളരുന്നതെന്ന് സെബാസ്റ്റ്യൻ പറയുന്നു.
നീളമേറിയ ഇനങ്ങൾ വളർത്തുന്നതിലെ റിസ്കും ഇദ്ദേഹം വിശദീകരിക്കുന്നു. 'നിങ്ങൾ നേരത്തെ പറിച്ചെടുത്താൽ റെക്കോർഡിലേക്കെത്താനാവില്ല. എന്നാൽ, നീളട്ടെ എന്ന് കരുതി ഏറെ കാത്തിരുന്നാൽ അത് അപകടമാവുകയും ചെയ്യും'. മഞ്ഞനിറം വ്യാപിക്കാനൊരുങ്ങവേ കൃത്യമായ സമയത്താണ് സെബാസ്റ്റ്യൻ തന്‍റെ നീളൻ വെള്ളരി വിളവെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.