പി.ആർ.എസ് എഴുതിയിട്ട് രണ്ടുമാസം; കർഷകർ കടക്കെണിയിൽ
text_fieldsആലപ്പുഴ: പാഡി റെസീപ്റ്റ് ഷീറ്റ് (പി.ആർ.എസ്) എഴുതി രണ്ടുമാസം കഴിഞ്ഞിട്ടും നെല്ലിന്റെ പണം ലഭിക്കാതെ കർഷകർ. കടമെടുത്ത് കൃഷിയിറക്കിയവർ അത് വീട്ടാനാകാതെ വലയുന്ന സ്ഥിതിയാണ്. സിബിൽ സ്കോർ കുറവായതിനാൽ ബാങ്കുകൾ വായ്പ നൽകാൻ തയാറാവുന്നുമില്ല. കഴിഞ്ഞ കൃഷിയുടെ പണം ബാങ്കുകളിൽനിന്ന് കർഷകർക്ക് നൽകിയിരുന്നു. അത് വായ്പയായാണ് നൽകിയത്. ഈ തുക ഇതുവരെ സംസ്ഥാന സർക്കാർ ബാങ്കുകൾക്ക് നൽകിയിട്ടില്ല. അതിനാലാണ് കർഷകരുടെ സിബിൽ സ്കോർ ഇടിഞ്ഞത്.
പുന്നപ്ര തെക്ക് കൃഷിഭവന് കീഴിലെ പര്യക്കാടൻ പാടശേഖരത്തെ കർഷകരാണ് കൊടുത്ത നെല്ലിന്റെ പണം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഒക്ടോബർ രണ്ടിന് പാടശേഖരത്തെ കൊയ്തു കഴിഞ്ഞു. 14ന് പി.ആർ.എസും ലഭിച്ചു. രണ്ടു മാസമായിട്ടും ബാങ്കുകളിൽ പണം വരാതായതോടെ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും പലിശക്കെടുത്തും സ്വർണം പണയംവെച്ചും കൃഷി ചെയ്ത കർഷകർ കടക്കെണിയിലായ നിലയിലാണ്.
സ്വകാര്യ പണമിടപാട് കേന്ദ്രങ്ങളിൽനിന്ന് എടുത്ത വായ്പക്ക് ഉയർന്ന പലിശ നൽകേണ്ടിവരുന്നതിനാലാണ് ബാങ്ക് വായ്പക്ക് കർഷകർ ശ്രമിച്ചത്. അപ്പോഴാണ് സിബിൽ സ്കോർ കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്കുകൾ വായ്പ നിരസിക്കുന്നത്. ബാങ്കുകൾക്ക് സർക്കാർ പണം നൽകാത്തതിനാൽ ബാങ്ക് വായ്പ എടുത്തിട്ടില്ലാത്ത കർഷകരുടെ സിബിൽ സ്കോർപോലും കുറയുന്ന സ്ഥിതിയാണ്.
90 ഏക്കറുള്ള പാടശേഖരത്ത് 64 ചെറുകിട കർഷകരാണുള്ളത്. ഇവരിൽ ഒരാൾക്കുപോലും നെല്ലിന്റെ വില ലഭിച്ചിട്ടില്ല. ദിവസേന ബാങ്കുകളിൽ പോയി തുക എത്തിയിട്ടില്ലെന്നറിഞ്ഞ് വെറുംകൈയോടെ മടങ്ങുകയാണ് കർഷകർ. ഏക്കറിന് 40,000 രൂപ ചെലവഴിച്ചാണ് ഇവർ കൃഷിയിറക്കിയത്. കൊയ്തുകഴിഞ്ഞ് പണം മടക്കിനൽകാമെന്ന് വാഗ്ദാനം നൽകിയാണ് പലരിൽനിന്നും പണം കടംവാങ്ങിയത്.
കുട്ടനാട്ടിലെ നെൽകർഷകർ കലക്ടറേറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മന്ത്രി പറഞ്ഞത് രണ്ട് ദിവസത്തിനകം നെല്ലിന്റെ തുക വിതരണം തുടങ്ങുമെന്നാണ്. ഇത് പാഴ്വാക്കായെന്ന് കർഷകർ പറയുന്നു. മന്ത്രിയുടെ ഉറപ്പിലാണ് ഒമ്പതുദിവസം നീണ്ട സമരം കർഷകർ പിൻവലിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.