ആധുനിക കൃഷിരീതി പഠിക്കാൻ മന്ത്രിയോടൊപ്പം വിദേശത്തേക്ക് യുവകർഷകൻ
text_fieldsകുന്ദമംഗലം: ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽനിന്ന് കൃഷിമന്ത്രി പി. പ്രസാദിനൊപ്പം ഇസ്രായേലിലേക്ക് പോകുന്ന സംഘത്തിൽ കുന്ദമംഗലത്തുനിന്ന് യുവകർഷകനും. നെച്ചൂളി സ്വദേശി ‘മോഹനം’ വീട്ടിൽ അരുൺ മോഹനാണ് വിദേശത്ത് പോകാൻ അവസരം ലഭിച്ചത്. 10 വർഷമായി അരുൺ മോഹൻ കാർഷികമേഖലയിൽ പ്രവർത്തിക്കുന്നു. കൃഷിമന്ത്രിയോടൊപ്പം കേരളത്തിൽനിന്ന് പോകുന്ന 20 കർഷകരിൽ ഒരാളാണ് ഇദ്ദേഹം. ജില്ലയിൽനിന്ന് അരുൺ മോഹനടക്കം രണ്ട് പേർക്കാണ് കൃഷിരീതി പഠിക്കാൻ അവസരം ലഭിച്ചത്. കൃഷിവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവർക്ക് ലഭിച്ച അപേക്ഷകൾ പരിശോധിച്ച് കർഷകരെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 12 മുതൽ 19വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിദേശയാത്രയാണ് സർക്കാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ഇസ്രായേലിലെ പ്രധാന കാർഷിക പഠനകേന്ദ്രങ്ങൾ, നൂതന കൃഷി ഫാമുകൾ, കാർഷിക വ്യവസായകേന്ദ്രങ്ങൾ തുടങ്ങിയവയാണ് സന്ദർശിക്കുക.
എസ്.ബി.ഐയുടെ എൻ.ഐ.ടി ബ്രാഞ്ചിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്ന അരുൺ മോഹൻ ജോലിയുടെ ഇടവേളകളിലാണ് കൃഷിചെയ്യുന്നത്. നെല്ല്, വാഴ, ചേന, ചേമ്പ് തുടങ്ങി നിരവധി വിഭവങ്ങൾ കൃഷിചെയ്യുന്നു. കൂടാതെ പശു, കോഴി വളർത്തലുമുണ്ട്. നെൽകൃഷിയിൽ ഔഷധഗുണമുള്ള രക്തശാലി, നവര എന്നീ ഇനങ്ങളാണ് പ്രധാനമായും ചെയ്യുന്നത്. കൃഷിയിൽ ഇദ്ദേഹത്തെ സഹായിക്കുന്നത് അമ്മയും ഭാര്യയും മകളുമാണ്. അമ്മയുടെ അച്ഛനായ പരേതനായ കറുത്തേടത്ത് ശങ്കരൻ നായരാണ് പ്രചോദനം. അയൽവാസിയും കർഷകനുമായ 72 വയസ്സുള്ള ചപ്പങ്ങത്തോട്ടത്തിൽ ഗംഗാധരനാണ് സഹായങ്ങൾ നൽകുന്നത്.
വോളിബാൾ കളിക്കാരനുമാണ് അരുൺ മോഹൻ. എസ്.ബി.ഐ കേരള വോളിബാൾ ടീം അംഗമാണ് ഇദ്ദേഹം. ഇത്തവണ കൊൽക്കത്തയിൽ നടന്ന അഖിലേന്ത്യാ എസ്.ബി.ഐ വോളിബാൾ ടൂർണമെന്റിൽ ജേതാക്കളായ എസ്.ബി.ഐ കേരള ടീം അംഗമാണ്. കൂടാതെ നിരവധി വോളിബാൾ ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ബാങ്കിങ് മേഖലയിലെ മികച്ച പ്രവർത്തനത്തിന് അപ്പു നെടുങ്ങാടി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ആണ്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച പട്ടാളക്കാരൻ എം. മോഹൻദാസ് അച്ഛനാണ്. പട്ടികജാതി വികസന ഓഫിസറായി വിരമിച്ച സി.ടി. രമണിയാണ് അമ്മ. ഭാര്യ നീതു ചാത്തമംഗലം എ.യു.പി സ്കൂൾ അധ്യാപികയാണ്. മകൾ സാധിക നാലാം ക്ലാസിൽ പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.