സ്വയം വിളയിച്ച കക്കരികൾ അധ്യാപികക്ക് സമ്മാനിച്ച് കുഞ്ഞു കർഷകൻ
text_fieldsതാനൂർ: കർഷകദിനത്തിൽ താനൂർ ഐ.സി.എച്ച് സ്കൂളിലെ മൂന്നാം തരം വിദ്യാർഥി അമൻ അഫ്താഹ് ക്ലാസിലെത്തിയത് ഒരു സർപ്രൈസുമായി. ക്ലാസ് അധ്യാപിക ലൈലക്ക് സമ്മാനിക്കാനായി സ്വന്തം അടുക്കളത്തോട്ടത്തിൽ വിളയിച്ചെടുത്ത കക്കരികളുമായാണ് ഈ കുഞ്ഞു കർഷകനെത്തിയത്. തൊട്ടു മുമ്പത്തെ വിളവെടുപ്പിൽ കിട്ടിയ കക്കരികൾ പ്രിയപ്പെട്ട ടീച്ചർക്ക് സമ്മാനിക്കാൻ കഴിയാതിരുന്നതിൽ വിഷമമുണ്ടായിരുന്ന അമൻ ഇത്തവണത്തെ വിളവെടുപ്പിൽ ടീച്ചർക്കായി പ്രത്യേകം കരുതി വെച്ച കക്കരിയുമായി ക്ലാസിലെത്തിയത് കർഷക ദിനത്തിൽ തന്നെയായത് യാദൃശ്ചികതയായി.
മൊബൈൽ ഗെയിമുകളിൽ കുരുങ്ങി കൃഷിരീതികളെയും മണ്ണിനെയും മറന്നു തുടങ്ങിയ പുതിയ തലമുറയിൽ നിന്ന് വ്യത്യസ്തനായി ചെറുപ്രായത്തിലേ കൃഷിയിൽ താത്പര്യം കാണിച്ചിരുന്ന അമൻ മൂന്നാം പിറന്നാളിന് എന്താണ് സമ്മാനമായി വേണ്ടതെന്ന ചോദ്യത്തിന് എനിക്കൊരു കുഞ്ഞു കൈക്കോട്ട് വാങ്ങിത്തരണമെന്ന് പറഞ്ഞ ഓർമകളാണ് പിതാവും ഐ.സി.എച്ച് സ്കൂളിലെ പ്രധാനാധ്യാപകനുമായ വി.വി.എൻ.അഫ്താഹിന് പങ്കുവെക്കാനുണ്ടായിരുന്നത്.
കൈക്കോട്ട് ഉപയോഗിച്ച് തടമൊരുക്കാനും കുഴിയെടുക്കാനും അറിയുന്ന ഈ മിടുക്കന് അടുക്കളത്തോട്ടത്തിൽ കക്കരി വള്ളികൾ നട്ടുപിടിപ്പിച്ച് പന്തലൊരുക്കി പരിപാലിക്കുന്നതിന് സഹായവുമായി കൂടെയുണ്ടായിരുന്നത് വല്ല്യുമ്മ സൈനബയായിരുന്നു. അധ്യാപകനായ വി.വി.എൻ. അഫ്താഹിന്റെയും ഹോമിയോ ഡോക്ടറായ അസ്മാബിയുടെയും മകനായ അമനോട് ഭാവിയിൽ ആരായിത്തീരണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചാൽ ഒട്ടും ശങ്കിക്കാതെയെത്തും മറുപടി; നല്ലൊരു കർഷകനാകണമെന്ന്.
കൃഷിയിലുള്ള അമന്റെ അഭിനിവേശം നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും എല്ലാവിധ പിന്തുണയുമായി ആറാം തരത്തിൽ പഠിക്കുന്ന ഇത്താത്ത ഐസ സൈനബും രണ്ടാം തരത്തിൽ പഠിക്കുന്ന ഐദിൻ അഫ്താഹുമടങ്ങുന്ന കുടുംബവും അധ്യാപകരും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.