കൃഷിക്ക് ഒപ്പം കളമശ്ശേരി: പൊട്ടുവെള്ളരി കൃഷി തുടങ്ങി
text_fieldsകൊച്ചി: കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ പാനായിക്കുളത്ത് പൊട്ടു വെള്ളരി കൃഷി ആരംഭിച്ചു. വിത്തു നടീൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വയൽ എസ്.എച്ച്.ജി ഗ്രൂപ്പിലെ കർഷകരായ വി.എം അബ്ദുൾ ജബ്ബാറും സന്തോഷ് പി.അഗസ്റ്റിനും ചേർന്ന് ഒരേക്കർ സ്ഥലത്താണ് കൃഷിയാരംഭിച്ചത്.
കേരളത്തിൽ ഭൗമസൂചികാ പദവി ലഭിച്ച കാർഷികവിളയാണ് കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി. നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്ന വെള്ളരി വർഗ്ഗങ്ങൾ കറി വയ്ക്കാനും, സാലഡ്, ആയും പച്ചയ്ക്കു കഴിക്കാനുമൊക്കെയാണ് ഉപയോഗിക്കുന്നതെങ്കിൽ പൊട്ടുവെള്ളരി ജ്യൂസായാണ് ഉപയോഗിക്കുന്നത്. മനസിന് കുളിർമയേകുന്ന ശീതളപാനിയമായി പൊട്ടുവെള്ളരി ജൂസ് ഉപയോഗിക്കാം.
കനത്ത വേനലിൽ ദാഹവും തളർച്ചയും ഉണ്ടാകാതിരിക്കാൻ പൊട്ടു വെള്ളരി സഹായകരമാണ്. ഒരു ഗ്ലാസ് പൊട്ടുവെള്ളരി ജൂസ് കഴിച്ചാൽ ഉടൻ ക്ഷീണവും ദാഹവുമകലുന്നതുകൊണ്ട് അദ്ഭുത കനി എന്നും പൊട്ടുവെള്ളരിയെ വിശേഷിപ്പിക്കുന്നു. ദാഹശമനിയായും വിരുന്നു സല്‍ക്കാരത്തിനും വേനലില്‍ കുളിര്‍മ്മയ്ക്കും ചൂടുകുരു മുതലായ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നതിനും പൊട്ടുവെള്ളരി ഉപയോഗിക്കുന്നു. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി, കരുമാലൂർ, ആലങ്ങാട്, കോട്ടുവള്ളി എന്നിവിടങ്ങളിലും പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്.
നടീൽ ഉത്സവത്തിന് ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം മനാഫ് അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യാ തോമസ് തുടങ്ങിയവർ പങ്കെടുത്തു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻറെയും കൊങ്ങോർപ്പിള്ളി സർവീസ് സഹകരണ ബാങ്കിൻ്റെയും സഹകരണത്തോടെയാണ് പൊട്ടുവെള്ളരി കൃഷി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.