നിമിഷങ്ങൾക്കകം നിറം മാറും; ഒാന്തല്ലിത് അപൂർവയിനം മത്സ്യം
text_fieldsകൊച്ചി: നിമിഷങ്ങൾക്കുള്ളിൽ നിറം മാറാൻ കഴിയുന്ന അപൂർവയിനം മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ഗവേഷകർ കണ്ടെത്തി. സ്കോർപിയോൺ മത്സ്യ വിഭാഗത്തിൽപെട്ട ബാൻഡ്ടെയിൽ സ്കോർപിയോൺ മത്സ്യത്തെയാണ് തമിഴ്നാട്ടിലെ സേതുകരൈ തീരത്ത് ഗവേഷകർ കണ്ടെത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ഈ മത്സ്യത്തെ ജീവനോടെ ലഭിക്കുന്നത്. കടൽപ്പുല്ലുകളെക്കുറിച്ച പഠനത്തിെൻറ ഭാഗമായി കടലിനടിയിെല ഗവേഷണ സഞ്ചാരത്തിനിടെയാണ് മത്സ്യത്തെ കണ്ടെത്തിയത്.
ഏറെ സവിശേഷതകളുള്ള ഈ മീൻ ഇര പിടിക്കാനും ശത്രുക്കളിൽനിന്ന് രക്ഷ നേടാനുമാണ് നിറം മാറുന്നത്. ആദ്യകാഴ്ചയിൽ പവിഴത്തണ്ടുപോലെ തോന്നിയ മീൻ, ചെറിയ തണ്ടുകൊണ്ട് തൊട്ടപ്പോൾ നിറം മാറാൻ തുടങ്ങിയതോടെയാണ് അപൂർവയിനം മത്സ്യമാണെന്ന് കണ്ടെത്താനായതെന്ന് സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞർ പറഞ്ഞു. ഒറ്റനോട്ടത്തിൽ മീനാണെന്നുപോലും മനസ്സിലാക്കാനാകാത്ത വിധത്തിൽ ചുറ്റുപാടുകൾക്ക് സാമ്യമുള്ള നിറത്തിൽ കിടക്കാൻ ഇതിന് കഴിയും. ഇതിനെ പിടിക്കാനുള്ള ശ്രമത്തിൽ, ആദ്യം വെള്ളനിറത്തിൽ കാണപ്പെട്ട മീൻ നിമിഷനേരംകൊണ്ട് കറുപ്പും പിന്നീട് മഞ്ഞ നിറമായും മാറി.
നട്ടെല്ലിൽ ശക്തിയേറിയ വിഷമുള്ളത് കാരണമാണ് ഈ വിഭാഗത്തെ പൊതുവായി സ്കോർപിയോൺ മത്സ്യമെന്ന് വിളിക്കുന്നത്. ഇവയെ സ്പർശിക്കുന്നതും അടുത്തുപെരുമാറുന്നതും അപകടകരമാണ്. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശാസ്ത്രജ്ഞർ മത്സ്യത്തെ സ്വന്തമാക്കിയത്. മിക്കവാറും രാത്രികളിലാണ് ഇവ ഇരതേടുന്നത്. സീനിയർ സയൻറിസ്റ്റ് ഡോ. ആർ. ജയഭാസ്കരെൻറ നേതൃത്വത്തിെല ഗവേഷകസംഘമാണ് മത്സ്യത്തെ കണ്ടെത്തിയത്. പഠനത്തിെൻറ ഭാഗമായുള്ള പരിശോധനകൾക്കുശേഷം മത്സ്യത്തെ സി.എം.എഫ്.ആർ.ഐയിലെ മ്യൂസിയത്തിൽ നിക്ഷേപിച്ചു. പഠനം കറൻറ് സയൻസ് ജേണലിെൻറ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.