ബീറ്റ്റൂട്ട് എളുപ്പത്തിൽ വിളവെടുക്കാം
text_fieldsനിറം കൊണ്ടും പോഷകഗുണം കൊണ്ടും ഏറ്റവും മുമ്പിൽ നിൽക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നേരത്തേ തണുത്ത പ്രദേശങ്ങളിൽ മാത്രമാണ് ഇവ കൃഷി ചെയ്തിരുന്നത്. എന്നാൽ, നന്നായി പരിപാലിച്ചാൽ എവിടെയും ഇത് വളർത്തിയെടുക്കാൻ സാധിക്കും. ജൈവകൃഷി വ്യാപകമായതോടെ ഗ്രോബാഗിലും അടുക്കളത്തോട്ടത്തിലും ബീറ്റ്റൂട്ട് കൃഷിചെയ്യുന്നവർ ധാരാളമാണ്. കാരറ്റ് കൃഷി രീതിയോട് സാമ്യമുള്ളതാണ് ബീറ്റ്റൂട്ട് കൃഷിയും. തണുത്ത കാലാവസ്ഥയിൽ വളരുന്ന ഇവയുടെ കൃഷി കാലയളവ് ഒക്ടോബർ -ഫെബ്രുവരിവരെയുള്ള മാസങ്ങളാണ്. ഡെട്രോയിറ്റ് ഡാര്‍ക്ക്റെഡ് എന്ന ഇനമാണ് കേരളത്തിൽ പൊതുവെ കൃഷി ചെയ്തുവരുന്ന ഇനം. നേരിട്ട് വിത്തുപാകി തൈകൾ മുളപ്പിച്ചെടുക്കുകയാണ് ചെയ്യുക.
നടീൽ രീതി
സിംഗിൾ റൂട്ട് പച്ചക്കറിയായതിനാൽ എവിടെയാണോ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത് അവിടെതന്നെ വിത്ത് പാകുന്നത് നന്നാകും. വിത്ത് മണലുമായി ചേര്‍ത്ത് വേണം വിതക്കാന്‍. 45 സെ.മീറ്റർ അകലത്തില്‍ 20 സെ.മീറ്റർ ഉയരത്തില്‍ വാരങ്ങളെടുത്ത് അതില്‍ 10 സെ.മീറ്റർ അകലത്തില്‍ വരിയായി വിത്തിടാം. മുളച്ച് മൂന്നാഴ്ചയാകുമ്പോള്‍ അധികമുള്ള തൈകള്‍ പറിച്ചുമാറ്റി ചെടികള്‍ തമ്മിലുള്ള അകലം ഏതാണ്ട് 10 സെ.മീറ്റർ ആക്കണം.
ഗ്രോബാഗിലോ ചട്ടിയിലോ ആണെങ്കിൽ മണ്ണില്ലാതെ ചകിരിച്ചോറിന്റെ പ്രോട്ടീൻ മിശ്രിതത്തിൽ എളുപ്പം ബീറ്റ്റൂട്ട് വിളയിച്ചെടുക്കാം. പ്രോട്ടീൻ മിശ്രിതത്തിൽ അൽപം എല്ലുപൊടി ചേർക്കുന്നതും ഇവയുടെ വളർച്ചക്ക് സഹായകമാകും. കാരറ്റിനും ബീറ്റ്റൂട്ടിനുമെല്ലാം വിത്ത് പാകുന്നതിന് മുമ്പുതന്നെ എല്ലുപൊടി ചേർക്കുന്നതാണ് ഉത്തമം. ഗ്രോബാഗിലാണെങ്കിൽ വിത്തുകൾ തമ്മിൽ മൂന്നുനാല് ഇഞ്ച് അകലത്തിൽ നടാൻ ശ്രദ്ധിക്കണം. ദിവസങ്ങൾക്കുള്ളിൽതന്നെ ഇവയുടെ മുളവരും. നല്ല തൈകൾ നിർത്തി ആരോഗ്യമില്ലാത്തവ ഒഴിവാക്കുന്നതാകും നല്ലത്. ബീറ്റ്റൂട്ടിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഒരുപാടു താഴ്ചയിൽ തൈകൾ കുഴിച്ചിടാതിരിക്കാൻ ശ്രദ്ധിക്കുക.
വളപ്രയോഗം
തൈകൾ വളരുന്നതിന് അനുസരിച്ച് വളം നൽകാൻ ശ്രദ്ധിക്കണം. ഫോസ്ഫറസ്, പൊട്ടാഷ്യം കൂടുതലുള്ള വളങ്ങളാണ് ബീറ്റ്റൂട്ടിനും കാരറ്റിനും നല്ലത്. ചാണകപ്പൊടി, എൻ.പി.കെ വളമായ കമ്പോസ്റ്റ് തുടങ്ങിയവ ഇവക്ക് നല്ലതാണ്. നൈട്രജൻ റിച്ചായ വളങ്ങൾ ഇവക്ക് ആവശ്യമില്ല. കൂടാതെ നടുമ്പോൾതന്നെ മണ്ണിര കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് ഇളക്കുന്നതും നല്ലതാണ്.
വിത്തു വിതച്ച് ഒന്നര-രണ്ടുമാസമാകുമ്പോള്‍ വിളവെടുക്കാം. ബീറ്റ്റൂട്ടിന്റെ തളിരിലകളും ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കാം. ചുവന്ന തണ്ടും ചുവപ്പും പച്ചയും കൂടിയ ഇലയുമായതിനാൽ അലങ്കാരച്ചെടിയായും നട്ടുവളർത്തുകയും ചെയ്യാം. ബീറ്റ്റൂട്ട് ചെടികൾക്ക് നനവ് ആവശ്യമാണ്. അതിനാൽ അവ നനവോടുകൂടി നിർത്താൻ ശ്രദ്ധിക്കണം, എന്നാൽ ഒരിക്കലും വെള്ളം കെട്ടിനിൽക്കാൻ പാടില്ല.
കീടങ്ങൾ
കീടശല്യം ഒഴിവാക്കാൻ തൈനട്ട് കഴിഞ്ഞ് സ്യൂഡോമോണസ് (ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ കലർത്തി) ഒഴിച്ച് കൊടുക്കുക. ചിത്രകീടമാണ് ബീറ്റ്റൂട്ടിന്റെ മറ്റൊരു ആക്രമണകാരി. മാലത്തിയോൺ രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതിലൂടെ ഇതിന്റെ ആക്രമണത്തെ നിയന്ത്രിക്കാം. സർക്കോസ്പോറ ഇലപൊട്ട് രോഗം നിയന്ത്രിക്കാൻ മാങ്കോസബ് രണ്ടുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്തു കൊടുക്കാം.
വിളവെടുപ്പ്
ബീറ്റ്റൂട്ടിന്റെ തളിരിലകൾ ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കാം. നന്നായി വളരുന്ന ചെടികളിൽ 70 -80 ദിവസങ്ങൾക്കുള്ളിൽ കിഴങ്ങുകൾ പൂർണ വളർച്ചയെത്തും. ഒരു സെന്റിൽനിന്ന് 15 മുതൽ 25 കിലോവരെ വിളവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.