കുട്ടികളും ചെടികളും ഒരുപോലെയാണ്; അനിറ്റ് തോമസ് പറയുന്നു
text_fieldsചട്ടിയിലെ കാന്താരി മുളക് നന്നായി കായ്ക്കാന്‍ എന്തുചെയ്യണം? മുറ്റത്തെ റോസച്ചെടി പൂവിടാന്‍ എന്താണ് എളുപ്പവഴി? വളം വീട്ടില്‍ തന്നെ എങ്ങനെ തയ്യാറാക്കാം? കൃഷിയുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങളുണ്ടല്ലേ? ഉത്തരങ്ങള്‍ക്കായി യൂടൂബില്‍ 'ലൈവ് കേരള' എന്ന് തിരഞ്ഞോളൂ. തൊടുപുഴക്കാരി അനിറ്റ് തോമസ് എല്ലാത്തിനും പുഞ്ചിരിയോടെ മറുപടി പറയും. വലിയ സ്വീകാര്യതയുള്ള 'ലൈവ് കേരള' യുട്യൂബ് ചാനലിനെക്കുറിച്ച് അനിറ്റ് തോമസ് സംസാരിക്കുന്നു.
മനസ്സിലെന്നും കൃഷിയുണ്ട്
കൃഷിയും പച്ചപ്പും പൂക്കളുമെല്ലാം കുഞ്ഞുനാളിലേ മനസ്സിനെ മോഹിപ്പിച്ചിരുന്നവയാണ്. അച്ഛനും അമ്മയുമെല്ലാം കൃഷിയെ സ്‌നേഹിച്ചിരുന്നവരും മണ്ണിനോട് ഹൃദയബന്ധമുള്ളവരായതുകൊണ്ടും ഒരു പക്ഷേ പാരമ്പര്യമായി കിട്ടിയതാവാം. അച്ഛനും അമ്മക്കുമൊപ്പം കൃഷിയില്‍ സഹായിക്കാന്‍ ചേരാറുണ്ടായിരുന്നു. മണ്ണില്‍ നിന്നും ചെടികള്‍ മുളച്ചുപൊങ്ങുന്നതും പൂവിടരുന്നതുമെല്ലാം നിറഞ്ഞ കൗതുകത്തോടെയാണ് കണ്ടിരുന്നത്.
സസ്യങ്ങളോടുള്ള ഇഷ്ടം കാരണം ഡിഗ്രിക്ക് തെരഞ്ഞെടുത്തതും ബോട്ടണിതന്നെ. വീട്ടമ്മയായപ്പോഴും അമ്മയായപ്പോഴും അധ്യാപികയായപ്പോഴുമൊന്നും മണ്ണിനോടും കൃഷിയോടുമുള്ള ഇഷ്ടം കൈവിട്ടില്ല. കാരണം മണ്ണും കൃഷിയുമെല്ലാം അത്രമേല്‍ മനസ്സിനെ കുളിര്‍പ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമാണ്.
അധ്യാപികയാണ്, സ്‌കൂളിലും യൂട്യൂബിലും
തൊടുപുഴ കോ ഓപ്പറേറ്റീവ് സ്‌കൂളിലെ അധ്യാപികയാണ് ഞാന്‍. കുട്ടികളോട് പറയാറുള്ളത് ഏറെയും കൃഷിയുടെ ആവശ്യകത തന്നെയാണ്. ക്ലാസും വീട്ടുജോലികളും കൊണ്ടുപോകുന്നതിന് കൂടെ മണ്ണിനെയും കൃഷിയെയും ഞാന്‍ സ്‌നേഹിച്ചുപോന്നു. അവധി ദിവസങ്ങളിലും സ്‌കൂള്‍ കഴിഞ്ഞെത്തുന്ന സമയങ്ങളിലുമെല്ലാം കൃഷിയിടത്തേക്കിറങ്ങി നന്നായി അധ്വാനിച്ചു.
എന്റെ അധ്വാനങ്ങള്‍ക്ക് മണ്ണ് അര്‍ഹിച്ച പ്രതിഫലം നല്‍കിയതോടെ സന്തോഷവതിയായി. വീടിനടുത്തായുള്ള റബര്‍തോട്ടത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പച്ചക്കറിയും പഴങ്ങളും പൂക്കളുമെല്ലാം പടര്‍ന്ന് പന്തലിച്ചു.
കൃഷിയും കൃഷിരീതികളും ജനങ്ങളോട് പങ്കുവെക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് സഹോദരന്‍ ബോബിറ്റുമായി ചേര്‍ന്ന് ലൈവ് കേരള ചാനല്‍ തുടങ്ങിയത്. ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചാനലിനെ എല്ലാവരും ഏറ്റെടുത്തു. രണ്ട് വര്‍ഷംകൊണ്ടുതന്നെ സബ്‌സ്‌ക്രൈബേഴ്‌സ് രണ്ടരലക്ഷത്തിലേറെയായി. പത്ത് ലക്ഷത്തിലേറെപ്പേര്‍ കണ്ട വീഡിയോകള്‍ വരെയുണ്ടിപ്പോള്‍.
എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടുജോലികളായ കൃഷിയും അധ്യാപനവും ഒന്നിച്ചുചേരുന്ന ഇടമാണ് യൂട്യൂബ് ചാനല്‍ എന്നാണ് എന്റെ അഭിപ്രായം. എല്ലാവര്‍ക്കും ചെയ്യാവുന്ന കൃഷിരീതികളും കൃഷിയില്‍ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകളുമാണ് കൂടുതലും അവതരിപ്പിക്കുന്നത്. ചെടി നടുന്നതും വളപ്രയോഗവും തൊട്ട് വിളവെടുക്കുന്നതു വരെയുള്ള കാര്യങ്ങള്‍ വ്യക്തമായും കൃത്യമായും വിശദീകരിക്കാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ പല വീഡിയോകളുും ദിവസങ്ങളോളമെടുത്താണ് ഷൂട്ട് ചെയ്യാറുള്ളത്. കുഞ്ഞുങ്ങളെപ്പോലെതന്നെയാണ് ചെടികളും. നമ്മൾ എങ്ങനെ പരിപാലിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും അതിന്‍റെ വളർച്ച.
മണ്ണും മനസ്സും ഹാപ്പിയാണ്
അടുക്കളത്തോട്ടം, ഇലക്കറി കൃഷി, മുളക് കൃഷി, കിഴങ്ങുകൃഷി, വളങ്ങള്‍, പൂകൃഷി, ടെറസ് കൃഷി തുടങ്ങി വൈവിധ്യമായ വിഷയങ്ങളില്‍ വീഡിയോകള്‍ ചെയ്യാറുണ്ട്. ഞാന്‍ നല്‍കുന്ന നിര്‍ദേശങ്ങളും പൊടിക്കൈകളും ഉപയോഗിച്ച് നല്ല ഫലമുണ്ടായി എന്ന് പലരും പറയുമ്പോള്‍ മനസ്സ് നിറയാറുണ്ട്.
കൃഷിയെ വാണിജ്യാവശ്യാര്‍ഥമല്ല, ഒരു അഭിനിവേശമായിട്ടാണ് കാണുന്നത്. എല്ലാവരും വീടുകളില്‍ കൃഷി ചെയ്യുന്ന ഒരു സുന്ദര'കിനാശ്ശേരി'യാണ് എന്റെ സ്വപ്നം. മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടികൂടിയാണ് യൂടൂബ് ചാനലിലേക്ക് കഷ്ടപ്പെട്ട് വിഡിയോ എത്തിക്കുന്നത്. കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്നതും കാര്‍ഷിക പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതുമാണ് ഇഷ്ടവിനോദമാണ്.
അധ്യാപികയായുള്ള തിരക്കുകള്‍ ഉള്ളതിനാല്‍ സംശയങ്ങളുമായി എത്തുന്ന എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ കഴിയുന്നില്ല എന്ന സങ്കടമുണ്ട്. ഭര്‍ത്താവ് ഡെന്നി വെബ് ഡിസൈനറാണ്. ഭര്‍ത്താവിന്റെ കുടുംബവും മക്കളുമെല്ലാം കൃഷിയില്‍ കൂടെത്തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.