കറിവേപ്പിലയില്ലാതെ എന്ത് കറി!
text_fieldsഎത്ര തൈ നട്ടാലും കറിവേപ്പ് നന്നായി വളരില്ലെന്നും വേരുപിടിച്ചുകിട്ടാൻ പാടാണെന്നുമെല്ലാം പലരും പറയുന്നത് കേൾക്കാം. എന്നാൽ, അൽപം ശ്രദ്ധനൽകിയാൽ വീട്ടിലെ അടുക്കളത്തോട്ടത്തിൽ സമൃദ്ധമായി വളർത്തിയെടുക്കാവുന്നവയാണ് കറിവേപ്പ്. കറികൾക്കും മറ്റും രുചിയും സുഗന്ധവും ഗുണവും ലഭിക്കാനാണ് കറിവേപ്പില ഉപയോഗിക്കുക.
രണ്ടിനങ്ങളാണ് കറിവേപ്പിൽ പ്രധാനം. വലിയ ഇലകളുള്ളതും ചെറിയ ഇലകളുള്ളതും. കടകളിൽനിന്ന് വാങ്ങുന്നതിൽ വലിയ ഇലകളാണുണ്ടാകുക. എന്നാൽ, ചെറിയ ഇലകളുള്ള ഇനത്തിനാണ് കൂടുതൽ മണവും ഗുണവും രുചിയും. കുരു മുളപ്പിച്ചും വേരിൽനിന്ന് പൊട്ടിമുളക്കുന്ന തൈകൾ നട്ടും കറിവേപ്പ് കൃഷിചെയ്യാം.
ചെറിയ പ്ലാസ്റ്റിക് കവറുകളിൽ ജൈവവളവും മണ്ണും ചകിരിച്ചോറും ഒപ്പം കുറച്ച് വേപ്പിൻ പിണ്ണാക്കും ചേർത്ത് തൈകൾ പാകാം. രോഗമില്ലാത്ത മാതൃവൃക്ഷത്തിൽനിന്ന് ശേഖരിച്ച തൈകൾ നടാൻ ശ്രദ്ധിക്കണം. കിളിർത്തുവന്ന തൈകൾ രണ്ടുമൂന്ന് മാസത്തിനകം കൂടുകളിൽനിന്ന് മാറ്റി നടാം.
വലിയരീതിയിൽ കറിവേപ്പ് കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ മൂന്ന് മീറ്റർ x മൂന്ന് മീറ്റർ അകലത്തിൽ കുഴിയെടുക്കണം. കുഴിക്ക് ഒരു മീറ്റർ താഴ്ചയുമുണ്ടാകണം. കുഴിയിൽ ഏതെങ്കിലും ഒരു ജൈവവളവും വേപ്പിന് പിണ്ണാക്കും അൽപം എല്ലു പൊടിയും കുമ്മായവുംകൂടി ചേർത്തിളക്കി കുഴിമൂടണം. ഇതിനുശേഷം തൈ പറിച്ചു നട്ടാൽ കൂടുതൽ വിളവ് ലഭിക്കും.
വലിയ ഗ്രോബാഗ്, മുകൾഭാഗം വെട്ടിമാറ്റിയ പ്ലാസ്റ്റിക് വീപ്പകൾ, പെയിന്റ് ബക്കറ്റുകൾ തുടങ്ങിയവയും കറിവേപ്പ് നടാൻ ഉപയോഗിക്കാം. മണ്ണ്, ജൈവവളം, വേപ്പിന് പിണ്ണാക്ക്, ചകിരിച്ചോറ് തുടങ്ങിയവ നിറച്ചുവേണം തൈകൾ നടാൻ. മാസത്തില്‍ ഒരിക്കൽ ജൈവവളം ഏതെങ്കിലും കലക്കി ഒഴിക്കണം. ആവശ്യത്തിനു നനയും നൽകണം.
കറിവേപ്പിന്റെ ഇലയില്‍ കറുത്ത പാടുകള്‍
കറിവേപ്പില് മണ്ഡരിയുടെ ആക്രമണംമൂലം സാധാരണയായി കണ്ടുവരുന്ന മാറ്റമാണ് ഇലയിലെ കറുത്ത പാടുകൾ. കറികളില്‍ നേരിട്ട് ഉപയോഗിക്കുന്നതിനാല്‍ ഇവയെ തുരത്താനായി രാസവസ്തുക്കള്‍ ഉപയോഗിക്കാൻ പാടില്ല. വെര്‍ട്ടിസീലിയം എന്ന സൂക്ഷ്മാണു മിശ്രിതമാണ് പകരം ഉപയോഗിക്കേണ്ടത്. 30 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അതിന്റെ തെളിയെടുത്താണ് ഉപയോഗിക്കേണ്ടത്. ഇലകളുടെ രണ്ടു വശത്തും വീഴുന്നതുപോലെ വൈകുന്നേരം തളിച്ചുകൊടുക്കണം.
നാരക ശലഭം
കറിവേപ്പിലയെ നശിപ്പിക്കുന്ന പ്രധാന കീടമാണ് നാരകശലഭം. ഇളം ഇലകൾ ഇവ തിന്നു നശിപ്പിക്കും. കൂടാതെ ഇവയുടെ ആക്രമണംമൂലം ഇലകൾ പൊഴിഞ്ഞുപോകുകയും ചെയ്യും. പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുക എന്നതാണ് പ്രധാന മാർഗം. കൂടാതെ വേപ്പിൻകുരു സത്ത് അഞ്ച് ശതമാനം അല്ലെങ്കിൽ വേപ്പധിഷ്ഠിത കീടനാശിനികൾ തുടങ്ങിയവ തളിച്ചുകൊടുക്കുന്നതും ഫലപ്രദമാണ്.
സൈലിഡ്
ഇലകളും തണ്ടും നശിപ്പിക്കുന്ന ഒന്നാണ് സൈലിഡ്. ഇതിന്റെ ആക്രമണംമൂലം ഇലകൾ ചുരുളുകയും വളയുകയും ചെയ്യും. ആക്രമണമേറ്റ ഭാഗം മുറിച്ചു കളയുക എന്നതാണ് പ്രധാന പ്രതിരോധ മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.