പരിമിതികളെ പശുവളർത്തി തോൽപിച്ച് റെജി
text_fieldsശാരീരിക പരിമിതികളെ മനക്കരുത്തുകൊണ്ട് തോൽപിച്ച് അതിജീവനത്തിന്റെ വഴിയിൽ മുന്നേറിയ അനേകം മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയൊരാളാണ് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറക്കടുത്ത കാർഷികഗ്രാമമായ കുപ്പാടിത്തറയിലെ റെജി പാമ്പൂരിക്കൽ. മെഡിക്കൽ സയൻസിൻ ജെനു വാൽഗം അഥവ കെട്ടുകാൽ എന്ന് വിളിക്കപ്പെടുന്ന ശാരീരികവൈകല്യമാണ് റെജിയുടെ ജീവിതത്തിന് മുന്നിൽ വെല്ലുവിളിയായത്. കാൽമുട്ടുകൾ തമ്മിൽ ചേർന്നിരിക്കുകയും പാദങ്ങൾ തമ്മിൽ അകന്നിരിക്കുകയും ചെയ്യുന്ന വൈകല്യമാണിത്. നടക്കാനും ഭാരം ചുമക്കാനുമെല്ലാം സ്വാഭാവികമായും പ്രയാസങ്ങളും പരിമിതികളുമുണ്ട്. ജന്മനാ പിടിപെട്ട വൈകല്യം പ്രായമാവുമ്പോൾ നേരെയാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിർഭാഗ്യവശാൽ പ്രായം കൂടിയപ്പോൾ കാലുകളിലെ പ്രശ്നം കൂടുതൽ തീവ്രമായി. എന്നാൽ, തളർന്നിരിക്കാൻ റെജി തയാറായില്ല. പടിഞ്ഞാറത്തറ പ്രദേശത്തെ അനേകമാളുകൾ ജീവിതോപാധിയായി തിരഞ്ഞെടുത്ത പശുവളർത്തൽതന്നെ തന്റെയും ജീവിതമാർഗമായി തിരഞ്ഞെടുക്കാനായിരുന്നു റെജിയുടെ തീരുമാനം. വീട്ടിൽ പരമ്പരാഗതമായുണ്ടായ പശുവളർത്തലും ഈ തീരുമാനത്തിന് നിമിത്തമായി.
അതിജീവനത്തിന്റെ വഴി കാണിച്ച പശു
റെജി പശുവളർത്തൽ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലധികമായി. ഇപ്പോഴും തൊഴുത്തിൽ രണ്ട് കറവപ്പശുക്കളും കിടാക്കളും ഉൾപ്പെടെ ഉരുക്കൾ നാലെണ്ണമുണ്ട്. അതിലൊരു പശു നാലുമാസം ഗർഭിണിയാണ്. അതിരാവിലെ നാലുമണിമുതൽ തുടങ്ങുന്നതാണ് റെജിയുടെ ക്ഷീരജീവിതം. പശുക്കളെ കുളിപ്പിക്കലും തൊഴുത്ത് വൃത്തിയാക്കലും വെള്ളവും തീറ്റയും നൽകലും കറവയും കഴിയുന്നതോടെ സമയം ആറര കഴിയും. സഹായത്തിന് ഭാര്യ ലിസിയും ഒപ്പം കൂടും. രാവിലെയും വൈകീട്ടും തന്റെ മുച്ചക്രവണ്ടിയിൽ കയറ്റി കുപ്പാടിത്തറയിലെ ഗ്രാമീണ ക്ഷീരസംഘത്തിൽ പാലെത്തിക്കും. നിലവിൽ ഒരുദിവസം രണ്ട് നേരമായി 19 ലിറ്റർ പാൽ റെജി കുപ്പാടിത്തറ സംഘത്തിൽ അളക്കുന്നുണ്ട്. പറമ്പിൽ ചെറിയ തോതിൽ പുൽകൃഷിയുണ്ടെങ്കിലും തികഞ്ഞില്ലെങ്കിൽ പുല്ലരിയാൻ റെജിതന്നെ അരിവാളുമായിറങ്ങും. പുല്ലരിഞ്ഞ് കെട്ടി ചുമടാക്കി തൊഴുത്തിൽ എത്തിക്കുന്നതിന് മാത്രമേ റെജിക്ക് പ്രയാസമുള്ളൂ, ബാക്കി പശുപരിപാലന മുറകളെല്ലാം ഒറ്റയ്ക്ക് വഴങ്ങും. നടക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ പശുക്കളെ മേയ്ക്കുന്നത് ഇരട്ടി പ്രയാസമാവില്ലേ എന്ന് ചോദിച്ചാൽ റെജി മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കും. ആത്മവിശ്വാസത്തിന്റെ ആ പുഞ്ചിരിയിൽ ക്ഷീരവൃത്തി നൽകിയ സംതൃപ്തി മുഴുവൻ തെളിയുന്നുണ്ട്. ചെറിയ തോതിൽ വയലിലും വീട്ടുവളപ്പിലും റെജിക്ക് മറ്റ് കൃഷികളുമുണ്ട്. എങ്കിലും പ്രധാന വരുമാനമാർഗം പശുക്കൾതന്നെ. ഏക മകനെ ഹോട്ടൽ മാനേജ്മെന്റ് പഠിപ്പിച്ച് വിദേശത്തയച്ചു.
പാൽ പ്രതീക്ഷ
പശുവളര്‍ത്തൽ നഷ്ടമാണെന്നും പരാജയമാണെന്നും പറഞ്ഞ് പിന്തിരിഞ്ഞ് പോവുന്നവര്‍ ഏറെയുണ്ട് ഇന്ന് നമ്മുടെ നാട്ടിൽ. എന്നാൽ, പശുവളര്‍ത്തലും ക്ഷീരോൽപാദനവും ജീവിതാതിജീവനത്തിന്റെ മാർഗമാണെന്ന് തെളിയിക്കുകയാണ് റെജി. ക്ഷീരോൽപാദനം നിത്യവരുമാനമൊരുക്കിയതിനൊപ്പം, കുടുംബത്തിന് കൈത്താങ്ങാവാനും തുണച്ചുവെന്ന് പറയുമ്പോള്‍ മുഖത്ത് പാൽവെളിച്ചം. പരിമിതികള്‍ ഏറെയുള്ള തനിക്കുപോലും ചെറിയ ക്ഷീരസംരംഭമൊരുക്കി ജീവിതം തിരിച്ചുപിടിക്കാന്‍ സാധ്യമായെങ്കിൽ ആര്‍ക്കാണ് ക്ഷീരമേഖലയിൽ വിജയം നേടാന്‍ കഴിയാത്തതെന്ന റെജിയുടെ ചോദ്യം തീര്‍ച്ചയായും ക്ഷീരമേഖലയിലേക്ക് കടന്നുവരുന്ന ഏതൊരാൾക്കും പ്രചോദനവും പ്രതീക്ഷയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.