നാട്ടിൻപുറങ്ങളിലും ഡ്രാഗൺഫ്രൂട്ട് വിളയും
text_fieldsകൊടുമൺ: ഉഷ്ണമേഖല പ്രദേശങ്ങളിൽ മാത്രമല്ല നമ്മുടെ നാട്ടിൻപുറങ്ങളിലും സമൃദ്ധമായി ഡ്രാഗൺഫ്രൂട്ട് വിളയുമെന്ന് തെളിയിച്ചിരിക്കയാണ് കൊടുമൺ സ്വദേശി മാത്യൂസ്. കൊടുമണ്ണിൽ ഇതിെൻറ കൃഷി നടത്തി വിജയം കൊയ്യുകയാണിപ്പോൾ ഐക്കാട് കാഞ്ഞിരവിള പുത്തൻവീട്ടിൽ കെ.ഇ. മാത്യൂസ്.
റബറിന് വിലത്തകർച്ച വന്നതോടെയാണ് നൂതന കൃഷിയിലേക്ക് അദ്ദേഹം തിരിഞ്ഞത്. അത് വൻവിജയമാകുകയും ചെയ്തു. 70ാം വയസ്സിലും ജോലിക്കാർക്കൊപ്പം മാത്യൂസും കൃഷിയിടത്തിൽ ഇറങ്ങും. സഹായത്തിന് ഭാര്യ സാറാമ്മയും കൂടും. 20 വർഷത്തോളം സൗദിയിലായിരുന്നു ജോലി.
2000ൽ നാട്ടിൽ വന്ന് ആദ്യം എണ്ണപ്പന കൃഷിയാണ് തുടങ്ങിയത്. മൂന്നുവർഷം മുമ്പാണ് വീടിേനാട് ചേർന്ന രണ്ട് ഏക്കറോളം സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷി തുടങ്ങുന്നത്. ഏകദേശം 600മൂട് കൃഷിചെയ്യുന്നുണ്ട്. ഏപ്രിൽ മാസമാകുേമ്പാൾ ഇവ പൂത്തുതുടങ്ങും. ഒക്േടാബർ വരെ വിളവ് ലഭിക്കും.
കഴിഞ്ഞവർഷം ഒരുലക്ഷം രൂപയുടെ പഴങ്ങൾ വിൽപന നടത്തി. മുട്ടയുടെ ആകൃതിയും ചെതുമ്പല്‍ പോലുള്ള തൊലിയും മാംസളമായ ഉള്‍ഭാഗവും വ്യത്യസ്തമായ നിറവുമുള്ള ഡ്രാഗണ്‍ഫ്രൂട്ട് ആരോഗ്യഗുണങ്ങളിലും മുന്നിട്ടുനിൽക്കുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മത്തിെൻറ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
ജാം, ജെല്ലി, ഐസ്ക്രീം, ജ്യൂസ്, വൈൻ, മുഖലേപനം എന്നിങ്ങനെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. ഷുഗർ, പ്രഷർ രോഗികൾക്കും ഈ പഴം കഴിക്കാം. തായ്ലൻഡ്, ഇസ്രായേൽ, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിൽ വലിയതോതിൽ കൃഷിചെയ്തു വരുന്നു.
ആറുമാസംകൊണ്ട് വളർന്നുവരുന്ന തൈ നീളമുള്ള കോൺക്രീറ്റ് തൂണിലാണ് കയറ്റിവിടുന്നത്. തൂണിനു മുകളിൽ ഇരുചക്ര വാഹനങ്ങളുടെ പഴയ ടയറുകൾ പിടിപ്പിക്കും. താങ്ങുകാലിന് മീതെ വളരുന്ന ഡ്രാഗൺ ചെടികളെ ടയറിനു മുകളിലൂടെ വളച്ചുവിടും. ഇവ ശാഖകളായി പുറുത്തേക്ക് പടർന്ന് വളരും.
ജൈവവളമാണ് ഉപയോഗിക്കുന്നത്. കീട, രോഗബാധ പൊതുവേ കുറവാണ്. എന്നാൽ ഉറുമ്പിെൻറ ശല്യം ഉണ്ടാകാറുണ്ട്. ഇതിന് ജൈവ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. നട്ട് രണ്ടാംവർഷം മുതൽ വിളവെടുപ്പ് ആരംഭിക്കും. രാത്രിയിലാണ് പൂക്കൾ വിടരുന്നത്.
പൂക്കൾ കാണാൻ മനോഹരമാണ്. പൂവ് വന്നുകഴിഞ്ഞ് 25 -30 ദിവസം കഴിയുേമ്പാൾ പഴം പറിക്കാം. 10 ദിവസം ഇടവിട്ട് പഴം ലഭിക്കും. ഒരുകിലോ ഡ്രാഗൺ പഴത്തിന് 150- 200 രൂപ വിലയുണ്ട്. പലസ്ഥലത്തും പഴങ്ങൾ വാങ്ങാൻ ആളുകൾ എത്താറുണ്ട്. തൈകളും ഉൽപാദിപ്പിക്കുന്നുണ്ട്.
അമേരിക്കയിലുള്ള മകളെ കാണാൻ പോയപ്പോൾ അവിടത്തെ കൃഷിത്തോട്ടം സന്ദർശിച്ചതാണ് നൂതന കൃഷി ആരംഭിക്കാൻ പ്രചോദനമായതെന്ന് മാത്യൂസ് പറഞ്ഞു. മൂത്ത മകൾ ഷേബ കുവൈത്തിലും ഇളയ മകൾ ഡോ. ഹെലനി അമേരിക്കയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.