കൊച്ചിയിൽ കൃഷിയിറക്കാൻ സ്വന്തമായി ഭൂമി വേണ്ട; മറ്റുള്ളവരുടെ ഭൂമിയിൽ കൃഷിചെയ്ത് നേട്ടം കൊയ്യുന്നത് 8,873 കർഷകർ
text_fieldsകൊച്ചി: ജില്ലയിൽ സ്വന്തമായി ഭൂമിയില്ലാതെ മറ്റുള്ളവരുടെ സ്ഥലത്ത് കൃഷി ചെയ്യുന്നത് 8,873 കർഷകർ. കൃഷി പ്രധാന ഉപജീവന മാർഗമാക്കിയവരാണ് ഭൂരിഭാഗവും. 2023ലെ കണക്കുകൾ പ്രകാരം 4,929 കർഷകരായിരുന്നു മറ്റുള്ളവരുടെ ഭൂമിയിൽ കൃഷി ചെയ്യുന്നത്. എല്ലാവരെയും കൃഷിയിലേക്ക് ആകർഷിക്കുന്നതിന് പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴും വർഷങ്ങളായി കാർഷികവൃത്തിയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വലിയൊരു വിഭാഗത്തിന് സ്വന്തം ഭൂമി ഇന്നും അന്യമാണ്. ഉൽപന്നങ്ങൾക്ക് ആവശ്യമായ വില ലഭിക്കാത്തതടക്കം പ്രതിസന്ധികൾ നേരിടുന്ന കൃഷിക്കാർക്ക് സ്വന്തം ഭൂമിയെന്നത് സ്വപ്നമായി തുടരുകയാണെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നു. അതേസമയം, സ്വന്തം ഭൂമിയില്ലെങ്കിലും കൃഷിയിലേക്ക് കടന്നുവരുന്നുവരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നതിന്റെ സൂചനകളും കണക്കുകളിലൂടെ വ്യക്തമാകുന്നു.
ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള സഹായം
കൃഷി വകുപ്പ്, വിവിധ പദ്ധതികൾ പ്രകാരം സ്ഥാപിച്ചിട്ടുള്ള ഇക്കോ ഷോപ്പുകൾ, എ ഗ്രേഡ് ക്ലസ്റ്ററുകൾ, ബ്ലോക്ക് ലെവൽ ഫെഡറേറ്റഡ് ക്ലസ്റ്ററുകൾ, ആഴ്ച ചന്തകൾ, നഗര വഴിയോര ആഴ്ച ചന്തകൾ, ആറ് കാർഷിക മൊത്ത വ്യാപാര വിപണികൾ തുടങ്ങിയവ മുഖേന അതാത് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പ്രദേശങ്ങളിൽ കർഷകർ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറികൾ എന്നിവ സംഭരിച്ച് വിപണനം നടത്തുന്നതിന് സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ട്. കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും വിറ്റഴിക്കുന്നതിനും ഹോർട്ടികോർപ്പിന് 13 ജില്ല സംഭരണ കേന്ദ്രങ്ങളും ആറ് ഉപസംഭരണ കേന്ദ്രങ്ങളും വെജിറ്റബിളിൽ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന് കീഴിൽ 296 സ്വാശ്രയ കർഷക സമിതികളും പ്രവർത്തിക്കുന്നുണ്ട്.
ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനും ഇവ സഹായിക്കുന്നു. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിക്കുന്നതിനും ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനും ഇവ സഹായിക്കുന്നു. കർഷകരുടെ അഭിവൃദ്ധിക്കും വിപണികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമായി ഡെവലപ്മന്റെ് ആൻഡ് സ്റ്റബിലൈസേഷൻ സപ്പോർട്ട് പദ്ധതി നടപ്പാക്കുന്നുണ്ട്.
2022 മുതൽ കേരഫെഡ്, വി.എഫ്.പി.സി.കെ എന്നീ ഏജൻസികളുടെ ചുമതലയിൽ പച്ചത്തേങ്ങ സംഭരണവും മാർക്കറ്റ് ഫെഡ്, വി.എഫ്.പി.സി.കെ എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ കൊപ്ര സംഭരണവും നടത്തുന്നുണ്ട്.
കർഷകർക്കുള്ള ആനുകൂല്യങ്ങൾ
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളെല്ലാം സ്വന്തമായി കൃഷിഭൂമിയില്ലാത്ത കർഷകർക്കും ലഭ്യമാക്കുന്നുണ്ടെന്ന് കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കി. കർഷകർ അപേക്ഷ സമർപ്പിക്കുന്ന മുറക്ക് പദ്ധതി മാനദണ്ഡങ്ങൾ അനുസരിച്ച് കൃഷി വിസ്തൃതി വ്യാപനം, തരിശുഭൂമിയിൽ കൃഷി, സുരക്ഷിത കൃഷി, ജൈവ കൃഷി, മറ്റ് കൃഷികൾ എന്നിവക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
അതേസമയം പമ്പ് സെറ്റ് പോലുള്ള മൂലധന ആസ്തികൾ നൽകുന്ന പദ്ധതികളിൽ പദ്ധതി നിർദേശിക്കുന്ന കൈവശ ഭൂമിയുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.