സ്വർഗീയ പഴം’ വീട്ടുവളപ്പിൽ; ഗാക് ഫ്രൂട്ട് വീട്ടുവളപ്പിൽ വിളയിച്ച് കർഷകൻ
text_fieldsകൊട്ടിയൂർ: സ്വർഗീയ പഴം (ഹെവൻ ഫ്രൂട്ട്) എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ട് കേരളത്തിനും സുപരിചിതമാകുകയാണ്. വിയറ്റ്നാമിലെ പഴവർഗമായ ഗാക് ഫ്രൂട്ടിന് കൊട്ടിയൂരിലും വിളവെടുപ്പ് കാലമാണ്.‘ ഗാക് ഫ്രൂട്ട് നൂറുമേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് കൊട്ടിയൂർ കണ്ടപുനത്തെ എൺപതുകാരൻ കളത്തിൽ രവീന്ദ്രൻ. വീടിന്റെ പുറകുവശത്ത് വിശാലമായ പന്തലിൽ വിവിധ വർണങ്ങളിലുള്ള ഗാക് ഫ്രൂട്ടിന്റെ മനോഹരരമായ കാഴ്ച ഏവരിലും കൗതുകം ഉണർത്തും.
വൈവിധ്യമാർന്ന കൃഷിയോടുള്ള താൽപര്യമാണ് കേരളത്തിൽ അപൂർവമായി മാത്രമുള്ള ഗാക് ഫ്രൂട്ട് കൃഷിയിലേക്ക് തിരിയാൻ കാരണമെന്ന് രവീന്ദ്രൻ പറയുന്നു. വിയറ്റ്നാമിൽനിന്നുള്ള ഈ ഫലത്തിന് പരാഗണം നടക്കുന്നതിൽ ഏറെ സങ്കീർണതയും ഉണ്ട്. ആദ്യം നട്ട തൈക്ക് പരാഗണം നടത്തി പരാജയപ്പെട്ടെങ്കിലും പരീക്ഷണത്തിൽ തൽപരനായ ഈ കർഷകൻ പിന്മാറാൻ തയാറായില്ല. അങ്കമാലിയിൽനിന്ന് ഗാക് ഫ്രൂട്ടിന്റെ പുതിയ തൈകൾ എത്തിച്ച് വീണ്ടും കൃഷിചെയ്തു.
ഇപ്പോൾ പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും നിറങ്ങളിൽ വിവിധ പാകത്തിലുള്ള ഗാക് ഫലങ്ങൾ പന്തലിൽ തൂങ്ങിക്കിട ക്കുകയാണ്. പച്ചയിൽ തുടങ്ങി ചുവപ്പിലെത്തുമ്പോഴാണ് വിളവെടുക്കാൻ പാകമാകുക. ഒരു കിലോ പഴത്തിന് 900 മുതൽ 1400 രൂപ വരെയാണ് വിപണി വില. നേരിയ ചവർപ്പ് രുചിയുണ്ടെങ്കിലും വിറ്റാമിൻ സി, മൂലകങ്ങൾ, ആന്റി ഓക്സൈഡുകൾ എന്നിവയാൽ സമ്പന്നമാണ് ഗാക് പഴം.
ജ്യൂസ്, അച്ചാർ, സോസ് തുടങ്ങി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനും സാധിക്കും. ഇലകളും മൂപ്പെത്താത്ത കായും പച്ചക്കറിയായും ഉപയോഗിക്കാം. പുറന്തോടും ഭക്ഷ്യയോഗ്യമാണ്. വിത്തു വിപണനമാണ് രവിന്ദ്രൻ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കൃഷിക്ക് താങ്ങായി ഭാര്യ സൗമിനിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.