മരുഭൂമിയിലെ ഹരിത കുടുംബം
text_fieldsവീടും മുറ്റവും മട്ടുപ്പാവും പരിസരങ്ങളുമെല്ലാം ഹരിതാഭമാക്കി വീടൊരു ‘മിനി ഫാമാ’ക്കി മാറ്റിയിരിക്കുകയാണ് ഷാർജയിലെ ഒരു മലയാളി കുടുംബം. വില്ലയിൽ ൈകയെത്തുന്നിടത്തെല്ലാം കൃഷിയിറക്കിയിരിക്കുന്നു ഇവർ. കരിമ്പ് മുതൽ വർണാഭമായ പൂക്കൾ വരെ. വൈവിധ്യമാർന്ന പഴ വർഗങ്ങൾ മുതൽ പോഷകസമൃദ്ധമായ പച്ചക്കറികൾ വരെ. നിരവധി ഇനം ചെടികളും വളർത്തു മൃഗങ്ങളും പക്ഷികളുമെല്ലാമായി തൃശൂർ ചേർപ്പ് ചിറക്കൽ സ്വദേശി അറക്കൽ സിദ്ധീഖ് അബ്ദുല്ലയുടെ ഭവനം ഹരിത ഭംഗിയിൽ ആരെയും അതിശയിപ്പിക്കുകയാണ്.
കരിമ്പ് മുതൽ ഫിലിപ്പിനോ പപ്പായ വരെ
ഷാർജ ഹൈഫയിലെ ഈ വില്ലയിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ ഒരു ബോട്ടാണിക്കൽ ഗാർഡനിലെത്തിയ പ്രതീതിയാണ്. നാട്ടിലാണോ ഗൾഫിലാണോയെന്ന് ഒരു നിമിഷം സംശയിച്ചു പോകും. ചെടിച്ചട്ടികളുടെയും വള്ളിച്ചെടികളുടെയും പൂക്കളുടെയും വരികൾ വീട്ടുമുറ്റത്ത് ഭംഗിയായി ഇഴചേർന്നിരിക്കുന്നു. പച്ചപ്പിന് നടുവിൽ മനോഹരമായ ഒരു കിണർ സ്ഥിതി ചെയ്യുന്നു. ഉള്ളിലേക്ക് കണ്ണോടിച്ചാൽ ഡസൻ കണക്കിന് തിലാപ്പിയ മത്സ്യങ്ങൾ. നിരവധി ഔഷധച്ചെടികളും കുറ്റിക്കുരുമുളകും അലങ്കാരച്ചെടികളും വളരുന്നു. വീടിന്റെ മുറ്റത്തും വരാന്തയിലും ഗോവണിയിലുമെല്ലാം എന്തെങ്കിലുമൊക്കെ സസ്യ സാന്നിധ്യമുണ്ട്. ചെടികൾക്കൊപ്പം വിഷ രഹിതമായ പച്ചക്കറി ലഭിക്കാനായി ലളിതമായി ആരംഭിച്ച കായ് കൃഷി പടർന്നു പന്തലിച്ച അടുക്കളത്തോട്ടമായി മാറിയിരിക്കുന്നു. വിഷരഹിത പച്ചക്കറികളുടെ വൈവിധ്യങ്ങളാണ് പ്രധാന ആകർഷണം. വാഴ, കരിമ്പ്, വ്യത്യസ്തമായ ആറിനം തക്കാളികൾ, പയർ, പടവലം, കോവക്ക, വെണ്ടയ്ക്ക, മത്തൻ, വഴുതന, കൂസ, പേരക്ക, തെങ്ങ്, തായ്ലൻഡ്, ഫിലിപ്പിനോ പപ്പായകൾ അങ്ങിനെ നീളുന്നു കൃഷി ഇനങ്ങൾ. വിദേശികളായ കോളിഫ്ലവറും കാബേജ്, തണ്ണിമത്തൻ എന്നിവയും പലവർണ്ണങ്ങളിൽ തഴച്ചു വളരുന്നു. വില്ലയിലേക്ക് കയറുമ്പോൾ തന്നെ പക്ഷികളുടെ ആരവങ്ങൾ മനസ്സിന് കുളിർമയാണ്.
21 വർഷമായി ദുബൈ ഹെൽത്ത് അതോറിറ്റിയുടെ കീഴിൽ റാശിദ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന സിദ്ധീഖ് അബ്ദുല്ലക്ക് കൃഷിയിലും ചെടികൾ നട്ടുപിടിപ്പിക്കുന്നതും ചെറുപ്പം തൊട്ടേ ഹരമാണ്. ഇതേ ആശുപത്രിയിൽ തന്നെ പാത്തോളജി വിഭാഗത്തിൽ ലാബ് ടെക്നിഷ്യനായി ജോലി ചെയ്യുന്ന ഭാര്യ ആലപ്പുഴ അരൂർ സ്വദേശി സീമയുടെയും വിദ്യാർഥികളായ മൂന്നു മക്കളുടെയും കൂട്ടായ പ്രയത്നം കൂടിയാണ് ഈ ഉദ്യാനം. നാട്ടിലെ തറവാട് വീട്ടിൽ കുട്ടിക്കാലത്തേ കണ്ടുവളർന്ന കൃഷിയും അടുക്കള തോട്ടങ്ങളും ജീവിതത്തിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പ്രവാസിയായതോടെ ആ ഗൃഹാതുരത്വമാണ് ഗൾഫിലും പൂന്തോട്ടമെന്ന തിരിച്ചറിവുണ്ടാക്കിയത്. സസ്യ പരിപാലനത്തിൽ ഉമ്മയിൽ നിന്നും കണ്ടുപടിച്ചത് ഗൾഫിലെ താമസയിടങ്ങളിൽ പരീക്ഷിച്ചു പോന്നു. ഓരോ ദിവസത്തെയും ജോലിയുടെ സമ്മർദങ്ങളിൽ നിന്നുള്ള ഒരു തിരിച്ചുവരവാണ് ഉദ്യാന പരിപാലനത്തിലൂടെ ലഭിക്കുന്ന അനുഭൂതി. വീട്ടിലെ പച്ചപ്പും സസ്യങ്ങളുമായുള്ള പരീക്ഷണങ്ങളും മാനസിക പിരിമുറുക്കങ്ങളിൽ നിന്നുള്ള ഇടവേളയാണിവർക്ക്.
മൊയ്തീൻ പൂച്ചയും ചൈനീസ് കാടയും
കൂടാതെ ധാരാളം വളർത്തുമൃഗങ്ങളുമുണ്ടിവിടെ. ഒരു നാടൻ പൂച്ചയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള മറ്റു 8 പൂച്ചകളുമാണ് പ്രത്യേകതകളിലൊന്ന്. പൂച്ചകളിൽ മൂത്തവളുടെ പേര് മെയ്മൂന. അവളുടെ ആൺ പൂച്ചയുടെ പേര് മൊയ്തീൻ. പിന്നെ ചാർലിയും കാത്തുവും, ഷീലയുമെല്ലാം. അവരൊക്കെ തന്റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. പേര് വിളിക്കുമ്പോൾ തന്നെ തിരിച്ചറിഞ്ഞ് ഓടിയെത്തും. സൂഷ്മ പരിചരണം ആവശ്യമുള്ള ഹൈബ്രിഡ് പൂച്ചകളുമുണ്ട് കൂട്ടത്തിൽ. വർഷം തോറും വാക്സിനേഷൻ എടുക്കുകയും ക്ലിനിക്കിൽ കൊണ്ടുപോവുകയും പാസ്പോര്ട്ട് പുതുക്കുകയും വേണം. 24കോഴികൾ, താറാവുകൾ, ഒരു ചൈനീസ് കാട, ഒരു കോക്ടെയ്ൽ പക്ഷി, ഒരു തത്ത, കളകം ടർക്കി കോഴികൾ, ഗിനി കോഴികൾ, പച്ച നിറമുള്ള മുട്ടയിടുന്ന താറാവുകൾ, ലൗവ് ബേർഡ്സ് എന്നിവയും ഈ കുടുംബത്തിലുണ്ട്. കോഴികളിൽ തന്നെ വ്യത്യസ്തയുള്ളവയാണ്.
കോഴിമുട്ടയും പച്ചക്കറികളും വർഷങ്ങളായി പുറത്തുനിന്ന് കാശിന് വാങ്ങേണ്ടി വരാറില്ല. വീട്ടിൽ അതിഥികളായി വരുന്നവർക്ക് പലപ്പോഴും കോഴിമുട്ടയും, പച്ചക്കറികളുമാണ് ഗിഫ്റ്റ് നൽകാറ്. വ്യത്യസ്ത വർണങ്ങളിലുള്ള ചൈനീസ് കാടയുടെ മുട്ടക്ക് ഔഷധ ഗുണമുള്ളതാണ്. പൂച്ചകളും അണ്ണാറ കണ്ണനും മുയലും തത്തയും തമ്മിലുള്ള സൗഹൃദം കാണേണ്ട കാഴ്ച തന്നെ. മുയലുകൾ ഫാമിനകത്ത് സ്വതന്ത്രരായി ഓടി കളിക്കുകയാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് പക്ഷികൾക്കും മൃഗങ്ങൾക്കുമെല്ലാം നൽകാറ്. ഓരോ ജീവിക്കും അവരുടേതായ ജീവിത സാഹചര്യങ്ങൾക്കൊത്ത സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജീവികളെ പോലെത്തന്നെ ഓരോ ചെടിക്കും അതിന്റേതായ പരിചരണം ആവശ്യമാണ്. ചില സസ്യങ്ങൾ ഉണങ്ങാത്തവയാണ്, മറ്റുള്ളവ കാലാനുസൃതമാണ്. വളരാൻ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചെടികളിലൊന്നാണ് റോസാപ്പൂവ്. നന്നായി വളരുന്നതിന് താപനില കൃത്യമായി നിലനിർത്തേണ്ടതുണ്ട്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത തരത്തിലുള്ള റോസാ ചെടികളുടെ ശേഖരം ഉണ്ടിവിടെ.
കോവിഡ് ഉണർത്തിയ ഗൃഹാതുരത്വം
കോവിഡ് കാലത്ത് തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന ദുരനുഭവമാണ് സിദ്ധീഖിനെ ഉദ്യാന പരിപാലനമെന്ന ചിന്തയിലേക്ക് ചെന്നെത്തിച്ചത്. സിദ്ധീക്കും ഭാര്യയും ആരോഗ്യ രംഗത്ത് ജോലിചെയ്യുന്നവരായതിനാൽ കോവിഡ് ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഓരോ ദിവസവും നടുക്കുന്ന കാഴ്ചകളായിരുന്നു ജോലിക്കിടയിൽ. പഴയ കാലത്തിലേക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാവില്ലെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഇത്തരം പ്രതിസന്ധികൾ ഏതു സമയത്തും വരാമെന്ന തിരിച്ചറിവിൽ നാട്ടിൽ സ്ഥിരതാമസമാക്കിയാൽ ചെയ്യാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ പ്രവാസ ജീവിതത്തിൽ തന്നെ നടപ്പിലാക്കാൻ സിദ്ധീഖ് തീരുമാനിച്ചു. അതിനായി ഷാർജയിലെ വിശാലമായ പറമ്പിൽ നല്ലൊരു വില്ല വാങ്ങി. അങ്ങിനെ ചെടികളും മരങ്ങളും പൂക്കളും പച്ചക്കറികളും പക്ഷി മൃഗാധികളുമെല്ലാമായി ഒരു ഉദ്യാനം തന്നെ വളർത്തിയെടുത്തു.
പൂന്തോട്ട പരിപാലനം മക്കളിൽ കൂടി വളർത്തിയെടുക്കാൻ കഴിഞ്ഞുവെന്ന ചാരിതാർഥ്യവും ഇദ്ദേഹത്തിനുണ്ട്. താൻ വളർന്നുവന്ന ചുറ്റുപാടും അന്തരീക്ഷവും കുട്ടികളിൽ കൂടി പകർന്നു നൽകി. ഇപ്പോഴവർ തന്നേക്കാൾ കൂടുതൽ ഉത്സുകരാണെന്ന് സിദ്ധീഖ് പറയുന്നു. പ്രത്യേകിച്ച് മൃഗങ്ങളുടെ പരിപാലനത്തിൽ. മക്കളായ അമനും അബാനും റാസൽഖൈമയിലെ വെസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസിനു പഠിക്കുകയാണ്. മൂന്നാമൻ അഫ്നാൻ പ്ലസ് വൺ വിദ്യാർഥി. ഡിജിറ്റൽ സ്ക്രീനുകൾക്ക് പുറകെ കൂടുതൽ സമയം ചിലവഴിക്കുന്ന പുതിയ തലമുറയിൽ നിന്നും വ്യത്യസ്തരാണിവർ. സസ്യങ്ങളെയും പക്ഷി മൃഗാധികളെയും സ്നേഹിക്കുന്നത് കൊണ്ടുതന്നെ ഹരിതഭംഗി നിറഞ്ഞൊരു കുടുംബ ബന്ധം ഈ വീട്ടിലുണ്ട്.
സസ്യ, മൃഗ പരിപാലനം മുഴുസമയ ജോലി
സസ്യ പരിപാലനത്തെ കുറിച്ചും മൃഗ സംരക്ഷണത്തെ കുറിച്ചുമൊക്കെ വ്യക്തമായി പഠിച്ചു മനസ്സിലാക്കിയാണ് സിദ്ധീഖിന്റെ ഓരോ ചുവടുവെപ്പും. ഈ രംഗത്ത് കൂടുതൽ വ്യാപൃതനായതോടെ പുതിയ ഒട്ടേറെ ജ്ഞാനം നേടാൻ കഴിഞ്ഞു. സസ്യങ്ങളെയും മൃഗങ്ങളെയും പരിപാലിക്കുന്നത് മുഴുവൻ സമയ ജോലിയാണെന്ന് സിദ്ധിഖ് പറയുന്നു. ജോലി കഴിഞ്ഞെത്തിയാൽ ഏറെ ഉത്തരവാദിത്വ ബോധവും സമയവും സാമ്പത്തികവും ചെലവഴിക്കേണ്ട ഒന്നാണിത്. അതുകൊണ്ടുതന്നെ ഇവരുടെ അവധിദിനങ്ങൾ ഒരുമിച്ച് എടുക്കാറില്ല. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരു വിവാഹ ചടങ്ങിന് പോയ 10 ദിവസമാണ് ഒരുമിച്ചെടുത്ത ദൈർഘ്യമുള്ള അവധിക്കാലം. ഈ സമയത്ത്, മൃഗങ്ങളെയും സസ്യങ്ങളെയും പരിപാലിച്ചത് ഒരു കുടുംബ സുഹൃത്തായിരുന്നു. താല്പര്യവും വിശ്വാസവും ഉള്ളവരെ മാത്രമേ ഇവയെ പരിചരിക്കാൻ ഏൽപ്പിക്കാറുള്ളൂ.
താമസയിടത്ത് സസ്യങ്ങൾ വളർത്താൻ ശ്രമിക്കുന്ന പ്രവാസികൾ പൊതുവെ കുറവാണ്. സ്ഥലപരിമിതിയാണ് പലരും കാരണം പറയാറ്. എന്നാൽ കൃഷി ചെയ്യാൻ സ്ഥലം കുറവാണെന്നതൊന്നും സിദ്ധീഖിന്റെ നിശ്ചയദാർഢ്യത്തെ പിന്നോട്ടു വലിച്ചില്ല. മൂന്ന് വർഷം മുമ്പ് വരെ, ചെറിയൊരു ബാൽക്കണിയുള്ള അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. അപ്പോഴും പറ്റാവുന്ന തരത്തിലൊക്കെ ചെടികളോടും പൂക്കളോടും സൗഹൃദം സൂക്ഷിച്ചു. പൂന്തോട്ട പരിപാലനത്തിൽ അഭിനിവേശമുണ്ടെങ്കിൽ സ്ഥലപരിമിതിയൊന്നും തടസമല്ലെന്ന് സിദ്ധീഖ് തെളിയിച്ചു. അടുത്ത ശീതകാലത്തിന് വിത്ത് പാകാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. സെപ്റ്റംബർ അവസാനത്തോടെ വിത്ത് വിതയ്ക്കും. നവംബർ, ഡിസംബർ മാസങ്ങളാവുന്നതോടെ ഏറെ പുതുമകളോടെ പൂന്തോട്ടം പൂത്തുനിൽക്കും. അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.