ഇവിടെയുണ്ട്, പൂക്കളുടെ കഥപറയുന്ന പാലം...
text_fieldsആറാട്ടുപുഴ: പാലത്തിൽ വസന്തം വിരിയിച്ച് വേറിട്ട കൃഷികളുടെ പരീക്ഷണം തുടരുകയാണ് ഉദയകുമാർ. മത്സ്യകൃഷിയുടെ അവശ്യത്തിന് തോട്ടിൽ നിർമിച്ച പാലത്തിലാണ് വിവിധ വർണങ്ങളിലുള്ള പൂക്കൾ നിറഞ്ഞത്. കാഴ്ചക്കാരെ ആകർഷിക്കുന്ന പൂന്തോട്ടമായി ഇത് മാറി. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള നൂറുകണക്കിന് ബന്തിപ്പൂക്കളാണ് കണ്ണിന് കുളിർമ പകരുന്നത്.കാർത്തികപ്പള്ളി പഞ്ചായത്തിലെ പ്രധാന പച്ചക്കറി കർഷകനായ പുളിക്കീഴ് പുത്തൻ വീട്ടിൽ കെ. ഉദയകുമാറിെൻറ (52) വേറിട്ട കൃഷിരീതികൾ ഭൂമിയില്ലെന്ന കാരണം പറഞ്ഞ് കൃഷിയെ ഒഴിവാക്കുന്നവർക്ക് പ്രചോദനമാണ്. വെള്ളക്കെട്ടിൽ സർക്കാർ സഹായത്തോടെ കൂടുമത്സ്യ കൃഷി ആരംഭിക്കുകയും മത്സ്യത്തിന് തീറ്റ കൊടുക്കുന്നതിന് ഒരാൾക്ക് നടന്നുപോകാവുന്ന വീതിയിൽ 40 മീറ്റർ നീളത്തിൽ തോട്ടിലേക്ക് പാലം നിർമിക്കുകയും ചെയ്തു. ഈ പാലമാണ് കൃഷിയുടെ പരീക്ഷണകേന്ദ്രമാക്കി മാറ്റുന്നത്. 150 ഗ്രോ ബാഗിലായാണ് പുഷ്പകൃഷി. 10 രൂപ നിരക്കിൽ ബംഗളൂരുവിൽനിന്നാണ് ബന്തിയുടെ തൈകൾ കൃഷിക്ക് എത്തിച്ചത്. ഒന്നര മാസത്തിനുശേഷം ഇതിൽനിന്ന് വിളവെടുപ്പ് തുടങ്ങി. നാലഞ്ചു ദിവസം കൂടുമ്പോൾ 10 കിലോ പൂക്കൾ ലഭിക്കും. വരും ദിവസങ്ങളിൽ ഇത് കൂടുമെന്നും ഉദയൻ പറഞ്ഞു. മൂന്നുമാസമാണ് ഇതിെൻറ ആയുസ്സ്. ചെടികളിലെല്ലാം വലുപ്പമുള്ള ബന്തിപ്പൂക്കൾ നിറഞ്ഞുനിൽക്കുകയാണ്. പ്രതീക്ഷിച്ചതിലും അപ്പുറം പൂകൃഷി പരീക്ഷണം വിജയിച്ചതിെൻറ സന്തോഷത്തിലാണ് ഉദയകുമാർ.
പച്ചക്കറികൾ കൂടാതെ പൂക്കളും ഇക്കുറി ഉദയകുമാറിെൻറ തോട്ടത്തിൽനിന്ന് ഓണവിപണികളിൽ എത്തും. പാലത്തിലെ മൂന്നാമത്തെ പരീക്ഷണമാണിത്. ചീര വിളയിച്ചാണ് പാലത്തിൽ കൃഷിക്ക് തുടക്കമിട്ടത്. കഴിഞ്ഞവർഷം പാലം പച്ചക്കറിത്തോട്ടമായിരുന്നു. ഒരുവശത്ത് സലാഡ് കുക്കുമ്പറും മറുവശത്ത് പയറുമാണ് ഗ്രോ ബാഗിൽ കൃഷി ചെയ്തത്. പാലത്തിൽ പൈപ്പ് നാട്ടി അതിൽ കുത്തനെ പന്തലൊരുക്കിയാണ് ചെടികൾ പടർത്തിയത്.
മേൽക്കൂരയിലെ വെള്ളം ഒഴുകി പോകാൻ ഉപയോഗിക്കുന്ന ആറിഞ്ചിെൻറ പി.വി.സി പാത്തിയിൽ മണ്ണും വളവും നിറച്ചാണ് ചീരകൃഷി നടത്തിയത്. 450 കിലോ കുക്കുമ്പറും 250 കിലോ പയറുമാണ് കഴിഞ്ഞവർഷം പാലത്തിൽനിന്ന് ഉദയകുമാർ വിളവെടുത്തത്. വെള്ളത്തിൽ പച്ചക്കറി വിളയിച്ചാണ് ഉദയകുമാർ കൃഷിയിൽ ശ്രദ്ധേയനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.