വട്ടവട പച്ചക്കറി കൃഷിയിൽ നടന്നത് വൻ ക്രമക്കേടെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : ഇടുക്കിയിലെ വട്ടവടയിൽ ശീതകാല പച്ചക്കറി കൃഷി എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയിൽ വൻ ക്രമക്കേടെന്ന് സ്പെഷ്യൽ വിജിലൻസ് സെൽ റിപ്പോർട്ട്. വട്ടവട ഗ്രാമപഞ്ചായത്ത് പ്രദേശത്തെ 1729 ഏക്കർ സ്ഥലത്തെ ഹൈബ്രിഡ് പച്ചക്കറി കൃഷി ചെയ്യുന്നതിന് 1.4 കോടി രൂപ 2021 ഫെബ്രുവരി 22ന് അനുവദിച്ചു. കർഷകരുടെ പരാതി ലഭിച്ചതിനെ തുടർന്ന് കൃഷി ഓഫീസിലെ ഫയലുകൾ പരിശോധിച്ചപ്പോഴാണ് വൻ ക്രമക്കോട് നടന്നുവെന്ന കണ്ടെത്തിയത്.
പദ്ധതി നടപ്പാക്കുന്നതിന് മാഹികോ എന്ന കമ്പനിയുടെ കേരളത്തിലെ വിതരണ ഏജൻസിയായ മലപ്പുറം എസ്.കെ അഗ്രി ഏജൻസീസ് എന്ന സ്ഥാപനം വഴി ഹൈബ്രിഡ് വിത്ത് വാങ്ങി കർഷകർക്ക് വിതരണം നടത്തുന്നതിന് തീരുമാനിച്ചു. 1.40 കോടി രൂപയുടെ ക്ലൈയിം കലക്ടറുടെ അനുമതിയില്ലാതെ പാസാക്കുന്നതിന് 10 ലക്ഷം രൂപയിൽ താഴെയുള്ള 16 ക്ലൈമുകളാക്കി തയാറാക്കി. ബാങ്ക് അക്കൗണ്ടിലെത്തിയ തുക പൂർണമായും വിത്ത് വിതരണ ഏജൻസിക്ക് നൽകുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്.
എല്ലാ കർഷകരും മാഹികോ കമ്പനിയുടെ വിത്തു വാങ്ങുന്നതിന് തയാറല്ലായിരുന്നു. ഏകദേശം 400 പേർ മാത്രമേ മാഹികോ കമ്പനിയുടെ വിത്തു വാങ്ങിയത്. മാഹികോ എന്ന കമ്പനിയിൽ നിന്നാണ് വിത്ത് ഇറക്കിയതെങ്കിലും വിത്തിന്റെ വില കർഷകർ നേരിട്ട് കമ്പനിക്ക് നൽകേണ്ടതിനാൽ വിത്ത് കൃഷിഭവൻ സ്റ്റോക്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. സാധാരണ രീതിയിൽ കർഷകർ നേരിട്ട് വിത്ത് വാങ്ങുകയും മറ്റു കൃഷി ചെലവുകൾ ഉൾപ്പെടെ ( നിലമൊരിക്കൽ മറ്റ് കാർഷിക ഉപാധി ചെലവുകൾ) ബില്ലുകൾ വൗച്ചറുകൾ സഹിതമുള്ള അപേക്ഷ കൃഷിഭവനിൽ സമർപ്പിക്കുകയും അത് പരിശോധന നടത്തിയാണ് സാമ്പത്തിക ആനുകൂല്യ അനുവദിക്കുന്നത്.
എന്നാൽ ഇതിന് വിപരീതമായി കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ച തുക വിത്തു വിതരണ ഏജൻസിക്ക് മാറ്റി നൽകുകയാണ് ചെയ്തത്. കർഷകരിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങിയാണ് വിത്ത് വിതരണം നടത്തുന്ന കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി നൽകിയതെന്നും പരിശോധനയിൽ വ്യക്തമായി. കൃഷി നടന്നതായി കൃഷി അസിസ്റ്റൻറ് അന്വേഷണ റിപ്പോർട്ടും കൃഷി ഓഫീസറുടെ അനുമതിയും അപേക്ഷകളിൽ വ്യാജമായി രേഖപ്പെടുത്തിയാണ് വിത്ത് വിതരണത്തിനാണ് നടപടി സ്വീകരിച്ചത്.
ഇടുക്കി ജില്ലയിൽ വിത്ത് വിതരണം നടത്തുന്നതിന് ലൈസൻസ് ഇല്ലാത്ത മലപ്പുറത്തെ എസ്.കെ അഗ്രി ഏജൻസീസ് എന്ന സ്ഥാപനം വഴി വിത്തിറക്കുകയും വിത്തിന്റെ വില ഗുണം പരിശോധിക്കാതെ ഈ സ്ഥാപനത്തിന്റെ വിത്ത് കൃഷിഭവൻ കെട്ടിടത്തിനുള്ളിൽ സ്റ്റോക്ക് ചെയ്യുന്നതിന് കൃഷിഓഫിസർ സൗകര്യവും ഒരുക്കി. ഇതിന് ഉത്തരവാദികൾ കൃഷി ഓഫീസർ ആർ. ബീനയും അസി. കൃഷി ഓഫീസർ ആർ. മേരി ശോഭയുമാണെന്ന് പരിശോധനയിൽ കണ്ടെത്തി.
സാമ്പത്തിക വിതരണം നടന്നിട്ടുള്ളത് 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മലയാളവിലാണ്. 2021 മാർച്ച് 31ന് മുമ്പ് പദ്ധതി നടപ്പാക്കണമെന്ന മിഷൻ ഡയറക്ടറുടെ നിർദേശം പാലിക്കാൻ കഴിഞ്ഞില്ല. നടീൽ വസ്തുക്കൾ വാങ്ങിയ ബില്ലുകൾക്കും മറ്റ് ചെലവ് വകുപ്പുകൾക്കും ഒപ്പം കർഷകർ ഹാജരാക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ കൃഷി അസിസ്റ്റൻറ് - ഓഫീസർ എന്നിവരുടെ ഫീൽഡ് തല പരിശോധനയുടെ അടിസ്ഥാനത്തിലാണ് അനുവദനീയമായ സബ്സിഡി തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതിന് ശുപാർശ ചെയ്യുന്നത്. എന്നാൽ വട്ടവട മേഖലയിൽ ഫെബ്രുവരി പകുതി മുതൽ ഏപ്രിൽ വരെ കൃഷി ചെയ്യാതെ നിലമൊരുക്കുന്ന സമയമാണ്.
കർഷകർ നേരിട്ട് ഉൽപാദനോപകരണങ്ങൾ വാങ്ങി കൃഷിചെയ്ത് അർഹമായ സബ്സിഡി തുക അവരവരുടെ ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങിവരുന്ന ഇക്കാലത്ത് ഇടുക്കി ജില്ലയിൽ വിത്ത് വിതരണത്തിന് ലൈസൻസ് ഇല്ലാത്ത സ്ഥാപനം വഴി വിത്ത് ഇറക്കി നൽകുന്നതിനുള്ള തീരുമാനം ദുരൂഹമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.